ജയിലിലേക്ക് ലഹരിപ്പൊതിയേറ് : വിഷ്ണു അകത്തായി

തൃശൂർ : കഴിഞ്ഞദിവസം വിയ്യൂർ ജയിലിൽ കഴിയുന്ന സുഹൃത്തിന് ലഹരിപ്പൊതി എറിഞ്ഞു നൽകാൻ ജയിൽ പരിസരത്തെത്തിയ വിഷ്ണു ചെന്നു പെട്ടത് തോക്കുധാരിയുടെ മുന്നിൽ. അകത്തേക്ക് കടക്കാതെ പൊതി അകത്തെത്തിക്കാൻ നോക്കിയ വിഷ്ണുവും അങ്ങനെ അപ്രതീക്ഷിതമായി അകത്തായി.

ലഹരിപ്പൊതിയുമായി തക്കംപാർത്ത് ജയിലിന് പുറത്ത് പതുങ്ങി ഇരിക്കുകയായിരുന്ന വിഷ്ണു പുറം സെക്യൂരിറ്റി ഐ ആർ ബി പൊലീസിന്റെ മുന്നിൽ ചെന്ന് പെടുകയായിരുന്നു.

ജയിലിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ വന്നതാണെന്നും പെട്ടെന്ന് മലമൂത്രവിസർജ്ജനത്തിനായി കാട്ടിൽ പതുങ്ങിയതാണെന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പന്തികേട് തോന്നിയ ഉദ്യോഗസ്ഥൻ ദേഹപരിശോധന നടത്തിയതോടെ കള്ളി വെളിച്ചത്തായി.

വിയ്യൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിലേക്ക് റിമാൻഡും ചെയ്തു.

തിരുവന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണു (32) പലതവണ ജയിലിൽ കിടന്നിട്ടുള്ളയാളാണ്.

ഇനി വിഷ്ണുവിന് ലഹരി എത്തിക്കാൻ എത്തുന്ന അടുത്ത ചങ്ങാതിക്കായുള്ള കാത്തിരിപ്പിലാണ് ജയിൽ ഉദ്യോഗസ്ഥർ.

പടിയൂര്‍ മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷം : നാട്ടുകാര്‍ ആശങ്കയില്‍

ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷമായി. കൂട്ടമായി എത്തുന്ന പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

ചെട്ടിയാല്‍ മരോട്ടിക്കല്‍ ഭാഗത്ത് തെക്കേത്തലയ്ക്കല്‍ നീലാംബരന്‍, തെക്കേത്തലയ്ക്കല്‍ ബിന്ദു, എടച്ചാലി വേലായുധന്‍ എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങിന്‍ തൈകളും കപ്പയും പന്നിക്കൂട്ടം നശിപ്പിച്ചു.

എട്ടോളം പന്നികളെ കഴിഞ്ഞ 3 ദിവസമായി മേഖലയില്‍ കാണുന്നതായി നാട്ടുകാര്‍ പറഞ്ഞു.

പടിയൂര്‍ നിലംപതി ഭാഗത്താണ് ആദ്യം ഇവയെ കണ്ടത്. പിന്നീട് എച്ച് ഡി പി സ്‌കൂള്‍ പരിസരത്ത് കണ്ടിരുന്നു. കാടുകയറി കിടക്കുന്ന പറമ്പുകളില്‍ തമ്പടിക്കുന്ന ഇവ രാത്രിയാണ് കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്.

രാത്രി ജനവാസമേഖലയില്‍ ഇറങ്ങുന്ന ഇവ ആളുകളെ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് പരിസരവാസികൾ.

കൃഷിനാശം സംഭവിച്ച സ്ഥലങ്ങളില്‍ കൃഷി ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശനം നടത്തി.

പന്നികളെ തുരത്താന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വല്ലക്കുന്നിലെ വാടക നല്‍കാതെ പ്രവര്‍ത്തനം തുടര്‍ന്നിരുന്ന കെട്ടിടമുറികള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി

ഇരിങ്ങാലക്കുട : വര്‍ഷങ്ങളായി വാടക നല്‍കാതെ പ്രവര്‍ത്തനം തുടര്‍ന്നിരുന്ന വല്ലക്കുന്നിലെ കെട്ടിടമുറികള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ആമീന്‍മാരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി.

വല്ലക്കുന്ന് സെന്ററിന് അടുത്തുള്ള പൊട്ടത്തുപറമ്പില്‍ പോളി ഭാര്യ സിസിലി, മക്കളായ സംഗീത, കവിത എന്നിവരില്‍ നിന്നും എഴ് വര്‍ഷം മുമ്പ് ഫര്‍ണീച്ചര്‍ വ്യാപാരത്തിനായി വെള്ളിക്കുളങ്ങര സ്വദേശി ജിന്റോ ജോണ്‍ മൂന്ന് മുറികള്‍ വാടകയ്ക്ക് എടുത്തിരുന്നു.

ആദ്യത്തെ 5 മാസത്തിന് ശേഷം വാടക കൊടുക്കാനോ മുറികള്‍ ഒഴിയാനോ തയ്യാറാകാതെ വന്നപ്പോഴാണ് കെട്ടിട ഉടമസ്ഥര്‍ കോടതിയെ സമീപിച്ചത്.

ഇതിനകം വാടക ബാക്കി പതിനൊന്ന് ലക്ഷം രൂപയായി ഉയര്‍ന്നിരുന്നു. മുറികള്‍ ഒഴിയാന്‍ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതി 3 വര്‍ഷം മുമ്പ് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ വാടകക്കാരന്‍ മേല്‍ക്കോടതികളെ സമീപിച്ചെങ്കിലും ഹര്‍ജികള്‍ തള്ളുകയായിരുന്നു.

കെട്ടിടമുറികള്‍ ഒഴിയാന്‍ 2024 നവംബറില്‍ ഹൈക്കോടതി ഉത്തരവായി.

ഇന്നലെ ഉച്ചയോടെ കോടതി ആമീന്‍മാരുടെ നേതൃത്വത്തില്‍ മുറികളുടെ പൂട്ട് പൊളിച്ച് ഉടമസ്ഥന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കോടതി നടപടി ചെണ്ട കൊട്ടി പരസ്യപ്പെടുത്തി.

ആളൂര്‍ പൊലീസും സ്ഥലത്തുണ്ടായിരുന്നു.

എ പ്ലസ് ഗ്രേഡ് നിലനിർത്തി ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി

ഇരിങ്ങാലക്കുട : പ്രവർത്തന മികവിനുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമായ എ പ്ലസ് ഗ്രേഡ് നിലനിർത്തി മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി.

2018- 19ൽ തൃശ്ശൂർ ജില്ലയിൽ മൂന്ന് ലൈബ്രറികൾക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചതിൽ ഒന്ന് ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി ആയിരുന്നു. തുടർന്നുള്ള എല്ലാ വർഷവും എ പ്ലസ് ഗ്രേഡ് നിലനിർത്തുവാൻ ലൈബ്രറിക്ക് കഴിഞ്ഞു.

ബാലവേദി, വനിതാവേദി, യുവത, വയോജന വിഭാഗം, കലാസാംസ്കാരിക വിഭാഗം, കായിക വിഭാഗം, ലഹരി വിരുദ്ധ ക്ലബ്ബ്, അക്ഷര സേന തുടങ്ങിയവയുടെ സജീവ പ്രവർത്തനം, വായന മത്സരങ്ങൾ, സർഗോത്സവങ്ങൾ എന്നിവയിലെ സ്ഥിരം സാന്നിധ്യം, താലൂക്ക്, ജില്ല, സംസ്ഥാന ലൈബ്രറി കൗൺസിലുകളുടെ എല്ലാ നിർദ്ദേശങ്ങളും പരിപാടികളും ഭംഗിയായും സമയബന്ധിതമായും നടപ്പാക്കുക എന്നിവ മികവിന്റെ ഘടകങ്ങളായി.

എല്ലാ വർഷവും വ്യക്തിത്വ വികസന ക്യാമ്പുകൾ, പരിസ്ഥിതി ദിനാചരണം, സ്വാതന്ത്ര്യദിനാഘോഷം, വായനാദിന പരിപാടികൾ, കേരളപ്പിറവി ആഘോഷം, ശിശുദിനാഘോഷം, പതാകദിനാഘോഷം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, അക്ഷരശ്ലോകം, ചലച്ചിത്ര ഗാനം, ചിത്രരചന, ചെസ്സ് മത്സരങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയും ജൈവ പച്ചക്കറി കൃഷി, സോപ്പ് നിർമ്മാണം, എൽഇഡി ബൾബ് നിർമാണ പരിശീലനം, ഫാഷൻ ഡിസൈനിങ്, ബ്യൂട്ടീഷൻ കോഴ്സുകൾ, നൃത്ത പരിശീലനം, കരാട്ടെ, കളരി, യോഗ, കീബോർഡ് ക്ലാസുകൾ, പി എസ് സി പരീക്ഷ പരിശീലന ക്ലാസുകൾ എന്നിവയും ലൈബ്രറിയോടനുബന്ധിച്ച് നടത്തിവരുന്നുണ്ട്.

എ പ്ലസ് ഗ്രേഡ് ലഭിച്ച മുകുന്ദപുരം താലൂക്കിലെ ഏക ലൈബ്രറിയും മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയാണ്.

1889ൽ സ്ഥാപിതമായ മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി 137-ാം വാർഷികാഘോഷത്തിലേക്ക് കടക്കുമ്പോൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് പ്രസിഡന്റ് പി സി ആശ, സെക്രട്ടറി അഡ്വ കെ ജി അജയ് കുമാർ എന്നിവർ ഉൾപ്പെട്ട 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്.

വനിതകൾക്കുള്ള ഏകദിന സ്വയംതൊഴിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യൂണിറ്റും ഗാന്ധി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും അസോസിയേറ്റ് മുസരീസ് ഗൃഹദീപം ട്രെയിനിംഗ് സെന്ററും സംയുക്തമായി വനിതകൾക്കുള്ള ഏകദിന സ്വയംതൊഴിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

എം എസ് എസ് വെള്ളാങ്ങല്ലൂർ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഹാജി അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം നിർവഹിച്ചു.

എം എസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ എ ഗുലാം മുഹമ്മദ്, സംസ്ഥാന നിർവാഹക സമിതി അംഗം പി എ സീതി മാസ്റ്റർ, ലേഡീസ് വിംഗ് ജില്ലാ ട്രഷറർ ബീന കാട്ടകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

ലേഡീസ് വിംഗ് ജില്ലാ സെക്രട്ടറി ജുമൈല ജസീൽ സ്വാഗതവും യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഹസീന ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

എ ആർ ശ്രീകുമാർ ബി ജെ പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ നടന്ന ബി ജെ പി പ്രവർത്തക കൺവെൻഷനിൽ തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റായി എ ആർ ശ്രീകുമാർ നിയമിതനായി.

വരണാധികാരി കെ ആർ അനീഷ്കുമാറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുമോദന പ്രസംഗം നടത്തി.

മുൻ ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ്കുമാർ, തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ ആർ അജിഘോഷ്, പാർട്ടി നേതാക്കളായ അഡ്വ കെ ആർ ഹരി, സുജയ് സേനൻ, കൃപേഷ് ചെമ്മണ്ട, ലോചനൻ അമ്പാട്ട്, പി എസ് അനിൽകുമാർ, സന്തോഷ് ചെറാക്കുളം, കെ സി വേണു മാസ്റ്റർ, എൻ ആർ റോഷൻ, ശെൽവൻ മണക്കാട്ടുപടി, കെ എസ് വിനോദ്, രാജേഷ് കോവിൽ, സി പി സെബാസ്റ്റ്യൻ, ജോസഫ് പടമാടൻ, മണ്ഡലം പ്രസിഡൻ്റുമാരായ ആർച്ച അനീഷ്, പി എസ് സുഭീഷ്, പ്രിൻസ്, കാർത്തിക സജയ്, ടി വി പ്രജിത്ത്, വി സി സിജു, ജിതേഷ്, അനൂപ് എന്നിവർ പ്രസംഗിച്ചു.

എടതിരിഞ്ഞിയിൽ റേഷൻ കടയ്ക്കു മുമ്പിൽ കോൺഗ്രസ് ധർണ

ഇരിങ്ങാലക്കുട : സർക്കാരിൻ്റെ പിടിപ്പുകേടു കൊണ്ട് അവതാളത്തിലായ റേഷൻ വിതരണം പുന:ക്രമീകരിക്കാൻ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ട് എടതിരിഞ്ഞി മരോട്ടിക്കലുള്ള എ ആർ ഡി 61-ാം നമ്പർ റേഷൻ കടയ്ക്കു മുമ്പിൽ പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.

മണ്ഡലം പ്രസിഡന്റ് എ ഐ സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

മഹിള കോൺഗ്രസ് കാട്ടൂർ ബ്ലോക്ക് പ്രസിഡന്റ് ഗീത മനോജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ കെ ഷൗക്കത്തലി, ബിജു ചാണാശ്ശേരി, ഒ എൻ ഹരിദാസ്, കണ്ണൻ മാടത്തിങ്കൽ, ഹാജിറ റഷീദ്, വി കെ നൗഷാദ്, എം സി നീലാംബരൻ തുടങ്ങിയവർ പ്രസംഗിച്ചു.

നിര്യാതനായി

ഇബ്രാഹിം കുട്ടി

ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് പാലക്കൽ കാദർകുഞ്ഞി മകൻ ഇബ്രാഹിംകുട്ടി (82) നിര്യാതനായി.

ഖബറടക്കം നടത്തി.

ഭാര്യ : നബീസ

മക്കൾ : ജമീല, ഷെമീറ, അബ്ദുൾ കാദർ

മരുമക്കൾ : സെയ്തു മുഹമ്മദ്‌, അബ്ദുൾ കാദർ, ഷൈല

എടതിരിഞ്ഞി – തേക്കുംമൂല റോഡിൽ കാനകൾ നിർമ്മിക്കണം : സി പി ഐ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി ചെട്ടിയാൽ മുതൽ കാട്ടൂർ വരെയുള്ള റോഡ് റീ ടാറിങ്ങിന് മുൻപ് റോഡിൻ്റെ ഇരുവശത്തും താമസിക്കുന്നവർക്ക് മഴക്കാലത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുന്നതിനായി കാന നിർമ്മിക്കണമെന്ന് സി പി എ വടക്കുമുറി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

കെ കെ രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി വി ആർ രമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം വത്സൻ, കെ എസ് രാധാകൃഷ്ണൻ, ലതിക ഉല്ലാസ്, ബിനോയ് കിഴക്കൂട്ട് എന്നിവർ പ്രസംഗിച്ചു.