കേരളത്തിൽ നിന്നും രണ്ട് അപൂർവ്വയിനം വലച്ചിറകന്മാരെ കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ട് അപൂർവ്വയിനം വലച്ചിറകന്മാരെ കണ്ടെത്തി.

“ഗ്ലീനോനോക്രൈസ സെയിലാനിക്ക” എന്ന ഹരിതവലച്ചിറകനെ കേരളത്തിലെ വയനാട് ജില്ലയിലെ മാനന്തവാടി, തിരുനെല്ലി എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന ഇനമായി കരുതിയിരുന്ന ഈ ഹരിതവലച്ചിറകനെ 111 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നിന്നുമാണ് കണ്ടെത്തിയത്.

“ഇൻഡോഫെയിൻസ് ബാർബാറ’ എന്നറിയപ്പെടുന്ന മറ്റൊരു അപൂർവ്വയിനം കുഴിയാന വലച്ചിറകനെ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട, മനക്കൊടി, പാലക്കാട് ജില്ലയിലെ ചിറ്റൂർ, പുതുനഗരം, കുലുക്കിലിയാട്, കോഴിക്കോട് ജില്ലയിലെ ദേവഗിരി, ചാലിയം, കണ്ണൂരിലെ കൂത്തുപറമ്പ്, മലപ്പുറത്തെ അരൂർ, തിരുവനന്തപുരത്തെ പൊന്മുടി എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്.

സാധാരണ കണ്ടുവരുന്ന തുമ്പികളുമായി കുഴിയാന വലച്ചിറകനെ തെറ്റിദ്ധരിക്കാറുണ്ട്. മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്പർശനി ഉള്ളതാണ് സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്നും ഇവ വ്യത്യസ്തപ്പെടാനുള്ള പ്രധാന കാരണം.

ഈ ജീവികളുടെ സാന്നിധ്യവും, ഇതിൻ്റെ പൂർണ വിവരണവും അന്താരാഷ്ട്ര ശാസ്ത്ര മാസികകളായ ”ജേണൽ ഓഫ് എൻ്റമോളജിക്കൽ റിസർച്ച് സൊസൈറ്റി”, ”നാച്ചുറ സോമോഗിയൻസിസ്” എന്നിവയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വളരെ സുപ്രധാനപ്പെട്ട ഈ കണ്ടെത്തലിലൂടെ കേരളത്തിലെയും ശ്രീലങ്കയിലെയും ജൈവ വൈവിധ്യ സവിശേഷതകൾക്ക് സാമ്യത ഉണ്ടെന്ന് സൂചനകൾ ലഭിക്കുന്നുണ്ട്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബ് ഗവേഷകൻ ടി ബി സൂര്യനാരായണൻ, എസ് ഇ ആർ എൽ മേധാവി ഡോ സി ബിജോയ് എന്നിവരാണ് ഇവയെ കണ്ടെത്തിയത്.

കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്‌തിട്ടുള്ള പന്ത്രണ്ടാമത്തെ ഇനം ഹരിതവരച്ചിറകനും എട്ടാമത്തെ ഇനം കുഴിയാന വരച്ചിറകനും ആണ് ഈ ജീവികൾ.

കൗൺസിൽ ഫോർ സയൻ്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാൻ്റ് ഉപയോഗിച്ചാണ് പഠനം നടത്തിയത്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രം (എസ് ഇ ആർ എൽ) ഇത്തരം ജീവികളുടെ ഗവേഷണത്തിനായി പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *