പച്ചക്കുട പദ്ധതി : ഇരിങ്ങാലക്കുട മണ്ഡലത്തിൽ 6 കോടി രൂപയുടെ കോൾ വികസന പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടെ ഭാഗമായി വെള്ളാനി പുളിയംപാടം സമഗ്ര കോൾ വികസന പദ്ധതി, പടിയൂർ – പൂമംഗലം സമഗ്ര കോൾ വികസന പദ്ധതി എന്നിവയുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

രണ്ട് പദ്ധതികൾക്കുമായി 3 കോടി രൂപ വീതം ആകെ 6 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്.

കാർഷിക മേഖലയുടെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി വെള്ളാനി പുളിയംപാടം പാടശേഖരത്തിൽ 1.5 കി.മീ. ബണ്ട് റോഡ്,1.6 കി.മീ. കോൺക്രീറ്റ് റോഡ്, 5 റാമ്പ്, 1 വി.സി.ബി., 9 കിടകൾ , 1 ട്രാൻസ്‌ഫോർമർ, 30 എച്ച്.പി. സബ്മേഴ്‌സിബിൾ പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കുന്നതിനായി 3 കോടി രൂപയും, പടിയൂർ – പൂമംഗലം പടശേഖരത്തിൽ 1.3 കി.മീ. ബണ്ട് റോഡ്, 2 സ്ലൂയിസ്, മനക്കൽ കോൾ പാടത്ത് 50 എച്ച്.പി. പമ്പ് സെറ്റ്, എടക്കുളം പടിഞ്ഞാറേ പാടശേഖരത്തിൽ 20 എച്ച്.പി. പമ്പ് സെറ്റ്, പതിനൊന്നാം ചാൽ മേഖലയിൽ 5 എച്ച്.പി. മോണോ ബ്ലോക്ക് പമ്പ് സെറ്റ്, ഷണ്മുഖം കനാലിൽ വി.സി.ബി. കം സ്ലൂയിസ്, ട്രാൻസ്‌ഫോർമർ എന്നിവക്കായി 3 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

പദ്ധതിയുടെ വിജയത്തിനായി മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയായി കർഷകരും വകുപ്പ് തല ഉദ്യോഗസ്ഥരും അടങ്ങുന്ന മോണിറ്ററിങ് കമ്മറ്റിയും രൂപീകരിച്ചു.

കാറളം ഇ.കെ. നായനാർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരണം നടത്തി.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.എസ്. രമേശ്‌, കാറളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ മാലാന്ത്ര, വെള്ളാനി പുളിയംപാടം പാടശേഖര സമിതി പ്രസിഡന്റ് കെ.കെ. ബൈജു, പടിയൂർ – പൂമംഗലം കോൾ കർഷക സംഘം പ്രസിഡന്റ് കെ.വി. ജിനരാജദാസൻ, കാറളം അഗ്രികൾച്ചർ ഓഫീസർ അനഘ, ജനപ്രതിനിധികൾ, വിവിധ പാടശേഖരം സമിതി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *