നൃത്തരങ്ങുകളുടെ നിറവിൽ ‘നവ്യം’ പര്യവസാനിച്ചു

ഇരിങ്ങാലക്കുട : പ്രതിഭാധനരായ യുവകലാകാരന്മാർക്കായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്ന പേരിൽ സംഘടിപ്പിച്ച കലാമേള നൃത്തരങ്ങുകളുടെ നിറവിൽ പര്യവസാനിച്ചു.

മൂന്നാം ദിനം രാവിലെ പാഴൂർ ജിതിൻ മാരാരും പെരുമ്പിള്ളി ശ്രീരാഗ് മാരാരും ചേർന്നാലപിച്ച സോപാനസംഗീതം ശുദ്ധമായ കേരളീയ സംഗീത വഴക്കത്തിൻ്റെ നേർസാക്ഷ്യമായിരുന്നു.

ഡോ. ഗീത ശിവകുമാർ പ്രഭാഷണത്തിൽ മോഹിനിയാട്ടത്തിൻ്റെ മാർഗ്ഗം പദ്ധതിയുടെ കെട്ടുറപ്പിൽ നിന്നുകൊണ്ട് സർഗ്ഗാത്മകതയ്ക്ക് ഇടമുണ്ടെന്ന് പ്രതിബാധിച്ചു.

തുടർന്ന് ഭദ്ര രാജീവ് അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ കനക്റിലേയുടെ ശൈലി മുറ്റിനിന്നു.

ഗുരു കലാമണ്ഡലം ചന്ദ്രിക മേനോനുമായി അവന്തിക സ്കൂൾ ഓഫ് ഡാൻസിലെ യുവകലാകാരന്മാർ ‘ദക്ഷിണേന്ത്യൻ നൃത്തകലകളുടെ അരങ്ങും കളരിയും – അന്നും ഇന്നും’ എന്ന വിഷയത്തിൽ നടത്തിയ അഭിമുഖം അനുവാചകരിൽ പഴയ കലാശീലുകളുടെ ഗൃഹാതുരത്വം ഉണർത്തി.

കാലൈമാമണി ഡോ. ശ്രീലത വിനോദിൻ്റെ പ്രഭാഷണത്തിൽ മാർഗ്ഗം പദ്ധതിയിൽ അവതരിപ്പിക്കുന്ന ഭരതനാട്യം കച്ചേരിയിൽ പഴമയുടെ സൗന്ദര്യം എങ്ങനെ ഇപ്പോഴും തുടരുന്നു എന്ന് വ്യക്തമാക്കി. തുടർന്ന് തീർത്ഥ പൊതുവാൾ അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി.
വെമ്പട്ടിചിന്നസത്യത്തിൻ്റെ ശൈലി, കുച്ചിപ്പുടിയുടെ കാലികമായ മാർഗ്ഗം പദ്ധതിയിൽ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്ന വിഷയത്തിൽ ഗീത പത്മകുമാർ പ്രഭാഷണം നടത്തി.

തുടർന്ന് അരങ്ങേറിയ ഡോ. സ്നേഹ ശശികുമാറിൻ്റെ കുച്ചിപ്പുടിയുടെ രംഗാവിഷ്കാരത്തോടെ ഈ വർഷത്തെ ‘നവ്യം’ പര്യവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *