ഇരിങ്ങാലക്കുട : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 2.58 ഗ്രാം എം.ഡി.എം.എ.യുമായി മതിലകം പുളിഞ്ചോട് അയ്യങ്കാളി റോഡിൽ വച്ച് പടിയൂർ മുഞ്ഞനാട് മലയാമ്പള്ളം വീട്ടിൽ മുഹമ്മദ് ബഷീർ (29) പിടിയിലായി.
മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരം തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ചതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മതിലകം പൊലീസ് സ്റ്റേഷൻ സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ബഷീർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിനെ പൊലീസ് പിന്തുടർന്ന് തടയുകയും തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ പാന്റ്സിന്റെ പോക്കറ്റിൽ നിന്നു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എം.ഡി.എം.എ. കണ്ടെടുക്കുകയുമായിരുന്നു.
മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ അനു ജോസ്, എ.എസ്.ഐ. പ്രജീഷ്, സിവിൽ പൊലീസ് ഓഫീസർ അജീഷ്, തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പ്രദീപ്, എ.എസ്.ഐ. ലിജു, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, നിശാന്ത് എന്നിവർ ചേർന്നാണ് ബഷീറിനെ പിടികൂടിയത്.
Leave a Reply