നെൽകർഷകരോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ പ്രതിഷേധ സമരം തുടരും : അഡ്വ. തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : നെൽകർഷകരോടുള്ള സംസ്ഥാന സർക്കാരിന്റെ മനോഭാവത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അവഗണന തുടരുകയാണെന്നും കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി.

കേരള കോൺഗ്രസ്‌ മുരിയാട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭരിച്ച നെല്ലിന്റെ പണം നാളുകൾ പിന്നിട്ടിട്ടും കർഷകർക്ക് കൊടുത്തു തീർക്കാൻ സർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല. കർഷകർ ഉയർത്തിയ പ്രശ്നങ്ങൾ പരിഹാരമില്ലാതെ നീളുകയാണ്. ഈ പ്രശ്നത്തിൽ കേരള കോൺഗ്രസ്‌ നടത്തി വരുന്ന സമരം തുടരുമെന്നും തോമസ് ഉണ്ണിയാടൻ അറിയിച്ചു.

മണ്ഡലം പ്രസിഡന്റ്‌ എൻ.ഡി. പോൾ നെരേപറമ്പിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജകമണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സതീഷ് കാട്ടൂർ, തോമസ് ഇല്ലിക്കൽ, ഐ.പി. പോൾ, സുരേഷ് ബാബു, സലീഷ് കുഴിക്കാട്ടിപ്പുറത്ത്, കെ.പി. അരവിന്ദാക്ഷൻ, പ്രിൻഫിൻ പോൾ എന്നിവർ പ്രസംഗിച്ചു.

മുതിർന്ന നേതാക്കളായ കെ.കെ. അന്തോണി കിഴക്കൂടൻ, എൻ.കെ. ജോസ്, യോഹന്നാൻ നെരേപ്പറമ്പിൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *