കുട്ടികളുടെ വേനൽക്കാല സ്വർഗ്ഗമായി മഷിക്കുളം

ഇരിങ്ങാലക്കുട : 18-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കൃഷിക്കും കുടിവെള്ള ആവശ്യങ്ങൾക്കും വേണ്ടി പൂർവ്വികരുടെ നേതൃത്വത്തിൽ കുഴിക്കാട്ടുശ്ശേരിയിൽ ഏകദേശം ഒരേക്കർ വിസ്തൃതിയിൽ നിർമ്മിക്കപ്പെട്ട മഷിക്കുളം ഇപ്പോൾ കുട്ടികളുടെ വേനൽക്കാല സ്വർഗ്ഗമാണ്.

വർഷകാല വ്യത്യാസങ്ങൾക്കനുസരിച്ച് വെള്ളത്തിന്റെ നിറത്തിൽ ഉണ്ടാകുന്ന മാറ്റമാണ് “മഷിക്കുളം” എന്ന പേരിന് ആധാരമായത്.

കുഴിക്കാട്ടുശ്ശേരി ദേശത്തിന്റെ ചരിത്രവും പാരമ്പര്യവും ചേർന്നു നിൽക്കുന്ന ഒരമൂല്യ പൈതൃകമാണ് മഷിക്കുളം.

കാലക്രമേണ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും കുറഞ്ഞതോടെ മഷിക്കുളം നീന്തൽ പരിശീലന കേന്ദ്രമായും മാറി.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി മുൻ പഞ്ചായത്ത് പ്രസിഡന്റും കായികാധ്യാപകനുമായിരുന്ന പരേതനായ മൂത്തേടത്ത് സുദർശനൻ മാസ്റ്ററുടെ മകൻ ഹരിലാൽ മൂത്തേടത്തിന്റെ നേതൃത്വത്തിൽ ഇവിടെ സൗജന്യ നീന്തൽ പരിശീലനം നടത്തി വരുന്നുണ്ട്.

ജാതി മതഭേദമന്യേ ആൺ പെൺ വ്യത്യാസമില്ലാതെയാണ് ഇവിടുത്തെ നീന്തൽ പരിശീലനം.

ഏകദേശം 20 വർഷമായി നിലയില്ലാത്ത വെള്ളത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ആത്മവിശ്വാസം വളർത്തുന്ന പ്രത്യേക പരിശീലനരീതിയാണ് ഇവിടെ പിന്തുടരുന്നത്.

പരിശീലനത്തിന്റെ ആദ്യ ദിവസങ്ങളിൽ ട്യൂബുകൾ ധരിപ്പിക്കുകയും പിന്നീട് ദിവസങ്ങൾ കടന്നുപോകുമ്പോൾ ട്യൂബിലെ വായു ക്രമേണ കുറച്ച് നീന്തൽ പഠിപ്പിക്കുകയും ചെയ്യുന്നു.

10 വയസ്സിന് മുകളിലുള്ള കുട്ടികളെ നേരിട്ട് വെള്ളത്തിലേക്ക് ചാടിച്ച് ആത്മധൈര്യവും ആത്മവിശ്വാസവും വളർത്തുന്ന രീതിയിലും പരിശീലനം നൽകുന്നു.

രാവിലെ 7 മുതൽ 10 വരെ ആൺകുട്ടികൾക്കും വൈകിട്ട് 4 മുതൽ പെൺകുട്ടികൾക്കും അമ്മമാർക്കും പരിശീലനം ലഭ്യമാണ്.

മഷിക്കുളത്തിന്റെ ഉടമസ്ഥരായ 17 അംഗങ്ങളുടെ പൂർണ്ണ സഹകരണമാണ് ഹരിലാൽ മൂത്തേടത്തിൻ്റെ ഈ നീണ്ട 20 വർഷത്തെ ജലസാക്ഷരതാ പ്രവർത്തനത്തെ വിജയത്തിലേക്ക് നയിച്ചത്.

കൂടാതെ തൃശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ഹരിലാൽ മൂത്തേടത്തിന്റെ നേതൃത്വത്തിലുള്ള ജീവൻ രക്ഷ സ്വിമ്മിങ്ങ് അക്കാദമി ജലസാക്ഷരത പദ്ധതി നടപ്പിലാക്കി വരുന്നു. ജില്ലയിലെ സമ്പൂർണ്ണ ജലസാക്ഷരതയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

സി.ആർ. സോണി, സജീവൻ ആളുപ്പറമ്പിൽ, നവീൻ പോണോളി, ബിജുമോൻ മൂത്തേടത്ത്, ഏരിമ്മൽ ജിനേഷ് എന്നിവരും ഹരിലാൽ മൂത്തേടത്തിനൊപ്പം സർവസന്നദ്ധരായി പ്രവർത്തിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *