ഇരിങ്ങാലക്കുട : 1942ൽ സ്ഥാപിതമായ കൽപ്പറമ്പ് ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയൽ ഹൈസ്കൂളിന്റെ കളിസ്ഥലം സുരക്ഷിതമായി ഉപയോഗിക്കുന്നതിനായി മൈതാനത്തിന്റെ മധ്യത്തിലൂടെയുള്ള നടപ്പാത അടച്ചു കെട്ടണമെന്നാവശ്യപ്പെട്ട് പൂർവ്വ വിദ്യാർഥികളും നാട്ടുകാരും പഞ്ചായത്ത് ഭരണാധികാരികൾക്ക് കത്ത് നൽകി.
സ്കൂൾ സ്ഥാപിതമായ വർഷം മുതൽ ഉപയോഗിക്കുന്ന മൈതാനത്തിന്റെ മധ്യത്തിലൂടെയാണ് അന്ന് തദ്ദേശവാസികൾക്കുള്ള നടപ്പാതയും ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ തദ്ദേശവാസികൾക്ക് സഞ്ചാരയോഗ്യമായ മറ്റ് നിരവധി വഴികൾ ഉള്ളതിനാൽ ഈ വഴിയെ ആരും ആശ്രയിക്കുന്നില്ല.
ഇപ്പോഴും മൈതാനം തുറന്ന സ്ഥിതിയിലാണ് എന്നതിനാൽ സാമൂഹ്യവിരുദ്ധർ വിദ്യാർഥികളുടെയും നാട്ടുകാരുടെയും ജീവന് ഭീഷണിയാകും വിധം സാഹസിക വാഹന യാത്ര നടത്തുകയും മൈതാനത്തെ അപകടകരമായ രീതിയിൽ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നത് പതിവാകുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഗതികെട്ട കുട്ടികൾ കല്ലും കട്ടയും വെച്ച് ചരട് കെട്ടി വടക്കുഭാഗം വേർതിരിച്ചിരിക്കുകയാണ്.
മാത്രമല്ല, മൈതാനത്തിന്റെ അവസ്ഥയും ശോചനീയമാണ്. ഓരോ പൊതു മത്സരങ്ങളും നടക്കുമ്പോൾ പൂർവ്വ വിദ്യാർഥികളുടെ ശ്രമഫലമായി മൈതാനത്തെ കുണ്ടും കുഴിയും നിരപ്പാക്കുമെങ്കിലും അടുത്ത മഴയോടുകൂടെ ആ മണ്ണെല്ലാം കുത്തിയൊലിച്ച് വീണ്ടും പഴയ അവസ്ഥ തുടരും. ഈയിടെ ഇത്തരം മിനുക്ക് പണികളും നിലച്ചു. ഇതോടെ വഴിയാധാരമായത് വിദ്യാർഥികളും അവരുടെ കളിസ്ഥലവുമാണ്.
അതിനാൽ പഞ്ചായത്ത് അധികൃതർ മുൻകൈ എടുത്ത് പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി വിദ്യാലയത്തിന്റെ കളിസ്ഥലം ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ടിൽ നിന്നോ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നോ വകയിരുത്തി ആധുനിക രീതിയിൽ നവീകരിച്ച് ഭാവി തലമുറയ്ക്ക് ഉപയോഗയോഗ്യമാക്കി ക്രമപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Leave a Reply