ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ”സുവർണ്ണം” സമാപന പരമ്പരയുടെ ആറാം ദിനത്തിൽ നളചരിത പ്രഭാഷണ പരമ്പര അരങ്ങേറി.
“നളചരിതത്തിൻ്റെ വ്യാഖ്യാനഭേദങ്ങൾ – പാഠം, അരങ്ങ്, കളരി, പ്രേക്ഷകർ” എന്ന വിഷയത്തിൽ ഡോ മഞ്ജുഷ വി പണിക്കരും “വ്യക്തഭാഷ്യവും ദമിതഭാഷ്യവും – നളചരിതത്തിൻ്റെ കളിയരങ്ങിൽ” എന്ന വിഷയത്തിൽ എം ജെ ശ്രീചിത്രനും, “നളചരിതം ആട്ടക്കഥയുടെ അരങ്ങിലെ അർത്ഥനിഷ്കർഷ” എന്ന വിഷയത്തിൽ പ്രശസ്ത കഥകളി കലാകാരൻ പീശപ്പിള്ളി രാജീവനും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഡോ ജയന്തി ദേവരാജ് “സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – കഥകളി” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
വൈകീട്ട് “നളചരിതം രംഗാവതരണം – പുതിയ സമീപനങ്ങൾ, സാധ്യതകൾ” എന്ന വിഷയത്തെ അധികരിച്ച്
കോട്ടയ്ക്കൽ പ്രദീപ്, കലാമണ്ഡലം നീരജ്,
കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം വിശാഖ് എന്നിവർ പങ്കെടുത്ത ചർച്ച നടന്നു.
സന്ധ്യക്ക് മാധവനാട്യഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സരിത കൃഷ്ണകുമാർ സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ സുഭദ്രയുടെ നിർവഹണം അവതരിപ്പിച്ചു.
മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ്, ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണൻ, താളത്തിൽ ആതിര ഹരിഹരൻ, ഗുരുകുലം ഋതു എന്നിവർ പശ്ചാത്തല മേളമൊരുക്കി.
Leave a Reply