ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിലെ പ്രതികൾ പിടിയിൽ.
ഞായറാഴ്ച വൈകീട്ട് 5 മണിയോടെ കാറളം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനു സമീപം ഇരിക്കുകയായിരുന്ന കാറളം സൗത്ത് എഴുത്തച്ചൻ നഗർ സ്വദേശി പുതിയമഠത്തിൽ വീട്ടിൽ ദീപേഷ് (33) എന്നയാളെ പ്രകടനത്തിൽ പങ്കെടുത്ത് വരികയായിരുന്ന സ്റ്റേഷൻ റൗഡി കാറളം പള്ളം സ്വദേശി അയ്യേരി വീട്ടിൽ വിഷ്ണു (30) എന്നയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് വിഷ്ണു വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് മുന്നോട്ട് പോവുകയും ചെയ്തു.
പ്രകടനം പുല്ലത്തറ സി.എച്ച്.സി.ക്ക് സമീപം എത്തിനിൽക്കവേ ദീപേഷിനെ അടിച്ചു പരിക്കേൽപ്പിച്ചതിലുള്ള വൈരാഗ്യത്താൽ കാറളം സ്വദേശി വിളയാട്ടിൽ വീട്ടിൽ ഷിബു (43) എന്നയാൾ വിഷ്ണുവിനെ വയറിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ഷിബുവിനെ കാട്ടൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിൽ എടുത്തു.
ഷിബുവിനെ പ്രതിയാക്കി കൊലപാതകശ്രമത്തിനുള്ള വകുപ്പ് ചേർത്ത് കേസെടുത്തു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ദീപേഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ദീപേഷിന്റെ പരാതിയിൽ വിഷ്ണുവിനെതിരെയും കാട്ടൂർ സ്റ്റേഷനിൽ കുറ്റകരമായ നരഹത്യാശ്രമത്തിനുള്ള വകുപ്പ് കൂട്ടിച്ചേർത്ത് കേസെടുത്തിട്ടുണ്ട്.
ഈ കേസ്സിലെ പ്രതിയായ വിഷ്ണു തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പൊലീസിന്റെ കർശന നീരീക്ഷണത്തിലാണ്.
കാട്ടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസ്സുകളും ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജുവിന്റെ നേതൃത്വത്തിൽ കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു ആണ് അന്വേഷിക്കുന്നത്.
രണ്ട് കേസുകളിലും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.
വിഷ്ണു കാട്ടൂർ സ്റ്റേഷൻ പരിധിയിലെ ഒരു കൊലപാതക കേസിലും, ഒരു കൊലപാതകശ്രമ കേസിലും, ഒരു അടിപിടി കേസിലും ഉൾപ്പെടെ എട്ട് ക്രമിനൽ കേസുകളിൽ പ്രതിയാണ്.
ഷിബു കാട്ടൂർ സ്റ്റേഷനിൽ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച രണ്ട് കേസുകളിലെ പ്രതിയാണ്.












Leave a Reply