ഇരിങ്ങാലക്കുട : കുറഞ്ഞ വിലക്കുള്ള ടെണ്ടര്‍ ഒഴിവാക്കി ഒന്നിന്റെ വിലയുടെ മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയവരില്‍ നിന്നും പിഴ ഈടാക്കുകയും, അഴിമതി പണം മുഴുവന്‍ തിരിച്ചു പിടിക്കുകയും, ഇവരെയെല്ലാം സംസ്ഥാന സര്‍വ്വീസില്‍ നിന്നും പുറത്താക്കുകയും, അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് പിപിഇ കിറ്റ് അഴിമതി ആദ്യം പുറത്തുവിട്ട റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോവിഡ് വാക്‌സിന്‍ എടുത്ത ജനങ്ങളിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കുവാനോ അവയ്ക്ക് പരിഹാരം കാണുവാനോ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നത് അവര്‍ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത ഇല്ലായ്മയാണ് കാണിക്കുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
കോവിഡ് വാക്‌സിന്‍ എടുത്തതിനു ശേഷം മരണപ്പെട്ടവരുടെ കണക്കും അവരുടെ പ്രായവും പരിശോധിക്കുകയും അതില്‍ 30 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ളവരുടെ കണക്കും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആര്‍ എച്ച് ഐ എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് യൂണിഫോം അനുവദിക്കുകയും നേരിട്ട് ആരോഗ്യകേന്ദ്രം രസീത് വഴി പിഴ ഈടാക്കുകയും ചെയ്താല്‍ ആ പണം കൊണ്ട് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ മരുന്നുകൾ ഉള്‍പ്പെടെ മറ്റ് അത്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ടി എസ് പവിത്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റാബിയ സലിം ആലപ്പുഴ, പ്രഭാകരന്‍ വയനാട്, സോജന്‍ താമരശേരി, കൃഷ്ണനുണ്ണി പൊയ്യാറ, രാമകൃഷ്ണന്‍ മുല്ലനേഴി, പവിത്ര മോഹന്‍ കണ്ണൂര്‍, നിര്‍മ്മല ഹരി ഇരിങ്ങാലക്കുട, ജമാലുദ്ദീന്‍ കൊല്ലം, കട്ടാക്കട വേലപ്പന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ ബി പ്രേമരാജന്‍ സ്വാഗതവും ആന്‍സി തോമാസ് കൂത്താട്ടുകുളം നന്ദിയും പറഞ്ഞു.
Leave a Reply