സെൻ്റ് വിൻസെൻ്റ് ഡയബെറ്റിക്സ് സെൻ്ററിനു സമീപം പറമ്പിൽ തീപിടിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് വിൻസെൻ്റ് ഡയബെറ്റിക്സ് സെൻ്ററിനു സമീപം പറമ്പിലെ പുല്ലിൽ തീ ആളിപ്പടർന്നു.

വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലിൽ പറമ്പിന് സമീപത്തെ വീടുകളിലേക്ക് തീ പടരുന്നതിന് മുന്നേ തീ അണയ്ക്കാനായി.

കെ.പി.എൽ. വെളിച്ചെണ്ണ കമ്പനിയുടെ പുറകുവശത്തായാണ് തീപിടിത്തമുണ്ടായ പറമ്പ് സ്ഥിതി ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് സമീപത്തെ മൂന്ന് ഏക്കറോളം വരുന്ന മറ്റൊരു പറമ്പിലും തീ ആളിപ്പടർന്നിരുന്നു

കെഎസ്ടിപിയുടെ റോഡ് നിർമ്മാണം : മുടങ്ങിയ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്കെന്ന് കോൺഗ്രസ്

ഇരിങ്ങാലക്കുട : കെ എസ് ടി പിയുടെ കൊടുങ്ങല്ലൂർ – തൃശൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട മുതൽ കരുവന്നൂർ വരെയുള്ള റോഡ് പൊളിച്ചപ്പോൾ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ വ്യാപകമായി നശിച്ചതിനാൽ പൊറത്തിശ്ശേരി, മാപ്രാണം, കരുവന്നൂർ, മൂർക്കനാട് എന്നീ പ്രദേശങ്ങളിൽ ഒരു മാസമായി കുടിവെള്ള വിതരണം മുടങ്ങിയെന്ന് ആരോപിച്ച് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് രംഗത്ത്.

റോഡ് പൊളിക്കുന്നതിനു മുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാതെ നിർമ്മാണം നടത്തിയതു മൂലമാണ് വ്യാപകമായ കുടിവെള്ളക്ഷാമം ഈ മേഖലയിൽ ഉണ്ടായതെന്നും വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ഉത്തരവാദിത്തം കെഎസ്ടിപി-ക്കാണ് എന്ന് പറഞ്ഞ് കൈ ഒഴിയുകയാണ് ഉണ്ടായതെന്നും കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.

എത്രയും വേഗം കുടിവെള്ള വിതരണം പുന:സ്ഥാപിച്ചില്ലെങ്കിൽ കെ എസ് ടി പിക്കെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും, റോഡ് പണി ഉൾപ്പെടെ തടയുമെന്നും, പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതാക്കളായ ജോബി തെക്കൂടൻ, അഡ്വ. സിജു പാറേക്കാടൻ, എം.ആർ. ഷാജു, കെ.കെ. അബ്ദുള്ളക്കുട്ടി, കെ.സി. ജെയിംസ്, റോയ് ജോസ് പൊറത്തൂക്കാരൻ, കൗൺസിലർ അജിത്ത്, മണ്ഡലം ഭാരവാഹികളായ രഘുനാഥ് കണ്ണാട്ട്, എ.കെ. വർഗ്ഗീസ്, സന്തോഷ് വില്ലടം, എം.എസ്. സന്തോഷ്, ടി. ആർ. പ്രദീപ്, അഖിൽ കാഞ്ഞാണിക്കാരൻ എന്നിവർ പ്രസംഗിച്ചു.

തിരുനാൾ കമ്മറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഏപ്രിൽ 26, 27, 28 തിയ്യതികളിലായി നടക്കുന്ന മൂർക്കനാട് സെന്റ്‌ ആന്റണീസ് ദേവാലയത്തിലെ തിരുനാളിന് ഒരുക്കമായുള്ള കമ്മറ്റി ഓഫീസ് വികാരി ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്തു.

ജനറൽ കൺവീനർ ജിജോയ് പാടത്തിപറമ്പിൽ സ്വാഗതവും സെക്രട്ടറി വിൽസൺ കൊറോത്തുപറമ്പിൽ നന്ദിയും പറഞ്ഞു.

കൺവീനർമാരായ നെൽസൻ പള്ളിപ്പുറം, ആന്റോ ചിറ്റിലപിള്ളി, റാഫി, വിപിൻ, എബിൻ, ആന്റണി, സിൻജോ, ആന്റോ, പവൽ, വിബിൻ, ബെന്നി, ജോർജ്‌ എന്നിവർ സന്നിഹിതരായിരുന്നു.

“ആശാവർക്കർമാർക്ക് നീതി നൽകൂ” : വേളൂക്കരയിൽ പ്രതിഷേധ സദസ്സുമായി കോൺഗ്രസ്

ഇരിങ്ങാലക്കുട : സർക്കാർ അവഗണനക്കെതിരെ ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേളൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേളൂക്കര പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ സദസ്സ് നടത്തി.

മണ്ഡലം പ്രസിഡൻ്റ് അഡ്വ ശശികുമാർ അധ്യക്ഷത അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീനിജ ബിജു സ്വാഗതം പറഞ്ഞു.

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഗീത മനോജ്, ബ്ലോക്ക് ഭാരവാഹികളായ വിൻസെൻ്റ് കാനംകുടം, ഹേമന്ത് കുളങ്ങര, സിദ്ദിഖ് പെരുമ്പിലായി, ബിന്ദു ചെറാട്ട്, ടെസ്സി ജോയ്, വാർഡ് മെമ്പർമാരായ ബിബിൻ തുടിയത്ത്, യൂസഫ് കൊടകരപറമ്പിൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുനിൽ, മനോജ് പട്ടേപ്പാടം, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ദേവരാജ്, മുതിർന്ന നേതാക്കളായ പി.ഐ. ജോസ്, ജോണി കാച്ചപ്പിള്ളി, ശശിധരൻ ആക്കപ്പിള്ളി, ബൂത്ത് പ്രസിഡൻ്റ് ഷജീർ കൊടകരപറമ്പിൽ, വാർഡ് പ്രസിഡൻ്റുമാരായ റാഫി മൂശ്ശേരിപറമ്പിൽ, ശ്രീകുമാർ ചക്കമ്പത്ത്, പ്രേമൻ പൂവ്വത്തുംകടവിൽ, മണ്ഡലത്തിലെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

റൊണാൾഡയെ ആദരിച്ച് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : ചെന്നെയിൽ നടന്ന ദേശീയ പാര അത്‌ലറ്റിക്സ് ചാപ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി ലോംഗ് ജമ്പിൽ വെങ്കല മെഡലൽ നേടിയ റൊണാൾഡയെ പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.

മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ജോബി തെക്കൂടൻ, കെ.കെ. അബ്ദുള്ളക്കുട്ടി, മുൻ പഞ്ചായത്ത് മെമ്പർ കെ. ശിവരാമൻ നായർ, ഐ.എൻ.ടി.യു.സി. നേതാക്കളായ എ.എസ്. അബ്ബാസ്, പി.എൻ. സുരേഷ് എന്നിവർ ആശംസകൾ നേർന്നു.

കരുവന്നൂർ പുറത്താട് കുട്ടപ്പൻ്റെയും വാസന്തിയുടെയും മകളാണ് റൊണാൾഡ.

കൂടൽമാണിക്യം കിഴക്കേ നടയിലുള്ള വീട്ടിൽ തീപിടുത്തം : തീ അണക്കാനായത് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കിഴക്കേ നടക്കു സമീപം കൊടകര കൈമുക്ക് മന ശങ്കരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള ഓട് മേഞ്ഞ വീടിന് തീപിടിച്ചു.

വിവരം അറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേന ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

2 മുറികളിലെയും, ഹാളിൻ്റെയും മേൽക്കൂര ഭാഗികമായി കത്തി നശിച്ചു. മുറിയിലെ ജനാലകൾ, കതക്, തടി അലമാര, വസ്ത്രങ്ങൾ, ഫാനുകൾ, ഫ്രിഡ്ജ് എന്നിവയും തീപിടിത്തത്തിൽ കത്തി നശിച്ചു.

പ്രസ്തുത കെട്ടിടത്തിൽ ഒരു ഭാഗത്ത് യജുർവേദ പാഠശാലയുടെ താത്കാലിക മെസ്സും, ഒരു ഭാഗത്ത് സരസ്വതി ഫ്ലവേഴ്സ് എന്ന സ്ഥാപനവും, ജ്യോതിഷാലയവും പ്രവർത്തിക്കുന്നുണ്ട്.

ഉദ്ദേശം 1,50,000 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തീപിടിത്ത കാരണം വ്യക്തമല്ല.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഷാദിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാധാകൃഷ്ണൻ, ലൈജു, സുമേഷ്, കൃഷ്ണരാജ്, അനൂപ്, ഹോം ഗാർഡ് മൃത്യുഞ്ജയൻ എന്നിവരാണ് അഗ്നിശമന പ്രവർത്തനത്തിൽ പങ്കെടുത്തത്.

ഇരിങ്ങാലക്കുടയിൽ കബ്ബ് ബുൾബുൾ ഉത്സവം നടത്തി

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ്റെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ ലോവർ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കായി കബ്ബ് ബുൾബുൾ ഉത്സവം നടത്തി.

വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.

ജില്ല സ്കൗട്ട് കമ്മീഷണർ എൻ.സി. വാസു പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ല റേഞ്ചർ കമ്മീഷണർ ഇ.വി. ബേബി അധ്യക്ഷത വഹിച്ചു.

ജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ഷൈല മുഖ്യാതിഥിയായി.

