ഇരിങ്ങാലക്കുട : ജില്ലയിൽ ക്രമസമാധാനവും പൊതുജന സുരക്ഷയും കർശനമായി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൃശൂർ റൂറൽ പൊലീസ് 898 പ്രതികളെക്കൊണ്ട് ‘നല്ല നടപ്പിന്’ ജാമ്യം എടുപ്പിച്ചു.
സംസ്ഥാന പൊലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സമൂഹത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള കർശനമായ നടപടികളുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളിലാണ് തൃശൂർ റൂറൽ പൊലീസ് സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിച്ചത്.
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും കുറ്റകൃത്യങ്ങളിൽ ആവർത്തിച്ച് ഉൾപ്പെടുന്നവരുമായ പ്രതികളെക്കൊണ്ടാണ് വരും ദിവസങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന വ്യവസ്ഥയിൽ (നല്ല നടപ്പിന്) ജാമ്യം എടുപ്പിച്ചത്.
നിരന്തരം പൊതുസമാധാനം തകർക്കുന്ന രീതിയിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരാളെ അതിൽ നിന്നും തടയുന്നതിനായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഇയാളിൽ നിന്ന് നാഗരിക സുരക്ഷാ സംഹിത 2023ലെ വകുപ്പ് 126/129 പ്രകാരം ബോണ്ട് വാങ്ങുന്നു. ഈ ബോണ്ടിൽ ആ വ്യക്തി നിശ്ചിത കാലയളവിലേക്ക് ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുകയില്ലെന്ന് സ്വന്തം ജാമ്യത്തിലോ മറ്റ് രണ്ട് പേരുടെ ജാമ്യക്കാരോടൊപ്പമോ ഉറപ്പുനൽകണം. ഈ പ്രക്രിയയെ ആണ് ‘നല്ല നടപ്പിന് ജാമ്യം എടുക്കുക’ എന്ന് പറയുന്നത്.
കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷമുള്ള ശിക്ഷ എന്നതിലുപരി, ഭാവിയിൽ കുറ്റകൃത്യങ്ങൾ തടയുക എന്ന മുൻകരുതൽ നടപടിയെടുത്ത് ഒരു വ്യക്തി വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് കടക്കാതിരിക്കാൻ നിയമപരമായ സമ്മർദ്ദം ചെലുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 126 പ്രകാരം പൊതുസമാധാനത്തിന് ഭംഗം വരുത്താൻ സാധ്യതയുള്ളവർക്കെതിരെ 896 റിപ്പോർട്ടുകളാണ് സമർപ്പിച്ചത്.
ഇതിൽ 588 കേസുകളിൽ ഒരു വർഷം വരെ സമാധാനം പാലിക്കുമെന്ന് ഉറപ്പുനൽകുന്ന മജിസ്ട്രേറ്റ് ഉത്തരവ് പ്രകാരം എഴുതി വാങ്ങി.
അക്രമസംഭവങ്ങൾ തടയുന്നതിനും സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും ഈ നടപടി സഹായകരമാകും.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 129 പ്രകാരം സ്ഥിരം കുറ്റവാളികളായ മോഷണം, പിടിച്ചുപറി, ലഹരി മരുന്ന് കടത്ത്, മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ 590 റിപ്പോർട്ടുകൾ നൽകി.
ഇതിൽ 310 പേർക്കെതിരെ പരമാവധി മൂന്ന് വർഷം വരെ കാലാവധിയുള്ള നല്ല നടപ്പിനുള്ള ജാമ്യം ഉത്തരവായിട്ടുണ്ട്.
സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും അവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയാനും ഈ നിയമം പൊലീസിന് വലിയ കരുത്ത് നൽകും.
ഉത്തരവ് ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളും സ്വീകരിക്കുന്നുണ്ട്.












Leave a Reply