സെന്റ് ആന്‍സ് കോണ്‍വെന്റ് യു.പി. സ്‌കൂളില്‍ പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എടത്തിരുത്തി പഞ്ചായത്ത് തല വ്യക്തിവികാസ ദ്വിദിന ശില്പശാല സെന്റ് ആന്‍സ് കോണ്‍വെന്റ് യു.പി. സ്‌കൂളില്‍ നടത്തി.

വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ എം.എസ്. നിഖില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രശസ്ത തെരുവ് അമേച്വര്‍ നാടക സംവിധായകൻ അഖിലേഷ് തയ്യൂര്‍, കേരള സാഹിത്യ പരിഷത്ത് ലോക്കൽ കമ്മിറ്റി അംഗം എം.ജി. ജയശ്രീ എന്നിവര്‍ നേതൃത്വം നൽകി.

പ്രധാനാധ്യാപിക സിസ്റ്റര്‍ റെമി, മിനു എന്നിവര്‍ പ്രസംഗിച്ചു.

നിര്യാതയായി

ദേവയാനി

ഇരിങ്ങാലക്കുട : പുല്ലൂർ കുഞ്ഞുമാണിക്യൻമൂല കയ്യാലപ്പറമ്പിൽ വീട്ടിൽ പരേതനായ കുട്ടൻ ഭാര്യ ദേവയാനി (81) നിര്യാതയായി.

സംസ്കാരം മാർച്ച് 13 (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മകൻ : ജിതിൻ

മരുമകൾ : വിനീത

ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള : അഖില കേരള ലേഖന മത്സരത്തിൽ സേതുലക്ഷ്മിക്ക് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി കോളെജ് വിദ്യാർഥികൾക്കായി നടത്തിയ അഖിലകേരള ലേഖനമത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ബി.എ. ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർഥിനി കെ. സേതുലക്ഷ്മി ഒന്നാം സ്ഥാനവും, തൃശ്ശൂർ പുറനാട്ടുകര സെൻട്രൽ സംസ്കൃതം സർവ്വകലാശാല വിദ്യാർഥിനി എൻജലിൻ കെ. ജെൽസൻ രണ്ടാം സ്ഥാനവും, കാലിക്കറ്റ് സർവകലാശാല മലയാള – കേരള പഠന വിഭാഗം വിദ്യാർഥി കെ.ടി. പ്രവീൺ മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് മണപ്പുറം ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും മാർച്ച് 16ന് നടക്കുന്ന ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ സമ്മാനിക്കും.

”ഹിംസയും മാനവികതയും സിനിമകളിൽ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ മികവ് പുലർത്തിയ ഏഴ് വിദ്യാർഥികൾക്ക് സ്പെഷ്യൽ ജൂറി അവാർഡുകളും നൽകും. തിരക്കഥാകൃത്ത് പി.കെ. ഭരതൻ മാസ്റ്റർ, തൃശ്ശൂർ ഡയറ്റ് ലക്ചറർ എം.ആർ. സനോജ്, എഴുത്തുകാരൻ രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്.

സംഭാര വിതരണം നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതി അന്നദാന സമിതിയുടെ നേതൃത്വത്തിൽ താണിശ്ശേരി ഹരിപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുള്ള കാവടി ആഘോഷത്തിന്റെ ഭാഗമായി സംഭാരവിതരണം നടത്തി.

ഹരിപുരം ക്ഷേത്രം പ്രസിഡന്റ് രാജൻ പുതുക്കാട്ടിൽ വിതരണോദ്ഘാടനം നിർവഹിച്ചു.

പ്രവാസി ക്ഷേമ സമിതി സെക്രട്ടറി രാജൻ കുഴുപ്പുള്ളി ആശംസകൾ അർപ്പിച്ചു.

സേവാഭാരതി എക്സിക്യൂട്ടീവ് അംഗം പ്രകാശൻ കൈമപറമ്പിൽ സ്വാഗതവും അന്നദാന സമിതി പ്രസിഡന്റ് രവീന്ദ്രൻ കാക്കര നന്ദിയും പറഞ്ഞു.