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ല ഭാരവാഹികളായ പി.എം. ഐഷാബി, ജാക്സൻ സി. വാഴപ്പിള്ളി, കെ. സിജോ ജോസ്, പി.എ. ആൻസി, കെ.കെ. ജോയ്സി, പി.എ. ഫൗസിയ എന്നിവർ നേതൃത്വം നൽകി.

കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ പാരിതോഷികങ്ങൾ നൽകി അനുമോദിച്ചു.

മന്നം സമാധി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മൂർക്കനാട് എൻ.എസ്.എസ്. കരയോഗം മന്നംസമാധി ദിനം ആചരിച്ചു.

മന്നത്താചാര്യൻ്റെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം കൊളുത്തി പുഷ്പാർച്ചന നടത്തി.

എൻ.എസ്.എസ്. പ്രതിനിധി സഭാംഗം കെ.ബി. ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി.

കരയോഗം ജോ. സെക്രട്ടറി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

രവീന്ദ്രൻ മഠത്തിൽ, എൻ. പ്രതീഷ്, അംബിക മുകുന്ദൻ, രജനി പ്രഭാകരൻ, പ്രിയ രാജേഷ്, കെ. പ്രഭാകരൻ, കാവ്യ, കൃഷ്ണജിത്ത്, ശശികുമാർ ചേച്ചാട്ടിൽ, ശാന്തമ്മ മഠത്തിൽ, സൗദാമിനി കോക്കാട്ട്, എൻ. ഗീത, രാധ നമ്പിളിപ്പുറത്ത്, അംബിക പരമേശ്വരൻ, വിശാലാക്ഷി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അധ്യാപക നിയമനങ്ങൾ അംഗീകരിക്കാനും പങ്കാളിത്ത പെൻഷൻ സ്‌കീം പിൻവലിക്കാനും സർക്കാർ നടപടി സ്വീകരിക്കണം : കെ.പി.എസ്.ടി.എ.

ഇരിങ്ങാലക്കുട : അധ്യാപക നിയമനങ്ങൾ അംഗീകരിക്കാനും പങ്കാളിത്ത പെൻഷൻ സ്‌കീം പിൻവലിക്കാനും സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി ഡി.ഇ.ഒ. ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

സർക്കാറിന്റെ വികലമായ വിദ്യാഭ്യാസനയത്തിന്റെ രക്തസാക്ഷിയാണ് ആറ്‌ വർഷത്തോളം ജോലി ചെയ്തിട്ടും നിയമനവും ശമ്പളവും ലഭിക്കാതെ മരണപ്പെട്ട അധ്യാപിക അലീന ബെന്നിയെന്നും പതിനാറായിരത്തോളം അധ്യാപകർ ശമ്പളമില്ലാതെ ജോലിയെടുക്കുന്ന അവസ്ഥ കേരളത്തിൽ മാത്രമാണെന്നും കെ.പി.എസ്.ടി.എ. ആരോപിച്ചു.

ധർണ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പ്രവീൺ എം. കുമാർ അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും കെ.പി.എസ്.ടി.എ. മുൻ പ്രസിഡൻ്റുമായ സി.എസ്. അബ്‌ദുൾ ഹഖ് മുഖ്യപ്രഭാഷണം നടത്തി.

കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ്ജ്, വിദ്യാഭ്യാസ ജില്ല സെക്രട്ടറി എം.ആർ. ആംസൺ, ആന്റോ പി. തട്ടിൽ, സി. നിധിൻ ടോണി, സി.ജെ. ദാമു, സുരേഷ് കുമാർ, മെൽവിൻ ഡേവിസ്, വി. ഇന്ദുജ, കെ.വി. സുശീൽ, ജോസ് പോൾ, പി.യു. രാഹുൽ എന്നിവർ പ്രസംഗിച്ചു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി കോളെജ് വിദ്യാർഥികൾക്ക് ലേഖന മത്സരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് കോളെജ് വിദ്യാർഥികൾക്കായി “ഹിംസയും മാനവികതയും സിനിമകളിൽ” എന്ന വിഷയത്തിൽ ലേഖന മത്സരം നടത്തുന്നു.

യു.ജി, പി.ജി, ഗവേഷണ വിദ്യാർഥികൾക്കു പങ്കെടുക്കാം.

ആയിരം വാക്കിൽ കവിയാത്ത ലേഖനങ്ങൾ മാർച്ച് 10നുള്ളിൽ പി.ഡി.എഫ്. ഫോർമാറ്റിൽ sanojmnr@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്.

മെയിലിൽ സബ്ജക്റ്റായി ”ലേഖന മത്സരം” എന്ന് സൂചിപ്പിക്കണം.

ലേഖനങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കണം.

വിജയികൾക്ക് കാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.

രചയിതാവിൻ്റെ പേര്, ഫോൺ നമ്പർ, പഠിക്കുന്ന സ്ഥാപനം, വിലാസം, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ രചനയോടൊപ്പം സമർപ്പിക്കേണ്ടതാണ്.