വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ : കരുവന്നൂരിൽ പൊടിശല്യത്തിൽ ജനങ്ങൾ വലയുന്നതായി പരാതി

ഇരിങ്ങാലക്കുട : കരുവന്നൂർ വാട്ടർ അതോറിറ്റി പമ്പ് ഹൗസ് മുതൽ റോഡ് പൊളിച്ച് വലിയ പൈപ്പ് ഇടുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിൻ്റെ ഭാഗമായുണ്ടാകുന്ന രൂക്ഷമായ പൊടി ശല്യം മൂലം പരിസരവാസികളും സ്കൂൾ കുട്ടികളും കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും ഉൾപ്പെടെയുള്ള ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പരാതിപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.

ഇതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി.

ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും റോഡ് പൊളിച്ച ഭാഗങ്ങളിൽ വെള്ളം സ്‌പ്രേ ചെയ്തു കൊടുത്താൽ പൊടിശല്യം ഒരു പരിധി വരെയെങ്കിലും തടയുവാൻ സാധിക്കുമെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും കരുവന്നൂർ മേഖല കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ബ്ലോക്ക് ഭാരവാഹികളായ ജോബി തെക്കൂടൻ, ടി എ പോൾ, എ കെ മോഹൻദാസ്, കെ കെ അബ്ദുള്ളക്കുട്ടി, മണ്ഡലം നേതാക്കളായ പി ഐ രാജൻ, ടി ഒ ഫ്ലോറൻ, സിജി ജോസഫ്, കെ കെ ഡേവിസ്, എ കെ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *