കൂടൽമാണിക്യം ദേവസ്വം ഭരണസമിതി തന്ത്രിമാരെ നിലയ്ക്ക് നിർത്തണം : അഖിലേന്ത്യ ദളിത് അവകാശ സമിതി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാർ കാലത്തെ പുറകോട്ടു നയിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിയണമെന്നും അല്ലാത്തപക്ഷം ക്ഷേത്രം ഭരണസമിതി അവരെ നിലയ്ക്ക് നിർത്തണമെന്നും അഖിലേന്ത്യ ദളിത് അവകാശ സമിതി (AIDRM) തൃശ്ശൂർ ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിതനായ ഈഴവ സമുദായാംഗമായ ബാലു എന്ന യുവാവിനെ ലഭിച്ച ജോലിയിൽ തുടരാൻ അനുവദിക്കാതെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ദേവസ്വം ഭരണസമിതി ബാലുവിനെ താൽക്കാലികമായി തസ്തിക മാറ്റി ഓഫീസ് അറ്റന്റായി ജോലി നൽകിയതിന് യോഗം അപലപിച്ചു.

കേരളത്തിലെ കൂടൽമാണിക്യം ഉൾപ്പെടെയുള്ള മറ്റ് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് വിവിധ തസ്തികളിൽ നിയമനം നടത്തുന്നതിന് രൂപീകരിച്ച ഭരണഘടനാ സ്ഥാപനമായ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയിൽ ജയിച്ച് ഇൻ്റർവ്യൂവിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ യുവാവിനെയാണ് ജാതി വിവേചനത്തിന്റെ പേരിൽ ലഭിച്ച ജോലിയിൽ നിന്ന് മാറ്റി നിയമിച്ചത്.

നവോത്ഥാന കേരളം നിരവധി ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ക്ഷേത്രപ്രവേശനം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ നേട്ടങ്ങളെ പുറകോട്ടു നയിക്കാനാണ് തന്ത്രിമാരുടെ ഈ സമരം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ സംഘടനകളെ ചേർത്തുപിടിച്ച് വലിയ പ്രക്ഷോഭത്തിന് അഖിലേന്ത്യ ദളിത് അവകാശ സമിതി തയ്യാറെടുക്കുമെന്നും, സർക്കാർ തന്ത്രിമാരുടെ ഈ പ്രവണതകൾ നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമെന്നും എ.ഐ.ഡി.ആർ.എം. ആശങ്ക അറിയിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, ട്രഷറർ എൻ.കെ. ഉദയപ്രകാശ്, സഹഭാരവാഹികളായ അഡ്വ. ജയന്തി സുരേന്ദ്രൻ, കെ.എ. പ്രദീപ്, പി.എസ്. ജയൻ, ജി.ബി. കിരൺ, ശ്രീജ സത്യൻ, സി.കെ. ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *