ഇരിങ്ങാലക്കുട : കാർ തട്ടിയത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ.
കൊറ്റനെല്ലൂർ കുതിരത്തടം സ്വദേശി വേലംപറമ്പിൽ വീട്ടിൽ അബ്ദുൾ ഷാഹിദ് (29), കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശി തൈപറമ്പിൽ വീട്ടിൽ നിഖിൽ (30) എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും ആനന്ദപുരത്ത് വെച്ച് യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈൽഫോണും കവർന്ന കേസിൽ പിടികൂടി ജയിലിലാക്കിയിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിലെ കേസിലേക്ക് വേണ്ടി കോടതിയുടെ അനുമതിയോടെയാണ് ഇരുവരെയും തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
ജൂലൈ 2ന് രാത്രി 8.30ഓടെ കോണത്തുകുന്നിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
പുത്തൻചിറ സ്വദേശി കൊട്ടിക്കൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിന്റെ ബന്ധുവിൻ്റെ കാറിൽ ഈ കേസിലെ ഒന്നാം പ്രതിയായ ആളൂർ സ്റ്റേഷൻ റൗഡി മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29) കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ സിദ്ദിഖിനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നു.
ഒന്നാം പ്രതിയായ മിൽജോയെ ജൂലൈ 3ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.
നടപടിക്രമങ്ങൾക്ക് ശേഷം ഇരുവരെയും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ കേസിലേക്ക് കൂടി റിമാന്റ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജരാക്കും.
അബ്ദുൾ ഷാഹിദ് കൊടകര, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലായി ആറോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
നിഖിലിനെതിരെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകളുണ്ട്.
Leave a Reply