”സുവർണ്ണം” രണ്ടാം ദിനത്തിൽ ശ്രദ്ധേയമായി ”കലികൈതവാങ്കം” കൂടിയാട്ടം

ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന അമ്പതാം വാർഷികാഘോഷം ”സുവർണ്ണ”ത്തിന്റെ സമാപന ആഘോഷ പരമ്പരയിലെ രണ്ടാം ദിനത്തിൽ ആദ്യമായി അരങ്ങത്തവതരിപ്പിച്ച ”കലികൈതവാങ്കം കൂടിയാട്ടം” ശ്രദ്ധേയമായി.

കവി ഭട്ടനാരായണ സുദർശന പണ്ഡിതൻ്റെ കലിവിധൂനനം നാടകത്തിലെ മൂന്നാമങ്കമാണ് കലികൈതവാങ്കം.

ആട്ടപ്രകാര രചനയും, സംവിധാനവും, ആവിഷ്ക്കാരവും നടത്തിയ ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ കലിയായും അമ്മന്നൂർ മാധവ് ചാക്യാർ ദ്വാപരനായും വേഷമിട്ടു.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം വിജയ്,
ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവർ പശ്ചാത്തല മേളമൊരുക്കി.

കലാമണ്ഡലം സതീശൻ ചുട്ടി കുത്തി.

അരങ്ങുതളി, ശ്ലോകരചനയും താളവും ഡോ പി കെ എം ഭദ്ര ആയിരുന്നു.

അവതരണത്തിനു മുമ്പായി ഡോ പി കെ എം ഭദ്ര ആട്ടപ്രകാരത്തിലും,
കലാമണ്ഡലം നാരായണൻ നമ്പ്യാർ – അവതരണത്തിൻ്റെ നാൾവഴികളെയും ആഹാര്യത്തെയും, കലാമണ്ഡലം രാജീവ് മേളപ്രകാരത്തെക്കുറിച്ചും ആമുഖഭാഷണം നടത്തി.

രാവിലെ മുതൽ അരങ്ങേറിയ പ്രഭാഷണങ്ങളിൽ
“ഉണ്ണായിവാര്യരുടെ കൃതികളും വിശ്വസാഹിത്യ കൃതികളും” എന്ന വിഷയത്തിൽ ഡോ എം വി നാരായണനും, “ആധുനികകാലത്ത് സംസ്കൃത നാടകങ്ങൾ കൂടിയാട്ട രംഗാവിഷ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോഴുള്ള പ്രത്യേകതകൾ” എന്ന വിഷയത്തിൽ മാർഗ്ഗി മധുവും, ”ബാഹുക ഹൃദയം – ആട്ടപ്രകാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സംസ്കൃതകാവ്യം” എന്ന വിഷയത്തിൽ ഡോ ഇ എൻ നാരായണനും, “സംസ്കൃതനാടകം കലിവിധൂനനം” എന്ന വിഷയത്തിൽ ഡോ കെ പി ശ്രീദേവിയും പ്രഭാഷണങ്ങൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *