ഇരിങ്ങാലക്കുട : കാഴ്ചകൾക്കുവേണ്ടി മാത്രമല്ല കാഴ്ചപ്പാടുകൾക്ക് വേണ്ടിക്കൂടിയാണ് യാത്രകൾ ചെയ്യേണ്ടതെന്നും മനസ്സിലെ ഭാരം ഇറക്കി വെച്ചുകൊണ്ട് വേണം യാത്ര ചെയ്യാനെന്നും യാത്രികയും സഞ്ചാര സാഹിത്യകാരിയുമായ ഡോ. മിത്ര സതീഷ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളെജുകളിലെ മികച്ച മലയാളം ബി.എ. പ്രോജക്ടിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് നൽകുന്ന ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാ നൈപുണി അവാർഡ് ശ്രീ കേരളവർമ്മ കോളെജ് വിദ്യാർഥിനി എൻ.എസ്. സംഘമിത്രയ്ക്ക് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും നേരിട്ട് സന്ദർശിക്കുമ്പോഴാണ് ചരിത്രരചനയിലെ പൊള്ളത്തരങ്ങൾ വ്യക്തമാകുന്നത്. യാത്രയിൽ ഒരിക്കൽപോലും സ്ത്രീ എന്ന നിലയിൽ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ഗ്രാമങ്ങളിൽ ഇപ്പോഴും മനുഷ്യരുടെ നന്മ പ്രകടമാണെന്നും ഡോ. മിത്ര സതീഷ് അഭിപ്രായപ്പെട്ടു.
കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.
മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.
മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ, സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദ, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. സിൻ്റോ കോങ്കോത്ത്, വി.എസ്. സോന എന്നിവർ പ്രസംഗിച്ചു.
ക്രൈസ്റ്റ് കോളെജിലെ മികച്ച മലയാളം പ്രബന്ധത്തിനുള്ള പുരസ്കാരം പി.വി. ദേവറസിന് സമർപ്പിച്ചു.
യോഗത്തിനുശേഷം “സോളോ യാത്രകൾ : എഴുതാക്കഥകൾ” എന്ന വിഷയം മുൻനിർത്തി ഡോ. മിത്ര സതീഷും ഡോ. സെബാസ്റ്റ്യൻ ജോസഫും മുഖാമുഖം നടത്തി. ചർച്ചയിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.












Leave a Reply