ഇരിങ്ങാലക്കുട : നാദോപാസനയുടെ ആഭിമുഖ്യത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന സോപാന സംഗീതോത്സവം 14, 15 തിയ്യതികളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാളിൽ അരങ്ങേറും.
സോപാനസംഗീത ഉപാസകനായിരുന്ന നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ അനുസ്മരണവും സോപാന സംഗീതോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
അനുസ്മരണ സമ്മേളനം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
എ.എസ്. സതീശൻ അധ്യക്ഷത വഹിക്കും.
ടി. വേണുഗോപാല മേനോൻ മുഖ്യാതിഥിയാകും.
സോപാന സംഗീതജ്ഞൻ ഞെരളത്ത് എൻ.പി. രാമദാസ് അനുസ്മരണ പ്രഭാഷണം നടത്തും.
‘ക്ഷേത്രവാദ്യ സങ്കല്പത്തിലെ ദൈവീകത’ എന്ന വിഷയത്തിൽ തിരുവില്വാമല ഹരി മുഖ്യപ്രഭാഷണം നടത്തും.
രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണി മുതൽ രാത്രി 9 വരെ പ്രശസ്ത കലാകാരന്മാരുടെ സോപാനസംഗീതം, ‘ഇടയ്ക്ക നാദലയ വിന്യാസം’, പയ്യന്നൂർ കൃഷ്ണമണി മാരാർ അവതരിപ്പിക്കുന്ന പ്രത്യേക സോപാന സംഗീതാവതരണം, ഉമ കുമാർ (സ്വിറ്റ്സർലൻഡ്) നയിക്കുന്ന സംഗീത കച്ചേരി, അനുപമ മേനോൻ നയിക്കുന്ന ‘സോപാനലാസ്യം’ മോഹിനിയാട്ടം എന്നിവയും അരങ്ങേറും.
സോപാനസംഗീതത്തിന്റെ ആത്മീയതയും ഭക്തിരസവും ആവിഷ്‌കരിക്കുന്ന ഈ സംഗീതോത്സവം കലാപ്രേമികൾക്ക് അപൂർവാനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.












Leave a Reply