കാപ്പ ലംഘനം : കുപ്രസിദ്ധ ഗുണ്ട ഉണ്ടപ്പൻ രമേഷ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ഉണ്ടപ്പൻ എന്നറിയപ്പെടുന്ന കൊടകര പഴമ്പിളളി സ്വദേശി ഇരിങ്ങപ്പിളളി വീട്ടിൽ രമേഷി(36)നെ അറസ്റ്റ് ചെയ്തു.

6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ചാലക്കുടി, പരിയാരം, കൊടകര, എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് ഉണ്ടപ്പൻ രമേഷിനെ അറസ്റ്റ് ചെയ്തത്.

കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശൂർ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസ് നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി കൊണ്ടിരിക്കെയാണ് രമേഷ് നിയലംഘനം നടത്തിയതായി കണ്ടെത്തി കൊടകര പൊലീസ് ഇൻസ്പെക്ടർ പി കെ ദാസ് അറസ്റ്റ് ചെയ്തത്.

അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ബിനു പൗലോസ്, ആഷ്ലിൻ, പൊലീസ് ഉദ്യോഗസ്ഥരായ സഹദ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

രമേഷ് കൊടകരയിൽ 2009ലും 2011ലും വധശ്രമ കേസുകളിലും, 2009ലും 2023ലും കൊടകരയിൽ രണ്ട് അടിപിടി കേസിലും, 2019ൽ ചാലക്കുടിയിൽ ഒരു അടിപിടി കേസിലും, 2022ൽ പുതുക്കാട് പാലിയേക്കരയിൽ ടോൾ പ്ലാസ പൊളിച്ച കേസിലും പ്രതിയാണ്.

2025 ജനുവരി മുതൽ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അലി അഷ്കർ, സിദ്ദിഖ്, കൈപമംഗലം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഹസീബ്, അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഉണ്ണിമോൻ എന്ന രഞ്ജിത്ത് എന്നിവരെ കാപ്പ നിയമപ്രകാരം ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അനു, ഡാനിയേൽ, കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുൾഫിക്കർ, ആളൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിഷ്ണു, ചേർപ്പ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രജീഷ് എന്നിവർക്ക് കാപ്പ നിയമപ്രകാരം ജില്ലയിൽ സഞ്ചലന നിയന്ത്രണ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ചേർപ്പ് സ്റ്റേഷൻ പരിധിയിലെ ശ്രീരാഗ്, മാള സ്റ്റേഷൻ പരിധിയിലെ കരീംഭായ് എന്ന് വിളിക്കുന്ന ജിതേഷ് എന്നിവരെ സഞ്ചലന നിയന്ത്രണവിലക്ക് ഉത്തരവ് ലംഘിച്ച് തൃശൂര്‍ റവന്യൂ ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

കണ്ണിക്കര പ്രവാസി അസോസിയേഷന്‍ കാരക്കാട്ട് ചിറയില്‍ 11000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഇരിങ്ങാലക്കുട : ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കണ്ണിക്കര പ്രവാസി അസോസിയേഷനും കേരള ഫിഷറീസ് വകുപ്പും സംയുക്തമായി ആളൂര്‍ പഞ്ചായത്തിലുള്ള താഴെക്കാട് കാരക്കാട്ട് ചിറയില്‍ 11000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

ആളൂര്‍ പഞ്ചായത്ത് അംഗം ഷൈനി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

കണ്ണിക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് പ്രജിത്ത് നടുവത്ര അധ്യക്ഷത വഹിച്ചു.

കേരള ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം എം ജിബിന, അസോസിയേഷന്‍ സെക്രട്ടറി ദിലീഷ് കുന്നിന്മേല്‍, നീരജ ബാബു, വര്‍ഗീസ് കണ്ണമ്പിള്ളി, റാഫി ഫ്രാന്‍സിസ്, ജോയി കളവത്ത്, ജസ്റ്റിന്‍ കളവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദുരാചാരങ്ങള്‍ തകര്‍ക്കപ്പെടണം : പി എ അജയഘോഷ്

ഇരിങ്ങാലക്കുട : ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളന വേദിയില്‍ സച്ചിദാനന്ദ സ്വാമികള്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ആധുനിക കേരളം ഏറ്റെടുക്കണമെന്ന് കെ പി എം എസ് സംസ്ഥാന പ്രസിഡന്റ് പി എ അജയഘോഷ് പറഞ്ഞു.

ആളൂരില്‍ നടന്ന കെ പി എം എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമത്വവും സാഹോദര്യവും പുലര്‍ത്തുന്നതിന് ഗുരു തന്നെ മുന്നോട്ടുവച്ച ദര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് സച്ചിദാനന്ദ സ്വാമികളിലൂടെ ഉയര്‍ന്നുവന്നിരിക്കുന്നതെന്നും ദുരാചാരങ്ങള്‍ തകര്‍ക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘാടക പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം നല്‍കിയ മുരിയാട് യൂണിയന്‍ സെക്രട്ടറി പി കെ കുട്ടനെയും കെ പി എം എസ് മീഡിയയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി കെ സുധീഷിനെയും പൊന്നാട അണിയിച്ച് സ്വീകരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി എന്‍ സുരന്‍ അധ്യക്ഷത വഹിച്ചു.

നേതാക്കളായ ശാന്ത ഗോപാലന്‍, ശശി കൊരട്ടി, ടി കെ സുബ്രന്‍, കെ പി ശോഭന, ഷാജു ഏത്താപ്പിള്ളി, ടി കെ സുധീഷ് എന്നിവർ പ്രസംഗിച്ചു.

നിര്യാതയായി

ഉഷ

കൊടുങ്ങല്ലൂർ : പുല്ലൂറ്റ് പരിയാടത്ത് നന്ദകുമാറിൻ്റെ ഭാര്യ ഉഷ (73) നിര്യാതയായി.

കാക്കനാട്ട് ആർട്ടിസ്റ്റ് നാരായണൻകുട്ടി മേനോന്റെയും തോട്ടത്തിൽ തങ്കമണിയമ്മയുടെയും മകളാണ്.

സംസ്കാരം ഞായറാഴ്ച്ച (ജനുവരി 26) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : ശ്യാംസുന്ദർ, സോംസുന്ദർ

മരുമക്കൾ : ധന്യ, ശ്യാമ

കരൂപ്പടന്ന സ്കൂളിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്

ഇരിങ്ങാലക്കുട : കരൂപ്പടന്ന ജി എച്ച് എസ് സ്കൂളിൽ ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ ഒരു മാസത്തെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

പത്താം ക്ലാസ് ജയിച്ച് ഡിഗ്രി യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾ മതിയായ രേഖകളുമായി ജനുവരി 27 (തിങ്കളാഴ്ച) രാവിലെ 10.30 ന് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

കെ കെ ടി എം കോളെജിൽ മെഡിക്കൽ കോഡിങ്ങിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ്

ഇരിങ്ങാലക്കുട : പുല്ലൂറ്റ് ഗവ കെ കെ ടി എം കോളെജിലെ സുവോളജി വകുപ്പ്, റിസർച്ച് കമ്മിറ്റി, ഐ ക്യു എ സി എന്നിവയുടെ നേതൃത്വത്തിൽ അങ്കമാലി ആന്റൺസ് മെഡികോഡുമായി സഹകരിച്ച് “മെഡിക്കൽ കോഡിംഗ്, ബില്ലിംഗ്, ആശുപത്രി ഭരണ നിർവ്വഹണം, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, മെഡിക്കൽ സ്ക്രൈബിംഗ് എന്നീ മേഖലകളിലെ ഭാവി സാധ്യതകൾ” എന്ന വിഷയത്തെ ആധാരമാക്കി അവബോധ പരിപാടി സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ പ്രൊഫ ഡോ ടി കെ ബിന്ദു ശർമിള ഉദ്ഘാടനം നിർവഹിച്ചു.

സുവോളജി വകുപ്പ് മേധാവി പ്രൊഫ ഡോ ഇ എം ഷാജി അധ്യക്ഷത വഹിച്ചു.

അസി പ്രൊഫ ഡോ സീമ മേനോൻ സ്വാഗതവും അസി പ്രൊഫ ഡോ എസ് നിജ നന്ദിയും പറഞ്ഞു.

തുടർന്ന് ആന്റൺസ് മെഡികോഡ് എം ഡി നീതു വർഗീസ് വിഷയാവതരണം നടത്തി.

ഓരോ മേഖലയും ഉൾക്കൊള്ളുന്ന കൃത്യമായ പ്രവർത്തനങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, വളർച്ചാ സാധ്യതകൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു.

ഇരുന്നൂറിലധികം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

നിര്യാതയായി

മറിയാമ്മ

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന വീട്ടിൽ ജോയ് ഭാര്യ മറിയാമ്മ (79) നിര്യാതയായി.

സംസ്കാരം ശനിയാഴ്ച (ജനുവരി 25) ഉച്ചതിരിഞ്ഞ് 3 മണിക്ക് അവിട്ടത്തൂർ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ജിമ്മി, ജിന്നി, ജൂലി

മരുമക്കൾ : ജെന്നി, കെ ടി വർഗീസ് (ജോയ് മോൻ), ജോർജ് മാത്യു

മാലിന്യമുക്ത നവകേരളം : ഇരിങ്ങാലക്കുടയിൽ പൊതു ഇടങ്ങളിലേക്കുള്ള ട്വിൻ ബിന്നുകൾ ഒരുങ്ങി

ഇരിങ്ങാലക്കുട : സ്വച്ഛ് സർവേക്ഷൻ, മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ എന്നിവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ പൊതു ഇടങ്ങളിൽ സ്ഥാപിക്കേണ്ട ട്വിൻ ബിന്നുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

വരും ദിവസങ്ങളിൽ പൊതുസ്ഥലങ്ങളായ ബസ് സ്റ്റാൻഡ്, മാർക്കറ്റ്, ജംഗ്ഷനുകൾ, മുനിസിപ്പൽ പാർക്ക്, കൂടൽമാണിക്യം ക്ഷേത്രം എന്നിവിടങ്ങളിൽ ബിന്നുകൾ സ്ഥാപിക്കും.

ജൈവ – അജൈവ മാലിന്യങ്ങൾ തരംതിരിച്ചു തന്നെ ബിന്നുകളിൽ നിക്ഷേപിക്കണമെന്ന് ചെയർപേഴ്സൺ പറഞ്ഞു.

പൊതു ഇടങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ തക്കതായ പിഴയും ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

പബ്ലിക് ടോയ്‌ലറ്റ് കെയർ ടേക്കർമാരെ അനുമോദിച്ച് ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : സ്വച്ഛ് സർവേക്ഷൻ, മാലിന്യമുക്ത നവകേരളം, ക്ലീൻ ടോയ്‌ലറ്റ് ക്യാമ്പയിൻ എന്നിവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ പബ്ലിക് ടോയ്‌ലറ്റുകളുടെ കെയർ ടേക്കർമാരെ അനുമോദിച്ചു.

നഗരസഭയിലെ പ്രധാന ടോയ്ലറ്റുകളായ മാർക്കറ്റ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ കെയർ ടേക്കർമാരായ മുജീബ്, ജോഷി എന്നിവരെയാണ് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പൊന്നാടയണിയിച്ച് ഫലകം നൽകി അനുമോദിച്ചത്.

കൂടാതെ 23-ാം വാർഡിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച അജൈവമാലിന്യത്തിന്റെ കൂടെ ലഭിച്ച സ്വർണ്ണക്കമ്മൽ സ്ഥാപനത്തിലെ ജീവനക്കാരിക്ക് തിരിച്ചു നൽകി മാതൃകയായ ഹരിതകർമ സേനാംഗം അനിത സുനിലിനെയും ചടങ്ങിൽ ആദരിച്ചു.

ഇരിങ്ങാലക്കുട നഗരസഭ സ്വാപ്പ് ഷോപ് ”R R R” സെന്റർ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിൽ സ്വച്ഛ് സർവേക്ഷന്റെ ഭാഗമായി ”R R R” (റീയൂസ്, റെഡ്യൂസ്, റീസൈക്കിൾ) സെന്റർ പ്രവർത്തനം ആരംഭിച്ചു.

നഗരസഭ കസ്തൂർബ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പദ്ധതി ഉദ്ഘടാനം ചെയ്തു.

RRR സെന്ററിലേക്ക് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് ഉപയോഗപ്രദമായ സാധനങ്ങൾ സംഭാവന ചെയ്തു.

ക്ലീൻ സിറ്റി മാനേജർ എസ് ബേബി സ്വാഗതം പറഞ്ഞു.

വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിലവിൽ ഉപയോഗിക്കാത്തതും എന്നാൽ പുനരുപയോഗ്യവുമായ വീട്ടുപകരണങ്ങൾ, ഫർണീച്ചറുകൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ഇലക്ട്രോണിക് സാമഗ്രികൾ തുടങ്ങി എല്ലാവിധ സാധനങ്ങളും ശേഖരിച്ച് നഗരസഭയിലെ റെഡ്യൂസ്- റീയൂസ്- റീസൈക്കിൾ സെൻ്ററിൽ ശേഖരിക്കുകയും ഇവ നഗരസഭയിലെ അർഹരായ ഗുണഭോക്താക്കൾക്ക് നൽകി പുനരുപയോഗ സാധ്യത വർദ്ധിപ്പിക്കുകയുമാണ് പദ്ധതി വഴി നടപ്പാക്കുന്നത്.

പൊതുജനങ്ങൾ വിവിധങ്ങളായ പുനരുപയോഗ വസ്തുക്കൾ RRR സെന്ററിലേക്ക് സംഭാവന ചെയ്തുകൊണ്ട് മാലിന്യപരിപാലന സംസ്കരണ രംഗത്ത് ഒന്നിച്ചു നിൽക്കണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.