ഇരിങ്ങാലക്കുട രൂപത മൈഗ്രേഷൻ മിഷൻ നേതൃത്വയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കാര്യാലയത്തിൽ മൈഗ്രേഷൻ മിഷൻ നേതൃത്വയോഗം സംഘടിപ്പിച്ചു.

വിദേശരാജ്യങ്ങളിൽ പോകുന്നവരിൽ പലർക്കും അവരുടെ ലക്ഷ്യം കണ്ടെത്താൻ പറ്റാതെ കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാകുന്നതും പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതും പതിവാകുന്നുണ്ട്. കൂടാതെ ഇതിൽ പലരും വീട് പണയപ്പെടുത്തിയും വായ്പ്പകൾ എടുത്തുമാണ് വിദേശത്തേക്ക്
കുടിയേറുന്നത്. അതിനാൽ തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും വിസ പ്രശ്നങ്ങളും വായ്പകൾ തിരിച്ചടക്കാനുള്ള ബുദ്ധിമുട്ടും ഓർത്ത് നാട്ടിലേക്ക് തിരിച്ചുവരാനാകാത്ത വിധം അവർ പ്രതിസന്ധിയിലാവുന്നുണ്ട്. അത്തരക്കാരെ കണ്ടെത്തി അവർക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ചെയ്യേണ്ടത് മൈഗ്രേഷൻ മിഷന്റെ പ്രഥമ ലക്ഷ്യമാണെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

അതാത് രാജ്യങ്ങളിലെ കോർഡിനേഷൻ കമ്മിറ്റികൾ ഇതിനുവേണ്ടി സജീവമായി രംഗത്തുവരണമെന്നും മിഷന്റെ യൂണിറ്റുകൾ ഇല്ലാത്ത രാജ്യങ്ങളിൽ പുതിയ യൂണിറ്റുകൾ സ്ഥാപിക്കുവാനും അദ്ദേഹം നിർദ്ദേശിച്ചു.

രൂപത പ്രസിഡന്റ്‌ ഷാജു വാലപ്പൻ അധ്യക്ഷത വഹിച്ചു.

സൗദി അറേബ്യ കോർഡിനേറ്റർ ഡേവിഡ് മാങ്ങൻ, മേഖല പ്രസിഡന്റ്‌ ജോസ് മാമ്പിള്ളി, സെക്രട്ടറി വർഗ്ഗീസ് പന്തല്ലൂക്കാരൻ, വൈസ് പ്രസിഡന്റ്‌ സന്ധ്യ സെബി, ട്രഷറർ വിൻസെന്റ് തെക്കേത്തല, ചാലക്കുടി മേഖല ഭാരവാഹികളായ അഡ്വ. വർഗ്ഗീസ് മണവാളൻ എന്നിവർ പ്രസംഗിച്ചു.

ജോയിന്റ് സെക്രട്ടറി ലെജിൻ പോൾ മഞ്ഞളി നന്ദി പറഞ്ഞു.

ജൂലൈ 5ന് നടക്കുന്ന
ഇരിങ്ങാലക്കുട
രൂപതയിലെ എല്ലാ ഇടവകകളിലും നിന്നുള്ള 8000ൽ അധികം വരുന്ന കുടുംബ സമ്മേളന ഭാരവാഹികളുടെ പ്രതിനിധി സമ്മേളനത്തിന്റെ പ്രവർത്തനങ്ങളിലേക്ക് മൈഗ്രേഷൻ മിഷന്റെ സംഭാവനയായി ഒരു ലക്ഷം രൂപയുടെ ചെക്ക് ബിഷപ്പ് മാർ പോളി കണ്ണൂക്കാടന് ഷാജു വാലപ്പൻ കൈമാറി.

കെ – ടെറ്റ് വിജ്ഞാപനം : പരീക്ഷയെഴുതി വിജയിച്ചവരുടെ അസ്സൽ പ്രമാണ പരിശോധന ജൂലൈ 12 വരെ

ഇരിങ്ങാലക്കുട : 2025 ഡിസംബർ മാസത്തിലെ കെ -ടെറ്റ് വിജ്ഞാപനം പ്രകാരം ഫെബ്രുവരി 22, 23 തിയ്യതികളിൽ നടന്ന പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സൽ പ്രമാണ പരിശോധന ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് ജൂൺ 30 മുതൽ ജൂലൈ 12 വരെ നടത്തുമെന്ന് എല്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

പരീക്ഷാർത്ഥികൾ താഴെ പറയുന്ന രേഖകൾ സഹിതം രാവിലെ 10 മണി മുതൽ വൈകീട്ട് 4.30 വരെയുള്ള സമയങ്ങളിൽ ഹാജരാക്കേണ്ടതാണ്.

കെ- ടെറ്റ് ഹാൾ ടിക്കറ്റ്, കെ- ടെറ്റ് മാർക്ക് ലിസ്റ്റ് (ഡൗൺലോഡ് കോപ്പി), എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, ഡി.എൽ.എഡ്. സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, ബിഎഡ് സർട്ടിഫിക്കറ്റ് എന്നീ രേഖകളാണ് ഹാജരാക്കേണ്ടത്.

മേൽപറഞ്ഞ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കേണ്ടതാണ്.

താൽക്കാലിക അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ ജൂനിയർ ഹിന്ദി വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.

നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും, കെ-ടെറ്റും ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 6ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 9497804828

എസ്.എൻ. പബ്ലിക് ലൈബ്രറിയിൽ വായന പക്ഷാചരണം നടത്തി

ഇരിങ്ങാലക്കുട : വായന പക്ഷാചരണത്തോടനുബന്ധിച്ച് എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളൻ്റിയർമാർ സ്വരുക്കൂട്ടിയ 30ഓളം നോവലുകൾ എസ്.എൻ. പബ്ലിക് ലൈബ്രറിയിലേക്ക് കൈമാറി.

പ്രിൻസിപ്പൽ സി.ജി. സിൻല അധ്യക്ഷത വഹിച്ചു.

എൻ.എസ്.എസ്. വൊളൻ്റിയർമാർ വായനാനുഭവങ്ങൾ പങ്കുവെച്ചു.

വായനയുമായി ബന്ധപ്പെട്ട് കവിതയും നൃത്തശില്പവും നാടകവും കവിതാസംഗമവും നടത്തി.

ലൈബ്രറേറിയന്മാരായ ടി.ഒ. ബീന പോൾസൺ, പി.ആർ. രജന എന്നിവർ പ്രസംഗിച്ചു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഐ. ദിവ്യ പരിപാടികൾക്ക് നേതൃത്വം നൽകി.

മാള മെറ്റ്സ് കോളെജിൽ ലോക സോഷ്യൽ മീഡിയ ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മാള മെറ്റ്സ് കോളെജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഐ.ടി. ക്ലബിന്റെ നേതൃത്വത്തിൽ ലോക സോഷ്യൽ മീഡിയ ദിനം ആഘോഷിച്ചു.

‘സോഷ്യൽ മീഡിയ ഫോർ പോസിറ്റീവ് ചേഞ്ച്’ എന്ന വിഷയത്തിൽ സോഷ്യൽ മീഡിയ ബാനർ ഡിസൈൻ മത്സരം സംഘടിപ്പിച്ചു.

സോഷ്യൽ മീഡിയയെ സമൂഹത്തിലെ നല്ല മാറ്റങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് ബാനറിലൂടെ അവതരിപ്പിക്കാനാണ് വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നത്.

45 മിനിറ്റ് ദൈർഘ്യമുള്ള മത്സരത്തിൽ വിവിധ ക്ലാസുകളിൽ നിന്നുള്ള വിദ്യാർഥികൾ രണ്ട് അംഗ സംഘങ്ങളായി പങ്കെടുത്തു.

ബാനറിൻ്റെ മതിപ്പ്, സർഗാത്മകത, ഒറിജിനാലിറ്റി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു മൂല്യനിർണ്ണയം.

പ്രൊഫ. പി.എസ്. നീതു, പ്രൊഫ. അമിത എന്നിവർ ജഡ്ജിമാരായി പ്രവർത്തിച്ചു.

മത്സരത്തിൽ ബിസിഎ മൂന്നാം സെമസ്റ്റർ വിദ്യാർഥി വി.ആർ. അനന്തകൃഷ്ണ ഒന്നാം സ്ഥാനവും, ബിസിഎ അഞ്ചാം സെമസ്റ്റർ വിദ്യാർഥികളായ എം.എസ്. സൂരജ്, ഐ.എൽ. ഹരികൃഷ്ണൻ എന്നിവർ രണ്ടാം സ്ഥാനവും, ബിസിഎ മൂന്നാം സെമസ്റ്റർ വിദ്യാർഥി അഭിനന്ദ്, അഞ്ചാം സെമസ്റ്റർ വിദ്യാർഥി മിഷേൽ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിദ്യാർഥി കോർഡിനേറ്റർ ഐ.എൽ. ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് മത്സരം നടന്നത്.

സോഷ്യൽ മീഡിയയെ സമൂഹനന്മയ്ക്കായി ഉപയോഗിക്കാനുള്ള വിദ്യാർഥികളുടെ ആശയങ്ങൾ ഏറെ പ്രശംസനീയമായിരുന്നുവെന്ന് ജഡ്ജിമാർ അഭിപ്രായപ്പെട്ടു.

വിജയികളെയും പങ്കെടുത്ത എല്ലാവരേയും കോളെജ് പ്രിൻസിപ്പൽ ഡോ. പ്രൊഫ. ഫോൺസി ഫ്രാൻസിസ് അഭിനന്ദിച്ചു.

നാഷണൽ സ്കൂളിലേക്ക് നാപ്കിൻ ഇൻസിനേറ്റർ കൈമാറി ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ യൂത്ത് എംപവർമെൻ്റ് പദ്ധതിയുടെ ഭാഗമായി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് നാപ്കിൻ ഇൻസിനേറ്റർ കൈമാറി.

ക്ലബ് പ്രസിഡൻ്റ് ഗോപിനാഥ് ടി. മേനോൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഡിസ്ട്രിക്ട് കോർഡിനേറ്റർ അഡ്വ. ജോൺ നിധിൻ തോമസ് മുഖ്യാതിഥിയായിരുന്നു.

സ്കൂൾ പ്രിൻസിപ്പൽ കെ.പി. സീന ആമുഖപ്രഭാഷണം നടത്തി.

ഭാസി രാജ്, ഫെനി എബിൻ, സുധീർ ബാബു, എന്നിവർ പ്രസംഗിച്ചു.

വിദ്യാർഥി പ്രതിനിധി ശിവനന്ദ സ്വാഗതവും സ്കൂൾ ലീഡർ തൻവി നന്ദിയും പറഞ്ഞു.

ടോണി വെള്ളാനിക്കാരൻ, ജോൺ കെ. ഫ്രാൻസിസ്, ഷേബാ മാർട്ടിൻ, എൽവീന മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.

ലയൺസ് ക്ലബ്ബ് കൺവെൻഷനിൽ പങ്കെടുക്കാൻ ഹോങ്കോങ്ങിലേക്ക് പോകുന്ന അഡ്വ. കെ.ജി. അനിൽകുമാറിനും ഉമ അനിൽകുമാറിനും യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : ഹോങ്കോങ്ങിൽ നടക്കുന്ന ഇൻ്റർനാഷണൽ ലയൺസ് ക്ലബ്ബ് കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി യാത്ര തിരിക്കുന്ന ചാർട്ടർ ഗവർണർ അഡ്വ. കെ.ജി. അനിൽകുമാർ, ഡിസ്റ്റിട്രിക് 3241 എഫ് ഗവർണർ ഉമ അനിൽകുമാർ എന്നിവർക്ക് ലയൺസ് ക്ലബ് ഓഫ് ഐസിഎൽ-ൻ്റെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ ഇന്ത്യയിൽ ആദ്യമായി 105 അംഗങ്ങളോടെ പ്രവർത്തനം ആരംഭിച്ച ലയൺസ് ക്ലബ് ഓഫ് ഐസിഎൽ-ന് സാധിക്കുമെന്ന് ചാർട്ടർ ഗവർണർ പിഎംജെഎഫ് അഡ്വ. കെ.ജി. അനിൽകുമാർ പറഞ്ഞു.

നിർധനരായ 5 പേർക്കെങ്കിലും വീട് നിർമ്മിച്ച് നൽകണമെന്നാണ് ആഗ്രഹമെന്ന് ചെന്നൈ ഡിസ്റ്റിട്രിക് 3241 എഫിൻ്റെ ഗവർണർണായി തെരഞ്ഞെടുക്കപ്പെട്ട ഉമ അനിൽകുമാർ പറഞ്ഞു.

പൊന്നാട അണിയിച്ച് ആശംസകൾ നേർന്ന അംഗങ്ങൾ, കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് സന്തോഷം പങ്ക് വെച്ചത്.

ലയൺസ് ക്ലബ് ഓഫ് ഐസിഎൽ പ്രസിഡൻ്റ് സാം എസ്. മാളിയേക്കൽ അധ്യക്ഷത വഹിച്ചു.

ബോർഡ് ഓഫ് ഡയറക്ടർമായ ഹരികുമാർ, ഡോ. ജയശ്രീ അജിത്ത്, വൈസ് പ്രസിഡൻ്റ് ടി. മാധവൻകുട്ടി, ടി.വി. വിശാഖൻ എന്നിവർ ആശംസകൾ നേർന്നു.

ജോയിൻ്റ് സെക്രട്ടറി മാല സജീഷ് സ്വാഗതവും സർവീസ് കോർഡിനേറ്റർ കെ.പി. സതീശൻ നന്ദിയും പറഞ്ഞു.

ഓപ്പറേഷൻ കാപ്പ : വേട്ട തുടരുന്നു ; കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട നിയാസ് പിടിയിൽ

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കരുവന്നൂർ നെടുമ്പുരക്കൽ വീട്ടിൽ നിയാസ് (31) എന്നയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് നിയാസിനെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നിയാസ് ഇരിങ്ങാലക്കുട, ചേർപ്പ്, കൈപ്പമംഗലം പൊലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമക്കേസിൽ ഉൾപ്പെടെ 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ദിലീഷ്, സബ് ഇൻസ്പെക്ടർ ടി. അഭിലാഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺജിത്ത്, എൻ.എം. ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ തോമാച്ചൻ, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ജി.എസ്.ടി. ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാർ ജി.എസ്.ടി. നിയമം നടപ്പിലാക്കിയതിന്റെ ഒൻപതാം വർഷാചരണത്തിന്റെ ഭാഗമായി കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല ജി.എസ്.ടി. ദിനം ആചരിച്ചു.

സി.ജി.എസ്.ടി., എസ്.ജി.എസ്.ടി. കമ്മീഷണർമാരുടെ ഓഫീസുകളിൽ മധുരം നൽകി സൗഹൃദം പങ്കുവെച്ചു.

മേഖല പ്രസിഡന്റ്‌ കെ.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.എസ്. രമേഷ് ബാബു, ട്രഷറർ കെ. രതീഷ്, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഫ്രാൻസൺ മൈക്കിൾ, ജോജി ചാക്കോ, മൊഹസിൻ, ഷിന്റോ എന്നിവർ പങ്കെടുത്തു.

ദുക്റാന ഊട്ടുതിരുനാൾ : സെൻ്റ് തോമസ് കത്തീഡ്രലിൽ കലവറ നിറയ്ക്കൽ ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലിൽ ദുക്റാന ഊട്ട് തിരുനാളിനോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ചടങ്ങ് നടത്തി.

ഊട്ട് നേർച്ചക്ക് ആവശ്യമായ പച്ചക്കറി ഉൽപ്പന്നങ്ങൾ ഇടവകക്കാർ സമർപ്പിച്ചു.

വികാരി റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി.

കൈക്കാരന്മാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ, തിരുനാൾ ജോയിന്റ് കൺവീനർമാരായ ഡേവിസ് ചക്കാലക്കൽ, ജെയ്സൺ പൊന്തോക്കൻ, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, കലവറ കമ്മിറ്റി കൺവീനർ ജോബി കരിമാലിക്കൽ, ജോയിന്റ് കൺവീനർ ആനി പോൾ എന്നിവർ സന്നിഹിതരായിരുന്നു.