ഇരിങ്ങാലക്കുട : ഠാണാ- ചന്തക്കുന്ന് വികസന പ്രവൃത്തികളുടെ ഭാഗമായി നടക്കുന്ന റോഡ് നിർമ്മാണം പിണ്ടിപ്പെരുന്നാളിന്റെ ശോഭ കുറയ്ക്കുമോ എന്ന ആശങ്കയിലായിരുന്നു ചിലരെങ്കിലും. പള്ളിക്ക് നേരെ മുൻപിലായി നടന്നുവന്നിരുന്ന കാന നിർമ്മാണവും പൂതംകുളം മുതൽ ഠാണാ ജംഗ്ഷൻ വരെ നടക്കുന്ന റോഡ് നിർമ്മാണവും ആയിരുന്നു ഈ ആശങ്കകൾക്ക് പ്രധാന കാരണം.
എന്നാൽ റോഡ് നിർമ്മാണം ആരംഭിക്കുമ്പോൾ തന്നെ കത്ത്രീഡൽ അധികൃതർക്ക് മന്ത്രി ഡോ. ആർ. ബിന്ദു ഉറപ്പുനൽകിയിരുന്നു പെരുന്നാളിന്റെ നടത്തിപ്പിന് യാതൊരുവിധ തടസവും ഉണ്ടായിരിക്കുകയില്ലെന്ന്.
പിണ്ടി പെരുന്നാളിന്റെ ഭാഗമായ അമ്പ് പ്രദക്ഷിണങ്ങൾ ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് ആ വാക്ക് പൂർണ്ണമായും പാലിക്കപ്പെട്ടിരിക്കുകയാണ്.
ഇന്നലെത്തന്നെ പള്ളിയുടെ മുൻപിലെ കാനയുടെ നിർമ്മാണം പൂർത്തിയാക്കി സ്ലാബുകൾ ഇട്ട് മണ്ണിട്ട് മൂടി സഞ്ചാരയോഗ്യമാക്കി.
പൂതംകുളം മുതൽ ഠാണാ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഒരുവശം താൽക്കാലികമായി സഞ്ചാരയോഗ്യമാക്കി.
ഇതോടെ കാട്ടുങ്ങച്ചിറ ഭാഗത്തുനിന്നും വരുന്ന അമ്പ് പ്രദക്ഷിണം ഠാണാ വഴി തടസ്സങ്ങളൊന്നും ഇല്ലാതെ പള്ളിയിലേക്ക് പ്രവേശിക്കാൻ സാധിക്കും.
ചന്തക്കുന്ന് മുതൽ കോമ്പാറ വരെയുള്ള കോൺക്രീറ്റ് റോഡ് നിർമ്മാണം പൂർത്തിയായ ഭാഗം താൽക്കാലികമായി ഗതാഗതത്തിനായി തുറന്ന് കൊടുത്തതിനാൽ ഇതുവഴി വരുന്ന അമ്പ് പ്രദക്ഷിണങ്ങളും തടസ്സമില്ലാതെ പള്ളിയിലേക്ക് പ്രവേശിക്കും.
സമീപ പ്രദേശങ്ങളിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആരാധനാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളുമായി ബന്ധപ്പെട്ട് ഉണ്ടായ തരത്തിലുള്ള യാതൊരുവിധ തടസ്സവും ഇല്ലാതെയാണ് ഇരിങ്ങാലക്കുട പിണ്ടി പെരുന്നാൾ നടക്കുന്നതെന്ന് ഏറെ ശ്രദ്ധേയമാവുകയാണ്.












Leave a Reply