ആറാട്ടുപുഴ ക്ഷേത്രത്തിൽ മണ്ഡല സമാപനവും കളഭവും 25ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിൽ 40 ദിവസമായി തുടർന്നു വന്നിരുന്ന മണ്ഡല പൂജ 25ന് സമാപിക്കും.

വെളുപ്പിന് 5 ന് നടതുറപ്പ്, തുടർന്ന് നിർമ്മാല്യ ദർശനം. 5.15 ന് ചുറ്റുവിളക്ക്. ഉച്ചപൂജയോടു കൂടി പഞ്ചഗവ്യം, നവകം എന്നീ പൂജകൾക്കും അഭിഷേകങ്ങൾക്കും ശേഷം രാവിലെ 9 ന് ശാസ്താവിന് കളഭാഭിഷേകം.

ചന്ദനം, ഗോരോചനം, കുങ്കുമപ്പൂവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്.

സപരിവാരപൂജയായാണ് കളഭപൂജ നടത്തുന്നത്. ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താള മേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറക്കും. പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും.  തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ പി സി വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വൃശ്ചികം 1 മുതൽ 40 ദിവസമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലെ മണ്‌ഡല മാസാചരണം.

Leave a Reply

Your email address will not be published. Required fields are marked *