കാട്ടൂർ മുനയം താൽക്കാലിക ബണ്ട് വീണ്ടും തകർന്നു : പ്രതിഷേധവുമായി കേരള കോൺഗ്രസ്

ഇരിങ്ങാലക്കുട : “കാട്ടൂർ മുനയം പാലം വന്നിരുന്നുവെങ്കിൽ ഈ ഗതി വരുമോ” എന്ന ചോദ്യമുയർത്തി കേരള കോൺഗ്രസ്‌ പ്രവർത്തകർ മുനയത്തെ താൽക്കാലിക ബണ്ട് തകർന്നതിന് സമീപം പ്രതിഷേധ ധർണ്ണ നടത്തി.

മുനയത്ത്‌ യുഡിഎഫ് സർക്കാരിന്റെ ഭരണ കാലത്ത് എംഎൽഎ ആയിരുന്ന തോമസ് ഉണ്ണിയാടന്റെയും മറ്റും ശ്രമഫലമായി റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ഫണ്ടും അനുവദിച്ചിരുന്നെങ്കിലും എൽഡിഎഫ് ഭരണകാലത്ത് ഇത് നഷ്ടപ്പെടുത്തിയതുമൂലം ഓരോ വർഷവും അരക്കോടിയോളം രൂപ മുടക്കി താൽക്കാലിക ബണ്ട് നിർമ്മിക്കുകയും ഈ താൽക്കാലിക ബണ്ട് ഇടയ്ക്കിടക്ക് തകർന്ന് പിന്നീട് വീണ്ടും വലിയ പണം മുടക്കി തുടർച്ചയായി നിർമ്മിക്കുകയും ചെയ്തുകൊണ്ടേയിരിക്കേണ്ട ഗതികേടിലാണ് എത്തിനിൽക്കുന്നതെന്ന് കേരള കോൺഗ്രസ് ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റും ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിച്ച് റെഗുലറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമാക്കണമെന്ന് കേരള കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് മുൻപും കേരള കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ മുനയത്ത് നിൽപ്പ് സമരവും മാർച്ചും കൂട്ടപ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചിരുന്നു.

തകർന്ന ബണ്ടിന് സമീപം നടന്ന പ്രതിഷേധ ധർണ്ണ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ സതീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ അശോകൻ ഷാരടി, സി.ബി. മുജീബ്, വേണുഗോപാൽ, രതീഷ്, യൂസഫലി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *