നിര്യാതനായി

അന്തോണി

ഇരിങ്ങാലക്കുട : ചേലൂർ തേമാലിതറ അച്ചങ്ങാടൻ ദേവസി മകൻ അന്തോണി (അന്തപ്പൻ – 83) നിര്യാതനായി.

സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക്
ചേലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : ത്രേസ്യ

മക്കൾ : സാജൻ (കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ്), ആന്റിസൻ (മസ്കറ്റ്), സാജി റോയ്, റോബിൻ (മസ്കറ്റ് )

മരുമക്കൾ : ബ്രിജിത്ത്, ജിസ്സി, റോയ് (മസ്കറ്റ്), മിറാന്റാ

മാപ്രാണം – നന്തിക്കര റോഡ് നിർമ്മാണം 10ന് ആരംഭിക്കും : 3 ദിവസത്തേക്ക് പൂർണ്ണ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : മാപ്രാണം നന്തിക്കര റോഡിൽ നെടുമ്പാൾ മുതൽ നന്തിക്കര വരെയുള്ള റോഡ് ടാറിംഗ് ചെയ്യുന്നതിൻ്റെ ഭാഗമായി
ഫെബ്രുവരി 10 മുതൽ വാഹന ഗതാഗതം 3 ദിവസത്തേക്ക് പൂർണ്ണമായും നിയന്ത്രിക്കും.

ഇരിങ്ങാലക്കുട വഴി വരുന്ന വാഹനങ്ങൾ നെടുമ്പാൾ ജംഗ്ഷനിൽ നിന്നും ഇടതുവശത്തേക്ക് തിരിഞ്ഞ് പള്ളം – കുറുമാലി വഴി ഹൈവേയിലേക്കും തിരിച്ചുള്ള വാഹനങ്ങൾ കുറുമാലി – പള്ളം – രാപ്പാൾ – നെടുമ്പാൾ ജംഗ്ഷൻ വഴി ഇരിങ്ങാലക്കുടയ്ക്കും പോകേണ്ടതാണെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

എടതിരിഞ്ഞിയിലെ ഭൂമിയുടെ ഉയർന്ന ഫെയർ വാല്യൂ : പ്രതിഷേധവുമായി കോൺഗ്രസ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ അന്യായമായ ഫെയർ വാല്യൂ പുനർനിർണ്ണയം ചെയ്യണമെന്നാവശ്യപ്പെട്ട് പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കാത്തുരുത്തി സെൻ്ററിൽ പ്രതിഷേധ വിശദീകരണ യോഗം നടത്തി.

മണ്ഡലം പ്രസിഡന്റ് എ ഐ സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

സങ്കീർണമായ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതുവരെ ശക്തമായ ബഹുജന സമരങ്ങളുമായി മണ്ഡലം കമ്മിറ്റി മുന്നോട്ടു പോകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഡി സി സി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി പറഞ്ഞു.

കാട്ടൂർ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് സിദ്ദിഖ് കറപ്പംവീട്ടിൽ മുഖ്യാതിഥിയായി.

ബ്ലോക്ക് ജനറൽ സെക്രട്ടറി കെ കെ ഷൗക്കത്തലി, മണ്ഡലം വൈസ് പ്രസിഡന്റ് ഒ എൻ ഹരിദാസ്, ബ്ലോക്ക് മുൻ സെക്രട്ടറി സി എം ഉണ്ണികൃഷ്ണൻ, വി കെ നൗഷാദ്, കെ ആർ ഔസേപ്പ്, ഇ എൻ ശ്രീനാഥ്, പി ടി ജോസ്, ബാലൻ വലിയപറമ്പിൽ, എം വി കുമാരൻ, ഷെറിൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

അവിട്ടത്തൂർ ഉത്സവം : ഉത്സവബലിക്ക് വൻ ഭക്തജന തിരക്ക്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവമായ വ്യാഴാഴ്ച ഉത്സവബലിക്ക് കാണിക്കയിട്ട് മാതൃക്കൽ ദർശനത്തിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.

വെള്ളിയാഴ്ചയാണ് വലിയ വിളക്ക്. ഞായറാഴ്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

ഇരിങ്ങാലക്കുടയിൽ ബസ്സ് ജീവനക്കാർ തമ്മിലുള്ള തർക്കം കൊലപാതക ശ്രമത്തിലേക്ക് : പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പൂമംഗലം എടക്കുളത്തുകാരൻ സതീഷി(45)നെ ആക്രമിച്ച കേസിൽ തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി സുന്ദരപാണ്ഡ്യ(30)നെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 4ന് രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാൻ പെട്രോൾ പമ്പിന് എതിർവശത്തുള്ള സ്റ്റാർ ബെൻസ് സ്പെയർ പാർട്സ് സ്ഥാപനത്തിന് മുൻവശത്ത് വെച്ചാണ് ആക്രമണം നടന്നത്.

തർക്കത്തിനിടെ “നീ” എന്നു വിളിച്ചതിന്റെ വിരോധത്തിൽ സുന്ദരപാണ്ഡ്യൻ സതീഷിനെ തള്ളിയിട്ട ശേഷം വാഹനത്തിന്റെ ബ്രേക്ക് ലൈനർ കൊണ്ട് തലയിലും മുഖത്തും അടിക്കുകയായിരുന്നു.

ആക്രമണത്തിനിടെ വീണ്ടും തലക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ സതീഷ് കൈകൊണ്ട് തടഞ്ഞതിന് സുന്ദരപാണ്ഡ്യൻ സതീഷിന്റെ തള്ളവിരലിൽ കടിച്ച് പരിക്കേൽപ്പിച്ചു.

സുന്ദരപാണ്ഡ്യനെ ഇരിങ്ങാലക്കുട ജെ എഫ് സി എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് വിയ്യൂർ ജില്ലാ ജയിലിലാക്കി.

നിര്യാതനായി

ഷാബു

ഇരിങ്ങാലക്കുട : ചെമ്മണ്ട കുറുമ്പാടൻ വീട്ടിൽ പരേതനായ കുട്ടൻ മകൻ ഷാബു (53) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (ഫെബ്രുവരി 7) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

അമ്മ : ശാരദ

ഭാര്യ : ദീപ്തി

മക്കൾ : ദിൽഷൻ, ദർശൻ

സഹോദരങ്ങൾ : കൃഷ്ണൻ, രാജൻ, ഷൈജു, സജീവൻ

വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി ലയൺസ് ക്ലബ്ബ്

തൃശൂർ : ലയൺസ് ഇൻ്റർനാഷണലിൻ്റെ
റീഡിങ് ആക്ഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി നൂറിലധികം പുസ്തകങ്ങൾ ഒല്ലൂർ ലയൺസ് ക്ലബ്ബ് വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

വൈസ് ഡിസ്ട്രക്റ്റ് ഗവർണർ ജയകൃഷ്ണനിൽ നിന്നും സൂപ്രണ്ട് കെ അനിൽകുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

ഒല്ലൂർ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ശങ്കരനാരായണൻ, കോർഡിനേറ്റർ രാധാകൃഷ്ണൻ
എന്നിവർ പങ്കെടുത്തു.

പുസ്തകത്തിനെ വെല്ലുന്ന ഒരു കറക്ഷണൽ ഉപായം ഇല്ല എന്നു സൂപ്രണ്ട് അഭിപ്രായപ്പെട്ടു.

വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറിയിൽ 18000 പുസ്തകങ്ങൾ ഉണ്ട്.

തടവുകാർ തന്നെ ലൈബ്രേറിയൻമാരായി പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നിന്നും ദിനംപ്രതി നൂറിലധികം പേർ പുസ്തകങ്ങൾ വായിക്കാൻ എടുക്കുന്നുണ്ട്.

“ഗ്രാമജാലകം” പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്ത് കഴിഞ്ഞ 28 വർഷമായി പ്രസിദ്ധീകരിച്ചു വരുന്ന
ഗ്രാമജാലകം പുതിയ ലക്കത്തിൻ്റെ പ്രകാശനം വികസന സെമിനാറിനോടനുബന്ധിച്ച്‌ പ്രകാശനം ചെയ്തു.

പുതിയ ലക്കത്തിലെ എഴുത്തുകാരായ ഇ ഡി അഗസ്റ്റിൻ, കെ എൻ ഹണി എന്നിവർക്ക് കോപ്പി നൽകി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രനാണ് പ്രകാശനം നിർവഹിച്ചത്.

പ്രസിഡന്റ് കെ എസ് ധനീഷ് അധ്യക്ഷത വഹിച്ചു.

ഇതോടൊപ്പം ഡിജിറ്റൽ പതിപ്പും പുറത്തിറക്കി.

എഡിറ്റർ തുമ്പൂർ ലോഹിതാക്ഷൻ, വൈസ് പ്രസിഡന്റ് ജെൻസി ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഗാവരോഷ്, വാർഡ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു.

പൊറത്തിശ്ശേരി ദേശാഭിമാനി കലാവേദിയുടെ കലാസാംസ്കാരിക സന്ധ്യ 8ന്

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ദേശാഭിമാനി കലാവേദിയുടെ കലാസാംസ്കാരിക സന്ധ്യയും പൊതു സമ്മേളനവും 8ന് വൈകീട്ട് 6 മണിക്ക് കണ്ടാരംതറ മൈതാനിയിൽ നടക്കും.

മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

പ്രസിഡൻ്റ് വി സി പ്രഭാകരൻ അധ്യക്ഷത വഹിക്കും.

വൈകീട്ട് 5 മണി മുതൽ വിവിധ കലാപരിപാടികളും രാത്രി 9 മണിക്ക് “മക്കളറിയാൻ” നാടകവും അരങ്ങേറും.