തദ്ദേശീയ ദിനാഘോഷം : ജില്ലാതല കായിക മത്സരങ്ങൾ തുടങ്ങി

ഇരിങ്ങാലക്കുട : ഫെബ്രുവരി 18, 19 തീയ്യതികളിൽ ഗുരുവായൂരിൽ വച്ച് നടക്കുന്ന തദ്ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടത്തുന്ന ജില്ലാതല കായിക മത്സരത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.

ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡൻ്റും കലാകായിക സബ്ബ് കമ്മിറ്റി ചെയർമാനുമായ എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു.

നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് ആശംസകൾ നേർന്നു.

മതിലകം പഞ്ചായത്ത് സെക്രട്ടറിയും കൺവീനറുമായ കെ എസ് രാംദാസ് സ്വാഗതവും, സബ്ബ് കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് ജീവനക്കാരനുമായ പി എം മിഥുൻ നന്ദിയും പറഞ്ഞു.

തീരദേശവില്പന ലക്ഷ്യമാക്കി എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി : പിടികൂടിയത് 200ൽ പരം പാക്കറ്റുകൾ

ഇരിങ്ങാലക്കുട : തീരദേശ വിൽപ്പന ലക്ഷ്യമാക്കി കാറിലും സ്കൂട്ടറിലുമായി 200ൽ പരം പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ.

തീരദേശ മേഖലയിലെ സ്കൂൾ, കോളെജ് വിദ്യാർഥികൾക്കും, മത്സ്യതൊഴിലാളികൾക്കും ഇടയിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വിൽപ്പന നടത്തുന്നതിനായി എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പി വെമ്പല്ലൂർ അമ്പലനട ജംഗ്ഷനിൽ വെച്ച് നടത്തിയ കാർ പരിശോധനയിൽ ഒരു കാറിന്റെ സീറ്റിനടിയിൽ സഞ്ചിയിലാക്കിയ നിലയിൽ 130 ഹാൻസ് പാക്കറ്റുകളും വില്പന നടത്തി കിട്ടിയ 18,010 രൂപയും ലഭിച്ചു.

കാറിൽ എത്തിയ കൊടുങ്ങല്ലൂർ ലോകമലേശ്വരം കുഴികണ്ടത്തിൽ വീട്ടിൽ മുഹമ്മദ് മകൻ സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറ്റൊരു സ്കൂട്ടറിൽ നിരോധിത പുകയുൽപ്പന്നങ്ങളുമായി എത്തിയ കുടിലിങ്ങാബസാർ ചാനടിക്കൽ വീട്ടിൽ സദാനന്ദൻ മകൻ സന്ദീപിനെയും അറസ്റ്റ് പൊലീസ് ചെയ്തു.

ഇയാളുടെ സ്കൂട്ടറിൽ നിന്നും 60 പാക്കറ്റ് ഹാൻസുകൾ കണ്ടെത്തി.

ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐഎസ്എച്ച്ഒ എം കെ ഷാജി, എസ് ഐ രമ്യ കാർത്തികേയൻ, പ്രൊ എസ് ഐ സഹദ്, എ എസ് ഐമാരായ പ്രജീഷ്, ഷൈജു, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുഹമ്മദ്‌ അഷ്‌റഫ്‌ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കാറളം പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൽ പുതിയ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.

പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക റെനിൽ വികസന കാഴ്ചപ്പാടും കരട് പദ്ധതിയും അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് രമേഷ്, കാറളം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബീന സുബ്രഹ്മണ്യൻ, ജഗജി കായംപുറത്ത്, മറ്റ് മെമ്പർമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ കെ ഗ്രേസി നന്ദിയും പറഞ്ഞു.

മഹാത്മാഗാന്ധി അനുസ്മരണം ആചരിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 101-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.

ബൂത്ത് പ്രസിഡൻ്റ് ഡേവിസ് ഷാജുവിൻ്റെ അധ്യക്ഷതയിൽ മാർക്കറ്റ് പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു.

ലോകജനതയ്ക്ക് എല്ലാ കാലത്തും മാതൃകയും പ്രചോദനവുമായ മഹാത്മാഗാന്ധിയുടെ ഹത്യ നമുക്ക് ഒരു കാലത്തും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ജോസഫ് ചാക്കോ പറഞ്ഞു.

തുടർന്ന് മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

18-ാം വാർഡ് കൗൺസിലർ മിനി ജോസ് ചാക്കോള, മണ്ഡലം ട്രഷറർ ജോസ് മാമ്പിള്ളി, അഡ്വ ഹോബി ജോളി, സണ്ണി മുരിങ്ങത്തുപറമ്പിൽ എന്നിവർ അനുസ്മരണ സന്ദേശം നൽകി.

വിൻസെൻ്റ് ചക്കാലയ്ക്കൽ, ഇഗ്നേഷ്യസ് നെടുമ്പാക്കാരൻ, ജോണി അമ്പൂക്കൻ, സാബു കൂനൻ എന്നിവർ നേതൃത്വം നൽകി.

ഡി സോൺ കലോത്സവത്തിനിടയിൽ നടന്ന ആക്രമണം : പ്രതികൾ റിമാൻഡിൽ

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവം നടക്കുന്ന മാള പൊലീസ് സ്റ്റേഷൻ പരിധിയിലെ മാള ഹോളി ഗ്രേസ് കോളെജിന്റെ ഒന്നാം നമ്പർ വേദിയുടെ മുന്നിൽ പരിപാടിയുടെ നടത്തിപ്പിലെ അപാകതകളെപ്പറ്റി ചോദിച്ചവരെ മുളവടി, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസ്സിലെ പ്രതികൾ റിമാൻഡിൽ.

കോട്ടപ്പടി കുഴിക്കാട്ടിൽ വീട്ടിൽ മുരളീധരൻ മകൻ ഗോകുൽ, പനമുക്ക് തയ്യിൽ വീട്ടിൽ പ്രദീപ് മകൻ സച്ചിൻ, പരപ്പനങ്ങാടി പാറക്കണ്ണിത്തറയിൽ ദാസൻ മകൻ സുദേവ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദേശാനുസരണം മാള പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ സജിൻ ശശി അറസ്റ്റ് ചെയ്തത്.

പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

നിര്യാതയായി

ലക്ഷ്മിക്കുട്ടി അമ്മ

കോണത്തുകുന്ന് : മനക്കലപ്പടി നാഞ്ചേരി വീട്ടിൽ മാണിക്യൻകുട്ടി നായർ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (77) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച്ച (ജനുവരി 30) ഉച്ചയ്ക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, ആശ, സിന്ധു

മരുമക്കൾ : ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, ശെൽവി, ലതാദേവി

നിര്യാതയായി

ലക്ഷ്മിക്കുട്ടി അമ്മ

കോണത്തുകുന്ന് : മനക്കലപ്പടി നാഞ്ചേരി വീട്ടിൽ മാണിക്യൻകുട്ടി നായർ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (77) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച്ച (ജനുവരി 30) ഉച്ചയ്ക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, ആശ, സിന്ധു

മരുമക്കൾ : ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, ശെൽവി, ലതാദേവി

വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കമ്പിവടി കൊണ്ട് തലക്കടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ ഗൃഹനാഥൻ്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കമ്പിവടി കൊണ്ട് തലക്കടിച്ച് ആക്രമിച്ച കേസിലെ 2 പ്രതികൾ അറസ്റ്റിലായി.

മതിലകം സ്വദേശി കൊതുവിൽ വീട്ടിൽ താജുദ്ദീൻ (39), മണ്ണുത്തി സ്വദേശി പണിക്കവീട്ടിൽ നൗഫീൽ (24) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി ബി കുഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.

കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന താമസിക്കുന്ന തളിക്കുളം സ്വദേശി കല്ലിപറമ്പിൽ വീട്ടിൽ സാദിഖിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

പുലർച്ചെ കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്ന സാദിഖിൻ്റെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ സംഘം കമ്പിവടി കൊണ്ട് തലയ്ക്കും കൈകാലിലും അടിച്ചു വീഴ്ത്തുകയായിരുന്നു.

സാദിഖ് ബഹളം വച്ചതോടെ സംഘം ബൈക്കിൽ രക്ഷപ്പെട്ടു.

വ്യക്തി വൈരാഗ്യം തീർക്കാൻ താജുദ്ദീൻ തയ്യാറാക്കിയ പദ്ധതിയായിരുന്നു മുളകുപൊടി ആക്രമണം. ദിവസങ്ങൾക്ക് മുൻപേ പ്രതികൾ ഇവിടെ എത്തി സാദിഖിൻ്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു.

ഒന്നാം പ്രതി നൗഫീലിനെ കാളത്തോട് നിന്നും എറണാകുളം കൂനമ്മാവിൽ രഹസ്യമായി താമസിച്ചിരുന്ന താജുദ്ദീനെ വൈറ്റില ഹബ്ബിൽ വച്ച് കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് മഫ്തിയിൽ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു.

മണ്ണുത്തി സ്റ്റേഷനിലും ഒല്ലൂരിലും രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമക്കേസ്സുകളിൽ ഉൾപ്പെടെ എട്ടോളം ക്രിമനൽ കേസ്സുകളിൽ പ്രതിയാണ് നൗഫീൽ.

താജുദ്ദീൻ 2006ൽ മതിലകം സ്റ്റേഷൻ പരിധിയിൽ ഉണ്ടായ അടിപിടി കേസ്സിലെ പ്രതിയാണ്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐമാരായ സി എം ക്ലീറ്റസ്, പി ജയകൃഷ്ണൻ, എ എസ് ഐ സൂരജ് വി ദേവ്, സീനിയർ സി പി ഒമാരായ ഇ എസ് ജീവൻ, എം ആർ രഞ്ജിത്ത്, എ കെ രാഹുൽ, സി പി ഒ മാരായ കെ എസ് ഉമേഷ്, കെ ജെ ഷിൻ്റോ, വിപിൻ ഗോപി, സൈബർ സെൽ വിദഗ്ദ്ധൻ പി വി രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാൻ ശരത് അറസ്റ്റിൽ

കൊടുങ്ങല്ലൂർ : കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് പറവൂർ ചെറുപറമ്പിൽ വീട്ടിൽ ശശി മകൻ ഭഗവാൻ ശരത്ത് എന്നറിയപ്പെടുന്ന ശരത്തിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശി അഭയ് എന്നയാളുടെ ബൈക്ക് മോഷണം പോയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഭഗവാൻ ശരത്ത് പിടിയിലായത്.

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ബൈക്ക് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചും, സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഭഗവാൻ ശരത് പിടിയിലായത്.

2020ൽ ഒരു ബൈക്ക് മോഷണ കേസിലും, 2022ൽ പുതുക്കാട് സ്റ്റേഷനിൽ 2 ബൈക്ക് മോഷണ കേസിലും, 2023ൽ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ വീടും ഫ്രൂട്ട്സ് കടയും കുത്തിപ്പൊളിച്ച് മോഷണം നടത്തിയ 2 കേസിലും, 2024ൽ ഇരിങ്ങാലക്കുട സ്റ്റേഷനിൽ മീൻകട കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലും പ്രതിയാണ് ഇയാൾ.

കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി കെ അരുൺ, എസ് ഐ സജിൽ, എസ് ഐമാരായ വൈഷ്ണവ് രാമചന്ദ്രന്‍, ജഗദീഷ്, ഉദ്യോഗസ്ഥരായ ഷമീർ, അനസ്, അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പട്ടികജാതി വിദ്യാർഥികൾക്ക് മേശയും കസേരയും : പദ്ധതി നടപ്പിലാക്കി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി “പട്ടികജാതി വിദ്യാർഥികൾക്ക് മേശയും കസേരയും” വിതരണം ചെയ്ത് ഇരിങ്ങാലക്കുട നഗരസഭ.

നഗരസഭയുടെ പട്ടികജാതി വികസന ഫണ്ടിൽ നിന്നും 9 ലക്ഷം രൂപയോളം വിനിയോഗിച്ചുകൊണ്ട് 196 വിദ്യാർഥികൾക്കാണ് മേശയും കസേരയും വിതരണം ചെയ്തത്.

വിതരണോദ്ഘാടനം ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ എസ് സുഷ എന്നിവർ ആശംസകൾ അർപ്പിച്ചു.

കൗൺസിലർമാരായ സതി സുബ്രഹ്മണ്യൻ, രാജി കൃഷ്ണകുമാർ, സി എം സാനി എന്നിവർ സന്നിഹിതരായിരുന്നു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ പി യു ചൈത്ര നന്ദിയും പറഞ്ഞു.