കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ 2024- 25 വർഷത്തെ സംസ്ഥാന ബജറ്റിൽ നിന്നും 1 കോടി രൂപ അനുവദിച്ച കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമ്മാണോദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ കരുവന്നൂർ പുഴയുടെ തീരത്ത് ഇരിങ്ങാലക്കുട നഗരസഭയെയും കാറളം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 53 വർഷങ്ങൾക്ക് മുമ്പ് ജലവിഭവ വകുപ്പ് നിർമ്മിച്ചതാണ് കരുവന്നൂർ സൗത്ത് ബണ്ട് റോഡ്.

3030 മീറ്റർ നീളത്തിൽ ശരാശരി 4.80 മീറ്റർ വീതിയിൽ റോഡ് റീ ടാറിംങ്ങും 345 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിൽ കോൺക്രീറ്റ് പാവിംങ്ങ് ബ്ലോക്ക് വിരിക്കുന്ന പ്രവൃത്തിക്കുമാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.

കരുവന്നൂർ വലിയ പാലത്തിന് സമീപം നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് മുഖ്യാതിഥിയായിരുന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്ഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വലിയാട്ടിൽ, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർമാരായ നസീമ കുഞ്ഞുമോൻ, അൽഫോൺസ തോമസ്, രാജി കൃഷ്ണകുമാർ, കാറളം പഞ്ചായത്ത് മെമ്പർ ലൈജു ആൻ്റണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ എ ബി ജിഷ റിപ്പോർട്ട് അവതരിപ്പിച്ചു.

ജലവിഭവ വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സ്വാഗതവും അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി വി അജിത്ത്കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *