ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള നീചമായ പ്രചാരണം അവസാനിപ്പിക്കുക : കൂടൽമാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തൽപ്പര കക്ഷികൾ നീചമായ പ്രചാരണം നടത്തുന്നതായി കൂടൽമാണിക്യം ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി നെടുമ്പിളളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് ആരോപിച്ചു.

കേരള നിയമസഭ പാസാക്കിയ നിയമങ്ങളെയും കേരള സർക്കാരിന്റെ ദേവസ്വം ചട്ടങ്ങളെയും ലംഘിച്ച് കൂടൽമാണിക്യം ക്ഷേത്ര ഭരണസംവിധാനവും കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡും നടത്തിയ ചട്ടവിരുദ്ധ നടപടിയായിരുന്നു ഫെബ്രുവരി 24ന് നടന്ന കഴകം നിയമനമെന്നും ക്ഷേത്രത്തിൽ നിയമാനുസൃതം നിലനിൽക്കുന്ന കാരായ്മ വ്യവസ്ഥയെ ലംഘിച്ചുകൊണ്ടും 5 വർഷമായി കഴകപ്രവർത്തി ചെയ്‌തിരുന്ന ആളെ നോട്ടീസ് കാലാവധി പോലും നൽകാതെ പിരിച്ചുവിട്ടുകൊണ്ടുമുള്ള കൂടൽമാണിക്യം ക്ഷേത്രം ഭരണസമിതിയുടെ കുത്സിത നീക്കത്തെയാണ് ക്ഷേത്രം തന്ത്രിമാരും ഭക്തജനങ്ങളും എതിർത്തതെന്നും ഗോവിന്ദൻ നമ്പൂതിരിപ്പാട് പറഞ്ഞു.

തെറ്റ് തിരുത്തുന്നതിന് പകരം സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിൽ കള്ള പ്രചാരണങ്ങളും കലാപാഹ്വാനവും നടത്തുകയാണ് ചിലരെന്നും ഹിന്ദു ഏകീകരണം എന്നതിനെ ഭയപ്പെടുന്ന ഒരു വിഭാഗം തങ്ങളുടെ അധികാര രാഷ്ട്രീയ നിലനിൽപ്പിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമിക്കപ്പെട്ടയാൾ ഇന്ന ജാതിയിൽപ്പെട്ട ആളായതിനാൽ തന്ത്രിമാർക്ക് എതിർപ്പുണ്ട് എന്ന രീതിയിലാണ് മാധ്യമങ്ങളിലൂടെ ചിലർ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്നതെന്നും ഇത് വസ്‌തുതയല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രം, ശാന്തി തുടങ്ങി എല്ലാ അടിയന്തിരങ്ങളും ചില കുടുംബങ്ങൾ പാരമ്പര്യമായി അനുഷ്‌ഠിച്ചു വരുന്നതാണെന്നും ഇത് ദേവസ്വം ചട്ടങ്ങളിൽ വ്യക്തതതയോടെ പ്രതിപാദിച്ചിട്ടുള്ളതാണെന്നും ഇത് ക്ഷേത്രത്തിൻ്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടതാണെന്നും ഗോവിന്ദൻ നമ്പൂതിരിപ്പാട് വ്യക്തമാക്കി.

ബഹുമാനപ്പെട്ട സുപ്രീംകോടതിയും കേരള ഹൈക്കോടതിയും ഈ അവകാശത്തെ സംരക്ഷിച്ചു കൊണ്ടുള്ള വിധിപ്രസ്ത‌ാവം പലപ്പോഴും നലകിയിട്ടുണ്ടെന്നും നിരവധി ഹൈന്ദവ സമുദായങ്ങൾ ഒത്തുചേരുന്ന ക്ഷേത്രത്തിൽ ജാതീയമായ ഒരു വേർതിരിവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

കാരായ്‌മാ അവകാശം ഇല്ലാതാക്കി രാഷ്ട്രീയ ഇടപെടൽ നടത്തി നിയമനാവകാശം നേടിയെടുക്കാൻ വേണ്ടിയുള്ള അധികാര വടംവലിയാണ് ദൗർഭാഗ്യവശാൽ ഭരണസമിതിയിൽ നടക്കുന്നതെന്ന് തന്ത്രി പ്രതിനിധിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

ഇതിനെതിരെ കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളും ഭക്തജനങ്ങളുമായി ചേർന്ന പ്രാരംഭ കൂടിയാലോചനായോഗത്തിൽ ആരാധനാ സ്വാതന്ത്ര്യവും ആചാരാനുഷ്‌ഠാനങ്ങളുടെ സംരക്ഷണവും മുൻനിർത്തി ആശയപ്രചരണവും നിയമനടപടികളും സ്വീകരിക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *