കേരളത്തിലെ പെയിൻ്റ് വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ : ആശങ്ക രേഖപ്പെടുത്തി ആൾ കേരള പെയിൻ്റ് ഡീലേഴ്‌സ് സംസ്ഥാന കമ്മിറ്റി

ഇരിങ്ങാലക്കുട : വ്യാപാരരംഗത്തെ മാന്ദ്യം ഏറ്റവുമധികം ബാധിച്ച പെയിൻ്റ് വിപണന മേഖലയിൽ വ്യാപാരം അവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലാണെന്ന് ആൾ കേരള പെയിൻ്റ് ഡീലേഴ്‌സ് സംസ്ഥാന കമ്മിറ്റി യോഗം.

റോഡ് വികസനത്തിൻ്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ മാസങ്ങളോളം അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ വ്യാപാരികൾക്കുണ്ടായ കനത്ത നഷ്ടം സർക്കാർ ഇടപെട്ടുകൊണ്ട് പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അടുത്ത കാലത്ത് കേരളത്തിൽ പല ജില്ലകളിലും പെയിൻ്റ് വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം മൂലം വൻ നാശനഷ്ടം സംഭവിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘടന മുൻകൈ എടുത്ത് എല്ലാ പെയിൻ്റ് വ്യാപാരികൾക്കും വ്യാപാര ഇൻഷുറൻസ് നൽകുന്നതിന് തീരുമാനിക്കുകയും യുണൈറ്റഡ് ഇന്ത്യ ഇഷുറൻസ് കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ 1 ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കുകയും ചെയ്തു‌.

പെയിൻ്റ് വ്യാപാരികളെയും കുടുംബത്തെയും പരിപൂർണ്ണ തോതിൽ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ.ഐ. നജാഹ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ് സ്വാഗതം പറഞ്ഞു.

സംസ്ഥാന ട്രഷറർ ജോജി പീറ്റർ സംഘടനാ റിപ്പോർട്ടും വരവു ചിലവ് കണക്കും അവതരിപ്പിച്ചു.

മികച്ച സംഘടനാ പ്രവർത്തകരായി തെരഞ്ഞെടുത്ത സംസ്ഥാന വൈസ് പ്രസിഡൻ്റ് ബെന്നിച്ചൻ കുട്ടൻചിറയിലിനെയും സംസ്ഥാന സെക്രട്ടറി ഹമീദ് കോട്ടയിലിനെയും യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സ്‌മിത്ത് പാലപ്പുറം ആദരിച്ചു.

സംഘടനയുടെ സുവനീർ സംസ്ഥാന പ്രസിഡൻ്റ് പ്രകാശനം ചെയ്തു‌.

ഏറ്റവും മനോഹരമായ രീതിയിൽ സംഘടനയ്ക്ക് വേണ്ടി സുവനീർ തയ്യാറാക്കിയ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപിനെ യോഗം ആദരിച്ചു.

യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ ബിനോയ് ചെമ്പകശ്ശേരി, അബ്ദുൽ സലാം, ഈരേത്ത് ഇഖ്ബാൽ, ജിതേഷ്, ജോൺസൻ, അമൽ, മധുസൂദനൻ, എബി പൊന്നാട്ട്, ബിനു തോമസ്, ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *