ഇരിങ്ങാലക്കുട : “ഒന്നിച്ചോണം പൊന്നോണം” എന്ന പേരിൽ സെപ്തംബർ 2ന് വൻ ജനപങ്കാളിത്തത്തിൽ ഇരിങ്ങാലക്കുടയുടെ നഗരവീഥികൾക്ക് വർണ്ണപ്പകിട്ടേകുന്ന ഘോഷയാത്രയോടെ ഐസിഎൽ ഈ വർഷം സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് മാനേജിങ് ഡയറക്ടർ അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.
2ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് പുലിക്കളി, കുമ്മാട്ടിക്കളി തുടങ്ങി നിരവധി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടത്തുന്ന ഘോഷയാത്ര ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രപരിസരത്തു നിന്നും ആരംഭിച്ച് ഠാണാവ് വഴി മുനിസിപ്പൽ മൈതാനത്ത് അവസാനിക്കും. തുടർന്ന് സമാപന സമ്മേളനവും ഉണ്ടായിരിക്കും.
ഘോഷയാത്രയിൽ ഇരിങ്ങാലക്കുടയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയും റസിഡൻ്റ്സ് അസോസിയേഷനുകളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഫ്ലാഷ് മോബ്, തിരുവാതിരക്കളി, ഫാൻസി ഡ്രസ്സ് ഗ്രൂപ്പ് മത്സരങ്ങളും അരങ്ങേറും.
തിരുവാതിരക്കളിയിലും ഫ്ലാഷ്മോബിലും ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും.
ഫാൻസി ഡ്രസ്സ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമിന് ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സമ്മാനം 10000 രൂപ, മൂന്നാം സമ്മാനം 5000 രൂപയും എവർ റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും.
ഐ.സി.എൽ. ജീവനക്കാരും മാനേജ്മെൻ്റും സംയുക്തമായി ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖരെ കൂടി ഉൾപ്പെടുത്തി നടത്തുന്ന ഈ ആഘോഷ പരിപാടികൾ ഇരിങ്ങാലക്കുടക്കാർക്കായുള്ള സവിശേഷ ഓണസമ്മാനമായാണ് ഒരുക്കുന്നതെന്നും വരും വർഷങ്ങളിൽ കേരളത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളെയും വൈവിധ്യമാർന്ന ഒട്ടനേകം കലാരൂപങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഓണാഘോഷ പരിപാടികൾ വിപുലമാക്കാനാണ് ഉദ്ദേശ്യമെന്നും അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.
പരിപാടികളുടെ നടത്തിപ്പിനായി മന്ത്രി ഡോ. ആർ. ബിന്ദുവും അഡ്വ. കെ.ജി. അനിൽകുമാറും രക്ഷാധികാരികളും നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ചെയർമാനുമായുള്ള വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
ഐ.സി.എൽ. സിഇഒ ഉമ അനിൽകുമാർ, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, യു. പ്രദീപ് മേനോൻ, ഐ.സി.എൽ. ഫിൻകോർപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഹരികുമാർ, രാജശ്രീ, മറ്റു പൗരപ്രമുഖർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply