ദീപാലങ്കാര പ്രഭയിൽ ഇരിങ്ങാലക്കുട : തിരുനാൾ ആഘോഷത്തിൽ മനം നിറഞ്ഞ് നഗരം

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ ദനഹതിരുനാളിന്റെ ആഘോഷാരവത്തിലാണ് ഇരിങ്ങാലക്കുട നഗരം.

ജാതിമതഭേദമന്യേ മനം നിറഞ്ഞ് ഇരിങ്ങാലക്കുടക്കാർ ആവേശത്തിമിർപ്പിൽ ആഘോഷാരവങ്ങളോടെ പെരുന്നാളിനെ ഇടനെഞ്ചിലേറ്റുന്ന ദിവസങ്ങൾ.

ദീപാലങ്കാര പ്രഭയിൽ നഗരവും സ്ഥാപനങ്ങളും വീടുകളും കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയിൽ മുഴുകിയിരിക്കുകയാണ്.

ക്രൈസ്തവ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ ഉയരത്തിലുള്ള പിണ്ടികൾ കുത്തി അലങ്കരിച്ചു കഴിഞ്ഞു.

നഗരത്തിന്റെ തെരുവ് വീഥികളെല്ലാം വർണ്ണങ്ങളും രുചികളും നിറച്ച് കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരെ വരെ കൊതിപ്പിക്കുന്ന വസ്തുക്കളുമായി കച്ചവടക്കാരാൽ നിറഞ്ഞിരിക്കുന്നു.

ഒട്ടേറെ പുതുമകളോടെയാണ് കത്തീഡ്രലിലെ ഇത്തവണത്തെ ദീപാലങ്കാരം. കത്തീഡ്രലിലെ ദീപാലങ്കാരങ്ങളുടെയും പ്രവാസി കൂട്ടായ്മ ഒരുക്കിയ പ്രവാസി പന്തലിന്റെയും പള്ളിയുടെ തെക്കേ നടയിലും കിഴക്കേ നടയിലും ഒരുക്കിയിട്ടുള്ള ബഹുനില പന്തലുകളുടെയും സ്വിച്ച് ഓൺ കർമ്മം ഡിവൈഎസ്പി കെ ജി സുരേഷ് നിർവഹിച്ചു.

ശനിയാഴ്ച വൈകീട്ട് ദിവ്യബലിക്ക് ശേഷം പള്ളി ചുറ്റി പ്രദക്ഷിണവും രൂപം പന്തലിലേക്ക് എഴുന്നള്ളിച്ച് വയ്ക്കലും നേർച്ച വെഞ്ചരിപ്പും നടക്കും.

തുടർന്ന് രാത്രി 8 മണിക്ക് നടക്കുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ ബിഷപ്പ് മാർ കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും.

വലിയങ്ങാടി, കുരിശങ്ങാടി, കോമ്പാറ, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നള്ളിപ്പുകൾ രാത്രി 12 മണിയോടെ പള്ളിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *