ഏഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് 21ന് തിരി തെളിയും ; “ഖിഡ്കി ഗാവ്” ഉദ്ഘാടന ചിത്രം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നു. ഏഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇരിങ്ങാലക്കുടയിൽ ഫെബ്രുവരി 21ന് തിരിതെളിയും.

21ന് രാവിലെ 9.30 ന് മാസ് മൂവീസിൽ നഗരസഭ ചെയർമാൻ എം പി ജാക്സൺ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. 10ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫിപ്രസ്കി പുരസ്കാരം നേടിയ “ഖിഡ്കി ഗാവ്” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഫെബ്രുവരി 21 മുതൽ 26 വരെയായി മാസ് മൂവീസിലും റോട്ടറി ക്ലബ് മിനി ഹാളിലുമായി ഡോക്യുമെൻ്ററികൾ അടക്കം പ്രേക്ഷക ശ്രദ്ധ നേടിയ 23 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അഭിനന്ദനങ്ങൾ നേടിയ മോഹം, എബ്ബ്, പാപ്പ ബുക്ക, ചാവു കല്യാണം, അംബ്രോസിയ, ആദി സ്നേഹത്തിൻ്റെ വിരുന്ന് മേശ, കാത്തിരിപ്പ്, കെഎസ്എഫ്ഡിസി നിർമ്മിച്ച പ്രളയശേഷം ഒരു ജല കന്യക, ഹോമേജ് വിഭാഗത്തിൽ ശാലിനി എൻ്റെ കൂട്ടുകാരി എന്നീ ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നുണ്ട്. വിദേശ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സെൻ്റിമെൻ്റൽ വാല്യു, നിനോ , ബെലൻ, ദി ബ്ലൂ ട്രെയിൽ , ലെഫ്റ്റ് ഹാൻഡണ്ട് ഗേൾ , ട്രെയിൻ ഡ്രീംസ് എന്നിവയും കാണാം.

ഡോക്യുമെൻ്ററി വിഭാഗത്തിൽ ബോംബെയിൽ നിന്നുള്ള ജ്യോതി നിഷ സംവിധാനം ചെയ്ത അംബേദ്കർ നൗ ആൻ്റ് ദെൻ, സംസ്ഥാന സർക്കാരിൻ്റെ അവാർഡ് നേടിയ ഷൈനി ജേക്കബ് ബെഞ്ചമിൻ്റെ “വി വിൽ നോട്ട് ബി അഫ്രേഡ്” , രാംദാസ് കടവല്ലൂരിൻ്റെ ” സത്യപ്പുല്ല് ” എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.

രാവിലെ 10നും 12നും മാസ് മൂവീസിലും വൈകീട്ട് 6ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മിനി എസി ഹാളിലുമായിട്ടാണ് പ്രദർശനങ്ങൾ.

ചലച്ചിത്രമേളയുടെ ഭാഗമായി മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള സി ആർ കേശവൻ വൈദ്യർ പുരസ്കാരവും, മോഹൻ സ്മാരക പുരസ്കാരവും മേളയിൽ വെച്ച് വിതരണം ചെയ്യും. മേളയുടെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി “നവഭാവുകത്വം സമകാലിക സിനിമകളിൽ” എന്ന വിഷയത്തിൽ ലേഖനമൽസരവും സംഘടിപ്പിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ചലച്ചിത്ര അക്കാദമി, കെഎസ്എഫ്ഡിസി , തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *