ഇരിങ്ങാലക്കുട : 5 വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി 22ന് നടക്കാനിരിക്കുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു. 13 സീറ്റുകളിലേക്കാണ് മത്സരം.
മാടായിക്കോണം, മാപ്രാണം സൗത്ത്, മാപ്രാണം നോർത്ത്, തളിയക്കോണം, പൊറത്തിശ്ശേരി, മൂർക്കനാട് എന്നീ ആറ് ഡിവിഷനുകളിലും, രണ്ട് വനിത സംവരണം, ഒരു പട്ടികജാതി സംവരണം, 40 വയസ്സിന് താഴെയുള്ള ഒരു വനിത, 40 വയസ്സിന് താഴെയുള്ള ജനറൽ, ഒരു നിക്ഷേപകൻ എന്നിങ്ങനെയാണ് 13 ഡയറക്ടർമാരെ തിരഞ്ഞെടുക്കേണ്ടത്.
സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എൽ. ജീവൻലാൽ, ടി.കെ. ജയാനന്ദൻ എന്നിവരോടൊപ്പം 13 പേരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും നിലവിൽ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറുമായ ആർ.എൽ. ശ്രീലാൽ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗവും തദ്ദേശസ്വയംഭരണ വകുപ്പ് റിട്ട. ജില്ലാ ജോ. ഡയറക്ടറുമായ പി.കെ. വത്സലൻ, സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സ്വകാര്യ സ്ഥാപനത്തിൽ ദീർഘകാലമായി ചീഫ് അക്കൗണ്ടൻ്റുമായി പ്രവർത്തിക്കുന്ന വി.എസ്. സജി, സിപിഎം ബ്രാഞ്ച് സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി ബോർഡിൽ താൽക്കാലിക ജീവനക്കാരനുമായ എ.സി. സനീഷ്, സിപിഎം കാട്ടുങ്ങച്ചിറ ബ്രാഞ്ച് സെക്രട്ടറിയും ക്ഷീര കർഷകനുമായ എം.ആർ. അജിത്ത്, റിട്ട. പൊലീസ് സബ്ബ് ഇൻസ്പെക്ടർ അശോകൻ കുനിയത്ത്, മുൻ നഗരസഭ കൗൺസിലർ സി.എം. സാനി, നിലവിലെ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.ഡി. ദാമോദരൻ നമ്പൂതിരി, കുടുംബശ്രീ പ്രവർത്തക ശ്രീമ രാജീവ്, മുൻ പഞ്ചായത്ത് അംഗവും സംരഭകനുമായ കെ.കെ. ബാലൻ, മനോജ് പുളിയത്ത് പറമ്പിൽ, ജില്ലാ കോടതിയിലെ അഭിഭാഷകയായ അഡ്വ. സുജില നിധീഷ്, പഞ്ചായത്ത് വകുപ്പിൽ നിന്ന് സീനിയർ ക്ലർക്കായി വിരമിച്ച പി.സി. രഘു എന്നിവരാണ് നാമനിർദ്ദേശം നൽകിയ എൽഡിഎഫ് സ്ഥാനാർഥികൾ.
13 സീറ്റിലും ഇടതുപക്ഷം ഉജ്ജ്വലമായ വിജയം നേടുമെന്നും സഹകരണമേഖലയിൽ ഏറ്റവും സുതാര്യവും പക്ഷപാതരഹിതവുമായ നിലയിൽ ഇടപെട്ടതിനെ ദുഷ്പ്രചരണങ്ങളിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചതിനെ ജനം തിരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കി കൊടുക്കുമെന്നും ആർ.എൽ. ജീവൻലാൽ പറഞ്ഞു.












Leave a Reply