കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് വീണ്ടും അന്താരാഷ്ട്ര സിനിമാ വേദിയിൽ അംഗീകാരം

ഇരിങ്ങാലക്കുട : ലോകം മുഴുവനുമുള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അസോസിയേഷൻ ആയ “സിലക്ടി”ൻ്റെ ഇൻ്റർനാഷണൽ ഫിലിം അവാർഡ് “സിലക്ട് പ്രൈസ് 2025” ഏഷ്യാ പസഫിക് റീജിയണിലെ മികച്ച ഡോക്യുമെൻ്ററിയായി കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ശ്രുതിൽ മാത്യു സംവിധാനം ചെയ്ത ‘ദിനോസറിന്റെ മുട്ട’ തിരഞ്ഞെടുക്കപ്പെട്ടു.

സിലക്ട് എന്നത് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ സ്കൂൾസ് എന്നർത്ഥമുള്ള ഫ്രഞ്ച് സംഘടനയാണ്. ഇത് ലോകമെമ്പാടുമുള്ള പ്രമുഖ സിനിമ‑ ടെലിവിഷൻ‑ ഇലക്ട്രോണിക് മീഡിയ വിദ്യാലയങ്ങളെ ബന്ധിപ്പിച്ച് വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ആശയങ്ങൾ പങ്കുവെക്കാനും സഹകരിക്കുന്ന വേദിയാണ്.

ഏഷ്യാ പസഫിക് റീജിയണിലെ (CAPA) 34 ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർഥികളുടെ ചിത്രങ്ങളിൽ നിന്നാണ് ‘ദിനോസറിന്റെ മുട്ട’ മികച്ച ഡോക്യുമെൻ്ററിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ലോകപ്രസിദ്ധമായതും 1954ൽ തുടക്കം കുറിച്ച് ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതുമായ ഇന്റർനാഷണൽ ഹ്രസ്വചിത്ര ഫിലിം ഫെസ്റ്റിവലായ ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലനിൽ വെച്ച് നടന്ന 71-ാമത് ഓബർഹൗസൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഡയറക്ടർ ശ്രുതിൽ മാത്യു, സൗണ്ട് ഡിസൈനർ എം.കെ. മുഹമ്മദ് താമിർ എന്നിവരും, ജി.ഹാവാ ഐ.ഡി.എഫ്.എഫ്. 2024 പ്രാഗ് ചെക്ക് റിപ്പബ്ലിക്ക് വേൾഡ് പ്രീമിയറിൽ സ്പെഷ്യൽ മെൻഷൻ ലഭിച്ച സിനിമാട്ടോഗ്രാഫർ ഭവ്യ ബാബുരാജും പങ്കെടുത്തു.

ശ്രുതിൽ മാത്യുവിന്റെ ഈ ഡോക്യുമെന്ററി മുൻപ് പല ദേശീയ – അന്തർദേശീയ വേദികളിലും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *