കോമൺവെൽത്ത് ഗെയിംസിൽ സെന്റ് ജോസഫ്സ് കോളെജിൻ്റെ തിലകക്കുറിയാകാൻ അമൃത പി. സുനി

ഇരിങ്ങാലക്കുട : കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള ഏക താരമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി അമൃത പി. സുനി ഇടംനേടി.

കഴിഞ്ഞ വർഷം ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യൻ യൂത്ത്- ജൂനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമൃത വെങ്കലമെഡൽ നേടിയിരുന്നു. ഈ മത്സരത്തില്‍ കേരളത്തിൽ നിന്ന് അന്തർദേശീയ തലത്തിൽ മെഡൽ നേട്ടം കൈവരിച്ച ഏക വനിതാ താരമാണ് അമൃത.

ഇതിനോടൊപ്പം ആറ് ദേശീയ മത്സരങ്ങളിൽ സ്വർണം നേടിയാണ് അമൃത കോമൺ വെൽത്ത് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയത്.

തൃശൂർ സ്വദേശികളായ പള്ളിമാക്കൽ സുനി, രജിത ദമ്പതികളുടെ മകളാണ് അമൃത.

അച്ഛൻ്റെ ശിക്ഷണത്തിലൂടെ വളർന്ന അമൃത തൃശൂര്‍ സായ് സെന്‍ററിലാണ് പഠിച്ചത്.

സ്കോളർഷിപ്പോടെ ലഖ്നൗവിലെ നാഷണൽ സെൻ്റർ ഓഫ് എക്സലൻസില്‍ അമൃത പരിശീലനം നേടുകയും അവിടെ നിന്നും പട്യാലയിലെ ഇന്ത്യന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നിരവധി അന്തർദേശീയ താരങ്ങളെ കേരളത്തിന്‌ സംഭാവന ചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളെജിന് അമൃതയുടെ ഈ നേട്ടം മറ്റൊരു ചരിത്രം കൂടിയാണ്.

വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഒളിമ്പിക് മെഡൽ നേടുക എന്നതാണ് അമൃതയുടെ ഏറ്റവും വലിയ ലക്ഷ്യം.

അഹമ്മദബാദിൽ ഈ മാസം 24നാണ് കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കുന്നത്.

മത്സരത്തിൽ അമൃതയുടെ മെഡൽ നേട്ടത്തിനായി സെൻ്റ് ജോസഫ്സ് കോളെജും കുടുംബവും നിറപ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *