നിര്യാതനായി

പി. രാമു മേനോൻ

ഇരിങ്ങാലക്കുട : വെള്ളാനി പാറയിൽ ലക്ഷ്മിക്കുട്ടി അമ്മ മകൻ പി. രാമു മേനോൻ (85) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (മാർച്ച് 12) രാവിലെ 9.30ന് വീട്ടുവളപ്പിൽ.

ഭാര്യ : പരേതയായ പുള്ളത്ത് ശാന്ത

മകൻ : ജയറാം (ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക്)

മരുമകൾ : പ്രിയ ജയറാം

ആരോഗ്യ സംരക്ഷണം ഇന്നിന്റെ ആവശ്യകത : ഡോ. പി. താര തോമസ്

ഇരിങ്ങാലക്കുട : സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്ന് ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. പി. താര തോമസ് അഭിപ്രായപ്പെട്ടു.

കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ ഇടവക മാതൃസംഘം സംഘടിപ്പിച്ച ”അവള്‍ക്കൊപ്പം” എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കല്ലംകുന്ന് ഇടവക വികാരി ഫാ. അനൂപ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.

ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. നവീന്‍ ഊക്കന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

നൂറിലധികം പേര്‍ പങ്കെടുത്ത സെമിനാറില്‍ ഡോ. പി. താര തോമസ് ”ആരോഗ്യപരിപാലനത്തിന് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍”, ”സ്ത്രീകളില്‍ കണ്ടുവരുന്ന വ്യത്യസ്ത തരം ക്യാന്‍സറുകള്‍, അവയുടെ ലക്ഷണങ്ങള്‍” എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമാക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

മാതൃസംഘം ആനിമേറ്റര്‍ സിസ്റ്റര്‍ ബെനഡിക്റ്റ, ഇടവക കൈക്കാരന്‍ ആന്‍ഡ്രൂസ്, മാതൃസംഘം പ്രസിഡന്റ് സ്വാതി സിന്റോ, ട്രഷറര്‍ ലിന്‍സി ഷിജോ എന്നിവര്‍ പ്രസംഗിച്ചു.

ടി.കെ. അന്തോണിക്കുട്ടിയെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന ടി.കെ. അന്തോണിക്കുട്ടിയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ഊരകം മേഖല കമ്മിറ്റി സംഘടിപ്പിച്ച സ്‌മൃതിദിനാചരണം മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ ഉദ്‌ഘാടനം ചെയ്തു. 

ബൂത്ത് പ്രസിഡന്റ് എം.കെ. കലേഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, ജനറൽ സെക്രട്ടറി വിപിൻ വെള്ളയത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അശ്വതി സുബിൻ, ജനറൽ സെക്രട്ടറി എബിൻ ജോൺ, കോൺഗ്രസ് ഭാരവാഹികളായ കെ.എൽ. ബേബി, ജോസ് ആലപ്പാടൻ, കെ.എൽ. ലോറൻസ്, ടി.കെ. വേലായുധൻ, വിൻസെന്റ് പോൾ ചിറ്റിലപ്പിള്ളി, ലിജോ ഷാജി, സണ്ണി കൂള എന്നിവർ പ്രസംഗിച്ചു.

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം : മുരിയാട് ഐ.എൻ.ടി.യു.സി.യുടെ പ്രതിഷേധ ധർണ്ണ

ഇരിങ്ങാലക്കുട : ഐ.എൻ.ടി.യു.സി. ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശാവർക്കർമാർക്ക് സ്ഥിരനിയമനം നൽകുക, ജോലിഭാരം കുറയ്ക്കുക, പെൻഷനും വിരമിക്കൽ അനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുരിയാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഐ.എൻ.ടി.യു.സി. മുരിയാട് മണ്ഡലം പ്രസിഡന്റ് ഗംഗാദേവി അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പി.എൻ. സതീശൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.യു.സി. ഇരിങ്ങാലക്കുട നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ ഞാറ്റുവെട്ടി സ്വാഗതം പറഞ്ഞു.

കാട്ടൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി.

മെമ്പർ ശ്രീജിത്ത് പട്ടത്ത്, ജോമി ജോൺ, രാമചന്ദ്രൻ, മുരളി തറയിൽ, ആശാവർക്കർമാരായ നിത അർജുൻ, മിനിമോൾ, റിച്ചി, മഹിളാ കോൺഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റ് തുഷം, കമ്മറ്റി ആംഗം ഷിജു എന്നിവർ പ്രസംഗിച്ചു.

തോട്ടാപ്പിള്ളി വേണുഗോപാൽ മേനോന് “പരിപോഷകമുദ്ര” അവാർഡ്

ഇരിങ്ങാലക്കുട : സുവർണ്ണ ജൂബിലിയാഘോഷം നിറപ്പകിട്ടോടെ പൂർത്തിയാക്കിയ ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ “പരിപോഷകമുദ്ര” തോട്ടാപ്പിള്ളി വേണുഗോപാൽ മേനോന്.

വേണുഗോപാൽ മേനോൻ്റെ വസതിയിൽ ചേർന്ന ചടങ്ങിൽ കരിങ്കല്ലിൽ തീർത്ത ഗണപതി വിഗ്രഹവും “പരിപോഷകമുദ്ര” ഫലകവും നൽകി, അംഗവസ്ത്രം അണിയിച്ച് കഥകളി ക്ലബ്ബ് ഭരണസമിതി അംഗങ്ങൾ അദ്ദേഹത്തെ ആദരിച്ചു.

കലാ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് എന്നും കൈത്താങ്ങായി വർത്തിക്കുന്ന ഒരു മഹദ് വ്യക്തിയാണ് വേണുഗോപാൽ മേനോൻ എന്ന് കഥകളി ക്ലബ്ബ് പ്രസിഡൻ്റ് അനിയൻ മംഗലശ്ശേരി പറഞ്ഞു.

കഥകളി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലുടനീളവും, ഒരു വർഷമായി നടത്തിവന്ന സുവർണ്ണ ജൂബിലി ആഘോഷമായ “സുവർണ്ണ”ത്തിൻ്റെ പ്രവർത്തനങ്ങളിൽ പ്രത്യേകിച്ചും വേണുഗോപാൽ മേനോൻ ഓജസ്സായി വർത്തിച്ചുവെന്ന് ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ കൂട്ടിച്ചേർത്തു.

ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള നീചമായ പ്രചാരണം അവസാനിപ്പിക്കുക : കൂടൽമാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തൽപ്പര കക്ഷികൾ നീചമായ പ്രചാരണം നടത്തുന്നതായി കൂടൽമാണിക്യം ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി നെടുമ്പിളളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് ആരോപിച്ചു.

കേരള നിയമസഭ പാസാക്കിയ നിയമങ്ങളെയും കേരള സർക്കാരിന്റെ ദേവസ്വം ചട്ടങ്ങളെയും ലംഘിച്ച് കൂടൽമാണിക്യം ക്ഷേത്ര ഭരണസംവിധാനവും കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡും നടത്തിയ ചട്ടവിരുദ്ധ നടപടിയായിരുന്നു ഫെബ്രുവരി 24ന് നടന്ന കഴകം നിയമനമെന്നും ക്ഷേത്രത്തിൽ നിയമാനുസൃതം നിലനിൽക്കുന്ന കാരായ്മ വ്യവസ്ഥയെ ലംഘിച്ചുകൊണ്ടും 5 വർഷമായി കഴകപ്രവർത്തി ചെയ്‌തിരുന്ന ആളെ നോട്ടീസ് കാലാവധി പോലും നൽകാതെ പിരിച്ചുവിട്ടുകൊണ്ടുമുള്ള കൂടൽമാണിക്യം ക്ഷേത്രം ഭരണസമിതിയുടെ കുത്സിത നീക്കത്തെയാണ് ക്ഷേത്രം തന്ത്രിമാരും ഭക്തജനങ്ങളും എതിർത്തതെന്നും ഗോവിന്ദൻ നമ്പൂതിരിപ്പാട് പറഞ്ഞു.

തെറ്റ് തിരുത്തുന്നതിന് പകരം സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിൽ കള്ള പ്രചാരണങ്ങളും കലാപാഹ്വാനവും നടത്തുകയാണ് ചിലരെന്നും ഹിന്ദു ഏകീകരണം എന്നതിനെ ഭയപ്പെടുന്ന ഒരു വിഭാഗം തങ്ങളുടെ അധികാര രാഷ്ട്രീയ നിലനിൽപ്പിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമിക്കപ്പെട്ടയാൾ ഇന്ന ജാതിയിൽപ്പെട്ട ആളായതിനാൽ തന്ത്രിമാർക്ക് എതിർപ്പുണ്ട് എന്ന രീതിയിലാണ് മാധ്യമങ്ങളിലൂടെ ചിലർ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്നതെന്നും ഇത് വസ്‌തുതയല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രം, ശാന്തി തുടങ്ങി എല്ലാ അടിയന്തിരങ്ങളും ചില കുടുംബങ്ങൾ പാരമ്പര്യമായി അനുഷ്‌ഠിച്ചു വരുന്നതാണെന്നും ഇത് ദേവസ്വം ചട്ടങ്ങളിൽ വ്യക്തതതയോടെ പ്രതിപാദിച്ചിട്ടുള്ളതാണെന്നും ഇത് ക്ഷേത്രത്തിൻ്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടതാണെന്നും ഗോവിന്ദൻ നമ്പൂതിരിപ്പാട് വ്യക്തമാക്കി.

ബഹുമാനപ്പെട്ട സുപ്രീംകോടതിയും കേരള ഹൈക്കോടതിയും ഈ അവകാശത്തെ സംരക്ഷിച്ചു കൊണ്ടുള്ള വിധിപ്രസ്ത‌ാവം പലപ്പോഴും നലകിയിട്ടുണ്ടെന്നും നിരവധി ഹൈന്ദവ സമുദായങ്ങൾ ഒത്തുചേരുന്ന ക്ഷേത്രത്തിൽ ജാതീയമായ ഒരു വേർതിരിവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

കാരായ്‌മാ അവകാശം ഇല്ലാതാക്കി രാഷ്ട്രീയ ഇടപെടൽ നടത്തി നിയമനാവകാശം നേടിയെടുക്കാൻ വേണ്ടിയുള്ള അധികാര വടംവലിയാണ് ദൗർഭാഗ്യവശാൽ ഭരണസമിതിയിൽ നടക്കുന്നതെന്ന് തന്ത്രി പ്രതിനിധിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

ഇതിനെതിരെ കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളും ഭക്തജനങ്ങളുമായി ചേർന്ന പ്രാരംഭ കൂടിയാലോചനായോഗത്തിൽ ആരാധനാ സ്വാതന്ത്ര്യവും ആചാരാനുഷ്‌ഠാനങ്ങളുടെ സംരക്ഷണവും മുൻനിർത്തി ആശയപ്രചരണവും നിയമനടപടികളും സ്വീകരിക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചു.

വനിതാദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട : പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം. കോളെജിൽ വനിതാദിനാഘോഷം നടത്തി.

പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഡോ. ഇ.എം. ഷാജി ഉദ്ഘാടനം ചെയ്തു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. പി.ഡി. ധന്യ, സി.സി.ഇ.കെ. കോർഡിനേറ്റർ ഒ. ധന്യ മോഹൻ, വുമൺ സെൽ കോർഡിനേറ്റർ എൻ.എസ്. ഷാനി, ജീവനി കൗൺസിലർ കെ.എം. വസീല തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ, ഫ്ലാഷ് മോബ് എന്നിവ അരങ്ങേറി.

കൂടൽമാണിക്യത്തിൽ ഓഫീസ് ജോലിയിലേക്ക് മാറ്റിയ കഴക ജീവനക്കാരനെ തൽസ്ഥാനത്തേക്ക് പുനഃപ്രവേശിപ്പിക്കണം : കോൺഗ്രസ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം ഭരണസമിതി പുരോഗമന സമൂഹത്തിനനുസരിച്ച് ഉയർന്ന് പ്രവർത്തിച്ച് ഓഫീസ് ജോലിയിലേക്ക് മാറ്റിയ കഴക ജീവനക്കാരനെ വീണ്ടും കഴകപ്രവൃത്തിയിലേക്ക് തന്നെ പുന:പ്രവേശിപ്പിക്കണമെന്ന് കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ജാതി ചിന്തകളുടെ കനലുകൾ ചിലരുടെ മനസ്സിൽ ഇപ്പോഴും ഉള്ളതുകൊണ്ടാണ് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമിച്ച കഴകക്കാരനെ ജാതിയിൽ ഈഴവനായത് കൊണ്ടുമാത്രം അംഗീകരിക്കില്ലെന്ന നിലപാടെടുത്തത് എന്നും തന്ത്രിമാർ പ്രതിഷേധിച്ചപ്പോൾ കഴകവൃത്തിയിൽ നിന്ന് ഇദ്ദേഹത്തെ മാറ്റിയത് നിലവിലുള്ള കോടതി വിധികൾക്കെതിരാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു,

ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. സതീഷ് വിമലൻ, ആൻ്റോ പെരുമ്പിള്ളി, സോണിയ ഗിരി, കെ.കെ. ശോഭനൻ എന്നിവർ പ്രസംഗിച്ചു.

കൂടൽമാണിക്യം ദേവസ്വം ഭരണസമിതി തന്ത്രിമാരെ നിലയ്ക്ക് നിർത്തണം : അഖിലേന്ത്യ ദളിത് അവകാശ സമിതി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാർ കാലത്തെ പുറകോട്ടു നയിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിയണമെന്നും അല്ലാത്തപക്ഷം ക്ഷേത്രം ഭരണസമിതി അവരെ നിലയ്ക്ക് നിർത്തണമെന്നും അഖിലേന്ത്യ ദളിത് അവകാശ സമിതി (AIDRM) തൃശ്ശൂർ ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിതനായ ഈഴവ സമുദായാംഗമായ ബാലു എന്ന യുവാവിനെ ലഭിച്ച ജോലിയിൽ തുടരാൻ അനുവദിക്കാതെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ദേവസ്വം ഭരണസമിതി ബാലുവിനെ താൽക്കാലികമായി തസ്തിക മാറ്റി ഓഫീസ് അറ്റന്റായി ജോലി നൽകിയതിന് യോഗം അപലപിച്ചു.

കേരളത്തിലെ കൂടൽമാണിക്യം ഉൾപ്പെടെയുള്ള മറ്റ് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് വിവിധ തസ്തികളിൽ നിയമനം നടത്തുന്നതിന് രൂപീകരിച്ച ഭരണഘടനാ സ്ഥാപനമായ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയിൽ ജയിച്ച് ഇൻ്റർവ്യൂവിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ യുവാവിനെയാണ് ജാതി വിവേചനത്തിന്റെ പേരിൽ ലഭിച്ച ജോലിയിൽ നിന്ന് മാറ്റി നിയമിച്ചത്.

നവോത്ഥാന കേരളം നിരവധി ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ക്ഷേത്രപ്രവേശനം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ നേട്ടങ്ങളെ പുറകോട്ടു നയിക്കാനാണ് തന്ത്രിമാരുടെ ഈ സമരം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ സംഘടനകളെ ചേർത്തുപിടിച്ച് വലിയ പ്രക്ഷോഭത്തിന് അഖിലേന്ത്യ ദളിത് അവകാശ സമിതി തയ്യാറെടുക്കുമെന്നും, സർക്കാർ തന്ത്രിമാരുടെ ഈ പ്രവണതകൾ നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമെന്നും എ.ഐ.ഡി.ആർ.എം. ആശങ്ക അറിയിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, ട്രഷറർ എൻ.കെ. ഉദയപ്രകാശ്, സഹഭാരവാഹികളായ അഡ്വ. ജയന്തി സുരേന്ദ്രൻ, കെ.എ. പ്രദീപ്, പി.എസ്. ജയൻ, ജി.ബി. കിരൺ, ശ്രീജ സത്യൻ, സി.കെ. ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.

അയ്യങ്കാവ് താലപ്പൊലി : സാംസ്കാരിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടത്തി.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു.

അഡ്വ. കെ.ജി. അജയ്കുമാർ അധ്യക്ഷത വഹിച്ചു.

ഡോ. മുരളി ഹരിതം മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അലങ്കാര ദീപങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

കിഷോർ പള്ളിപ്പാട്ട്, മധു പി. മേനോൻ, ജനാർദ്ദനൻ കാക്കര, കെ.എസ്. സുധാമൻ, ഭാസുരംഗൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് തൃശ്ശൂർ ശിവരഞ്ജിനി ബാലാജി കലാഭവൻ അവതരിപ്പിച്ച ”ജാനകീയം” നൃത്താവിഷ്കാരം അരങ്ങേറി.