ഇരിങ്ങാലക്കുട : ആദിത്യ ബിർല മണി ലിമിറ്റഡ് എന്ന ട്രേഡിംഗ് കമ്പനിയുടെ വിലാസവും ലോഗോയും ഉപയോഗിച്ച് വ്യാജ ഓൺലൈൻ ട്രേഡിംഗ് സൈറ്റ് നിർമ്മിച്ച് എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശിയായ റിട്ട. അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ സ്വദേശിനിയായ മരക്കാൻകടവ് പറമ്പിൽ വീട്ടിൽ ഫെമീനയെ (29) പോലീസ് അറസ്റ്റു ചെയ്തു.
പരാതിക്കാരനിൽ നിന്ന് ഓൺലൈൻ ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 44,97,516 രൂപയാണ് നിക്ഷേപമായി വാങ്ങിയിരുന്നത്. എന്നാൽ ലാഭവിഹിതമോ, നിക്ഷേപിച്ച തുകയോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു.
ഈ പണത്തിൽ നിന്ന് 7,50,000 ഫെമിനയുടെ കോഴിക്കോട് ബേപ്പൂർ ഉള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും, ഈ തുക ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ബന്ധുവായ ജാസിർ എന്നയാൾക്ക് നൽകുകയും, ആയതിന് 5,000 രൂപ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെടുകയും ചെയ്തതിനാണ് ഫെമീനയെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരൻ ഗ്രോ ആപ്പ് വഴി ഓൺലൈൻ ട്രേഡിംഗ് നടത്തി വരവെ 2024 നവംബർ മാസത്തിൽ ആദിത്യ ബിർല മണി ലിമിറ്റഡ് എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് ഷെയേഴ്സ് ആൻഡ് ഐപിഒ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ പരാതിക്കാരന്റെ വാട്സ്ആപ്പിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു എ193 ആദിത്യ ബിർല വെൽത്ത് അപ്രീസിയേഷൻ ക്ലബ്ബ് എന്ന് പേരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുകയും ഈ ഗ്രൂപ്പിലൂടെയും മൊബൈൽ നമ്പറിലേക്ക് ടെസ്റ്റ് മെസേജ് അയച്ചും ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് പ്രതികൾ പരാതിക്കാരനെ വിശ്വസിപ്പിക്കുകയുമായിരുന്നു.
2024 ഡിസംബർ 6 മുതൽ 2025 ജനുവരി 6 വരെയുള്ള കാലയളവിൽ പരാതിക്കാരന്റെ എടതിരിഞ്ഞിയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി പല അക്കൗണ്ടുകളിലേക്ക് 44,97,516 രൂപ നിക്ഷേപമായി വാങ്ങി. ഇതിന്റെ ലാഭവിഹിതം പിൻവലിക്കാനായി ശ്രമിച്ചപ്പോൾ സർവ്വീസ് ചാർജ്ജ് ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെട്ടു. ലാഭവിഹിതത്തിൽ നിന്നും സർവീസ് ചാർജ്ജ് എടുത്തതിന് ശേഷം നിക്ഷേപിച്ച പണവും ലാഭവിഹിതവും തിരികെ നൽകാൻ ആവശ്യപ്പെട്ടത് ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കാട്ടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അന്വേഷണത്തിൽ നിന്നും ഈ കേസിലെ പ്രതികൾ തട്ടിപ്പ് നടത്തിയ പണം പെട്ടെന്ന് തന്നെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള വിവിധ ബാങ്കുകളിലേക്ക് അയച്ച് വിവിധ രീതിയിൽ കൈപ്പറ്റിയിട്ടുള്ളതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ഇത്തരത്തിൽ അയച്ച തട്ടിപ്പ് പണത്തിലെ 7,50,000 രൂപയാണ് ഫെമീനയുടെ അക്കൗണ്ടിലേക്കും എത്തിയത്.
ഫെമീന കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് സമർപ്പിച്ചിരുന്നെങ്കിലും അപേക്ഷ നിരസിക്കപ്പെടുകയാണ് ഉണ്ടായത്.
ഇതേ തുടർന്ന് മാർച്ച് 3 മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് ഉത്തരവായിരുന്നു. എന്നാൽ ഫെമീന ഹാജരാകാതിരുന്നതിനെ തുടർന്ന് കോഴിക്കോട് നിന്ന് കൂട്ടിക്കൊണ്ട് വന്ന് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ ഫെമീനയെ റിമാന്റ് ചെയ്തു.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്.ൻ്റെ നിർദ്ദേശാനുസരണം കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, ഇ.ആർ. ബൈജു, സബ് ഇൻസ്പെക്ടർ ബാബു ജോജ്, എ.എസ്.ഐ. മിനി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധനേഷ്, കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave a Reply