ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം സാംസ്കാരികോത്സവമായി ഉയർന്ന ‘വർണ്ണക്കുട’യുടെ ഈ വർഷത്തെ എഡിഷൻ ഡിസംബർ അവസാനവാരത്തിൽ അരങ്ങേറും.
ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം വേദിയായ ‘വർണ്ണക്കുട’ ജനകീയോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു.
സംഘാടകസമിതി രൂപീകരണ യോഗം ജൂനിയർ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു.
മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
സാമൂഹത്തിൽ വൈരാഗ്യത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തിന് എതിരായി ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കലയും സാംസ്കാരിക കൂട്ടായ്മകളും എന്ന് മന്ത്രി പറഞ്ഞു.
മൊബൈലിന്റെയും ലഹരിയുടെയും പിടിയിൽ നിന്ന് ഇന്നത്തെ തലമുറയെ മാറ്റിയെടുക്കാൻ ഇത്തരം കലാ-സംസ്കാരിക കൂട്ടായ്മകളിലൂടെ സാധിക്കും. പൊതുവേദികൾ ഒരുക്കിക്കൊണ്ട് യുവാക്കൾക്ക് കലയിലേക്കുള്ള അവസരം ഒരുക്കുകയാണ് ഇത്തരം പരിപാടികളിലൂടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രാദേശിക കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തുന്ന ‘വർണ്ണക്കുട’യുടെ വിജയത്തിനായി 501 അംഗ സംഘാടകസമിതിക്കാണ് രൂപം നൽകിയത്.
കലാസാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെട്ടതാണ് സംഘാടകസമിതി.
മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് സംഘാടകസമിതി ചെയർപേഴ്‌സൺ.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, മുൻ എംപി സാവിത്രി ലക്ഷ്മണൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ. ജോജോ, ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.വി. ലത, ലിജി രതീഷ്, ബിന്ദു പ്രദീപ്, ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, കൂടൽമാണിക്യം ദേവസ്വം മുൻ ചെയർമാൻ യു.ആർ. പ്രദീപ് മേനോൻ, കലാനിലയം രാഘവനാശാൻ, മുകുന്ദപുരം താലൂക്ക് തഹസിൽദാർ സിമീഷ് സാഹു, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ആർ. വിജയ തുടങ്ങിയവർ പങ്കെടുത്തു.












Leave a Reply