ഇരിങ്ങാലക്കുട : തീരദേശ വിൽപ്പന ലക്ഷ്യമാക്കി കാറിലും സ്കൂട്ടറിലുമായി 200ൽ പരം പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ.
തീരദേശ മേഖലയിലെ സ്കൂൾ, കോളെജ് വിദ്യാർഥികൾക്കും, മത്സ്യതൊഴിലാളികൾക്കും ഇടയിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വിൽപ്പന നടത്തുന്നതിനായി എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പി വെമ്പല്ലൂർ അമ്പലനട ജംഗ്ഷനിൽ വെച്ച് നടത്തിയ കാർ പരിശോധനയിൽ ഒരു കാറിന്റെ സീറ്റിനടിയിൽ സഞ്ചിയിലാക്കിയ നിലയിൽ 130 ഹാൻസ് പാക്കറ്റുകളും വില്പന നടത്തി കിട്ടിയ 18,010 രൂപയും ലഭിച്ചു.
കാറിൽ എത്തിയ കൊടുങ്ങല്ലൂർ ലോകമലേശ്വരം കുഴികണ്ടത്തിൽ വീട്ടിൽ മുഹമ്മദ് മകൻ സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മറ്റൊരു സ്കൂട്ടറിൽ നിരോധിത പുകയുൽപ്പന്നങ്ങളുമായി എത്തിയ കുടിലിങ്ങാബസാർ ചാനടിക്കൽ വീട്ടിൽ സദാനന്ദൻ മകൻ സന്ദീപിനെയും അറസ്റ്റ് പൊലീസ് ചെയ്തു.
ഇയാളുടെ സ്കൂട്ടറിൽ നിന്നും 60 പാക്കറ്റ് ഹാൻസുകൾ കണ്ടെത്തി.
ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐഎസ്എച്ച്ഒ എം കെ ഷാജി, എസ് ഐ രമ്യ കാർത്തികേയൻ, പ്രൊ എസ് ഐ സഹദ്, എ എസ് ഐമാരായ പ്രജീഷ്, ഷൈജു, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുഹമ്മദ് അഷ്‌റഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Leave a Reply