തൃശൂർ : തടവുകാരുടെ പഠനത്തിൽ ഉജ്ജ്വലമായ മുന്നേറ്റം നടത്തുകയാണ് വിയ്യൂർ സെൻട്രൽ ജയിൽ.
785 തടവുകാരുള്ള വിയ്യൂർ ജയിലിലെ 10% പേർ വിവിധ പാഠ്യപദ്ധതിയിൽ രജിസ്റ്റർ ചെയ്തവരാണ്.
ഉന്നത പഠനത്തിൻ്റെ ഭാഗമായി ജയിലിൽ സംഘടിപ്പിച്ച ഓറിയൻ്റേഷൻ ക്ലാസ്സിൽ ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റി കൊച്ചി റീജിയൻ ഡെപ്യൂട്ടി ഡയക്ടർ ഡോ. പ്രസീദ ഉണ്ണികൃഷ്ണൻ
വിവിധ കോഴ്സുകളുടെ വിവരങ്ങളും സാധ്യതകളും വിവരിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തടവുകാർക്ക് പുറമേ വിദേശികളായവരും (65 പേർ) ഓറിയൻ്റേഷൻ ക്ലാസ്സിൽ പങ്കെടുത്ത് സംശയങ്ങൾ തീർത്തു.
യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കുന്ന തടവുകാർക്ക് പാഠ്യപുസ്തകങ്ങളും പരീക്ഷ ഫീസും പൂർണ്ണമായും സൗജന്യമാണ്.
വിയ്യൂർ ജയിലിൽ തന്നെ പരീക്ഷാ സെൻ്ററും ഉണ്ട്.
നിലവിൽ ചുരുക്കം ചിലർ മാത്രമേ ഈ അവസരം പ്രയോജനപ്പെടുത്തുന്നുള്ളൂ.
തടവുകാലത്തിനു ശേഷം ഒരു കോഴ്സ് പാസ്സായി യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുമായി പുറത്തുവരുന്നത് ചെറിയ കാര്യമല്ല എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂപ്രണ്ട് അനിൽ കുമാർ ഓർമ്മിപ്പിച്ചു.
ഗൗരവമായി പഠനത്തെ കണ്ട് കോഴ്സ് പൂർത്തികരിക്കുന്നവർക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന കാര്യം വകുപ്പ് അധ്യക്ഷന്റെ ശ്രദ്ധയിൽ പെടുത്താമെന്നും സുപ്രണ്ട് കൂട്ടിച്ചേർത്തു.
ശിക്ഷാ കാലയളവിൽ തന്നെ കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും തുടർന്നും പഠിക്കാനും പരീക്ഷയെഴുതാനും സർട്ടിഫിക്കറ്റ് നേടാനും സാധിക്കുമെന്നും ഡെപ്യൂട്ടി ഡയക്ടർ അറിയിച്ചു.
വെൽഫയർ ഓഫീസർ സാജി സൈമൻ, ജയിൽ ടീച്ചർ സനൂപ്, ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റി പ്രതിനിധികളായ മുഹമ്മദ് അൻസാർ, സുജിനി ബാബു, രേഷ്മ സുരേഷ്
എന്നിവർ പ്രസംഗിച്ചു.
36 പേർ വിവിധ കോഴ്സുകൾക്കായി രജിസ്ട്രേഷൻ നടത്തി.
ആധാർ വിവരങ്ങൾ നിർബന്ധമാണെന്നത് വിദേശികളടക്കമുള്ള തൽപരരായ തടവുകാരെ നിരാശപ്പെടുത്തി. ഇതിന് പരിഹാരം കാണാൻ ശ്രമിക്കാമെന്ന് യൂണിവേഴ്സിറ്റി പ്രതിനിധികൾ അറിയിച്ചു.
Leave a Reply