ആക്രിയും പണമാക്കി വിയ്യൂർ സെൻട്രൽ ജയിൽ

ഇരിങ്ങാലക്കുട : ഹരിത കർമ്മസേനയ്ക്ക് പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ടുപോകാനായി പ്രതിമാസം 1500 രൂപ യൂസർ ഫീ നൽകിയിരുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ അതേ വേസ്റ്റ് ശാസ്ത്രീയമായി വേർതിരിച്ച്, പേരെഴുതി ടാഗ് ചെയ്ത് ചാക്കിലാക്കി ക്ലീൻ കേരള കമ്പനിക്കു വിൽപ്പന നടത്തിയപ്പോൾ സർക്കാരിന് മറ്റൊരു വരുമാന മാർഗ്ഗം കൂടിയായി.

ജൂൺ 5ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഫ്ലാഗ് ഓഫ് ചെയ്ത് നടത്തിയ ആദ്യ വില്പനയിൽ 800 കിലോഗ്രാമിന് 3800 രൂപയാണ് വിലയായി ലഭിച്ചെതെങ്കിൽ ഈ മാസം വേർതിരിച്ച പ്ലാസ്റ്റിക് വേസ്റ്റിനു ലഭിച്ചത് 14,500 രൂപയാണ്.

ഇതിനു പുറമേ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും വില്പന നടത്തി പണമായി മാറ്റിയ കണക്കുകൾ കണ്ടാലും മൂക്കത്ത് വിരൽ വെയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.

തടവുകാരുടെ കാൻ്റീൻ വഴി വിൽക്കുന്ന ഫ്രീഡം ബിരിയാണി വാഴയില പൊതിയിലാണ് നൽകുന്നത്. ജയിൽ കൃഷിതോട്ടത്തിലെ വാഴയില 2 രൂപ നിരക്കിലാണ് ഫുഡ് യൂണിറ്റിനു നൽകുന്നത്. ഈ ഇനത്തിൽ മാത്രം 55,000 രൂപയാണ് സർക്കാരിനു വരുമാനമായി ചലാനടച്ചത്.

ബിരിയാണി യൂണിറ്റിലേക്കു മാർക്കറ്റിൽ നിന്നും വാങ്ങിയിരുന്ന കറിവേപ്പില ഇപ്പോൾ ജയിൽ കൃഷി തോട്ടത്തിൽ നിന്നും ലഭ്യമാക്കിയതിലൂടെ പ്രതിമാസം 1000 രൂപ ലാഭമായി.

ബാക്കിവരുന്ന പ്ലാസ്റ്റിക് ചാക്കുകൾ ചെറു സഞ്ചികളാക്കി 10 രൂപ നിരക്കിൽ ജയിൽ ഫുഡ് വിൽപ്പന കൗണ്ടറിലൂടെ ആവശ്യക്കാർക്ക് വിറ്റഴിച്ച ഇനത്തിൽ 10,000 രൂപയിലധികം ലഭിച്ചു.

2 രൂപ ലഭിക്കുന്ന ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിന്നും 4 ചെറു ക്യാരി ബാഗുകൾ ഉണ്ടാക്കി 40 രൂപയുടെ വരുമാനമാക്കി.

ജയിൽ കൈത്തറി യൂണിറ്റിലെ കോട്ടൺ വേസ്റ്റ് വർക്കു ഷോപ്പുകൾ, പോളിടെക്നിക്ക് ലാബുകൾ എന്നിവിടങ്ങളിലേക്ക് വില്പന നടത്തി 18,000 രൂപ വരുമാനം നേടി.

ഫ്രീഡം പെട്രോൾ പമ്പിൽ ബൈക്കുകൾ ലൂബ്രിക്കേഷൻ ഓയിൽ ചേഞ്ച് ചെയ്യുമ്പോൾ ബാക്കിയാവുന്ന പഴയ ഓയിൽ വില്പനയിലൂടെ 42,000 രൂപ ലഭിച്ചു.

കൂടാതെ ഫ്രീഡം ഫുഡ് യൂണിറ്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 3 ലക്ഷം രൂപയാണ് പാക്കിങ് മെറ്റീരിയൽ ഇനത്തിൽ ലാഭിച്ചത്.

ചപ്പാത്തി 10നു പകരം 20 എണ്ണം വീതം പാക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ പ്രതിദിനം 500ലധികം പാക്കറ്റുകൾ വിറ്റു പോകുമ്പോൾ 500 കവറുകൾ ലാഭിച്ചു.

ബിരിയാണി തടവുകാരുടെ കാൻ്റീനിൽ വാഴയില പൊതിയിൽ നൽകുമ്പോൾ പ്രതിമാസം 2000 അലുമിനിയം ഫോയിൽ പാക്കറ്റിൻ്റെ പണവും ലാഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *