നിർമ്മാണത്തിൽ വൻ അഴിമതിയെന്ന് കോൺഗ്രസ്
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ ആനന്ദപുരം ഗവ. യു.പി. സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിപ്രകാരം കേന്ദ്ര – സംസ്ഥാന വിഹിതം വകയിരുത്തി നിർമ്മിച്ച കിച്ചൻ കം സ്റ്റോർ നിർമാണത്തിലെ അപാകത മൂലം കെട്ടിടം ഏതു നിമിഷവും തകരാവുന്ന നിലയിൽ.
നിർമ്മാണത്തിൽ നടന്ന വൻ അഴിമതിയാണ് തകർച്ചക്ക് കാരണമെന്ന് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞ നവംബറിൽ മന്ത്രി ഡോ. ആർ. ബിന്ദു കെട്ടിടം ഉദ്‌ഘാടനം ചെയ്തെങ്കിലും കെട്ടിടത്തിന്റെ അപകടാവസ്ഥയെ തുടർന്ന് ഇതുവരെയും തുറന്നു പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല.
പരാതിയെ തുടർന്ന് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ കെട്ടിടം തുറന്ന് നോക്കിയപ്പോൾ കെട്ടിടത്തിനുള്ളിൽ വിഷ പാമ്പ് ഉൾപ്പെടെ നിരവധി ഇഴജന്തുക്കളെയാണ് കണ്ടത്.
വിദ്യാർഥികൾക്ക് ഇപ്പോഴും ഉച്ചഭക്ഷണം നൽകുന്നത് പഴയ കെട്ടിടത്തിൽ തന്നെയാണ്.
മുരിയാട് പഞ്ചായത്തംഗം പി.ടി.എ. പ്രസിഡന്റായിട്ടുള്ള കമ്മിറ്റിയാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.
നിർമ്മാണ കാലഘട്ടത്തിൽ തന്നെ നിർമ്മാണത്തിലെ അപാകതകളെ കുറിച്ചും അപകടാവസ്ഥയെ കുറിച്ചും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അതെല്ലാം അവഗണിക്കുകയായിരുന്നുവെന്ന് പഞ്ചായത്തംഗം നിത അർജ്ജുനൻ പറഞ്ഞു.
നിർമ്മാണം പൂർത്തീകരിച്ച് ഉദ്‌ഘാടനം ചെയ്യുന്നതിനായിരുന്നു തിടുക്കം.
കെട്ടിടത്തിന്റെ ഒരു ഭാഗം നിർമാണ ഘട്ടത്തിൽ തന്നെ ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു.
ആ ഭാഗങ്ങൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് താങ്ങി നിർത്തിയിരിക്കുകയാണ്. കെട്ടിടത്തിന്റെ ഉൾവശങ്ങളിലും ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് താങ്ങി നിർത്തിയിട്ടുണ്ട്.
നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ, പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിബിൻ വെള്ളയത്ത്, മണ്ഡലം സെക്രട്ടറിമാരായ സി.എസ്. അജീഷ്, ടി.ആർ. ദിനേഷ് എന്നിവർ ആവശ്യപ്പെട്ടു.
സ്കൂളിലെ കിച്ചൻ കം സ്റ്റോർ നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കാൻ ആവശ്യപ്പെട്ട് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് വിമലൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപിള്ളി, ഗംഗാദേവി സുനിൽ, ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, ജോമി ജോൺ, എം.എൻ. രമേശ്, എം. മുരളി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിൻ ജോൺ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, പഞ്ചായത്തംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജുനൻ, വി.കെ. മണി എന്നിവർ പ്രസംഗിച്ചു.
Leave a Reply