സേവാഭാരതി പ്രവർത്തകരായ ഉണ്ണി പേടിക്കാട്ടിൽ, സത്യൻ പോക്കൂരുപറമ്പിൽ, സുരേഷ് തൈവളപ്പിൽ, രമാദാസ്, ഷൈൻ, പുഷകരൻ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.

രാവിലെ 9 മണിക്ക് ആരംഭിച്ച സംഭാരവിതരണം ഉച്ചയ്ക്ക് 2 മണിവരെ നീണ്ടു.

റമദാൻ കിറ്റ് വിതരണം നടത്തി

ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം നടത്തി.

യൂണിറ്റ് രക്ഷാധികാരി കുഞ്ഞുമോൻ പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഹാജി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.കെ. ജസീൽ സ്വാഗതം പറഞ്ഞു.

അബ്ദുൽ ഗഫാർ, അബ്ദുൽ സലാം, കെ.എം. യൂസഫ് എന്നിവർ പ്രസംഗിച്ചു.

സ്വാതി തിരുനാൾ നൃത്ത സംഗീതോത്സവത്തിന് തിരശ്ശീല ഉയർന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നാദോപാസന സംഗീതസഭ നാലു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി.

ടൗൺ ഹാളിൽ നടക്കുന്ന സംഗീതോത്സവം ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.

നാദോപാസന രക്ഷാധികാരി ടി.ആർ. രാജാമണി അധ്യക്ഷത വഹിച്ചു.

ഈ വർഷത്തെ നാദോപാസന – ഗാനാഞ്ജലി പുരസ്‌കാരം വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദനും, മൃദംഗ വിദ്വാൻ ആലപ്പുഴ ജി. ചന്ദ്രശേഖരൻ നായർക്കും, പാലക്കാട്‌ ടി.ആർ. രാജാമണി സമ്മാനിച്ചു.

10,000 രൂപയും പ്രശംസാപത്രവും പൊന്നാടയുമാണ് പുരസ്കാരം.

കേരള കലാമണ്ഡലം ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ സ്വാതി തിരുനാൾ അനുസ്മരണം നടത്തി.

അഡ്വ. രഘുരാമ പണിക്കർ മുഖ്യാതിഥിയായി.

കൗൺസിലർ സ്മിത കൃഷ്ണകുമാർ, രാമദാസ് മേനോൻ എന്നിവർ ആശംസകൾ നേർന്നു.

നാദോപാസന പ്രസിഡന്റ്‌ സോണിയ ഗിരി സ്വാഗതവും, ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

കോണത്തുകുന്ന് ഗവ.യു.പി. സ്കൂളിൽ പഠനോത്സവം

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി കോണത്തുകുന്ന് ഗവ.യു.പി. സ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് തല പഠനോത്സവം സംഘടിപ്പിച്ചു.

പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂര്‍ ബിആര്‍സി ബിപിസി ഗോഡ് വിന്‍ റോഡ്രിഗ്സ്, പഞ്ചായത്ത് അസി. സെക്രട്ടറി സുജന്‍ പൂപ്പത്തി, പി.എസ്. ഷക്കീന, കെ.എ. സദക്കത്തുള്ള, എ.വി. പ്രകാശ്, പി.കെ. സൗമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

ചാലക്കുടിയിൽ മൊബൈൽ മോഷ്ടാവ് പിടിയിൽ

ഇരിങ്ങാലക്കുട : ചാലക്കുടി പാലസ് റോഡിലുള്ള അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മൂർഷിദാബാദ് സ്വദേശിയായ ആഷിക്കി(26)നെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ കഴിഞ്ഞ 2 വർഷമായി ഷൊർണ്ണൂരിൽ ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു. 2 ദിവസം മുമ്പാണ് ചാലക്കുടിയിൽ വന്നത്.

മോഷണത്തിനിടെ റൂമിലെ താമസക്കാർ ഇയാളെ പിടികൂടി തടഞ്ഞ് വച്ചു. തുടർന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചാലക്കുടി പൊലീസ് ഇൻസ്പെക്ടർ എം.കെ. സജീവ്, സബ് ഇൻസ്പെക്ടർമാരായ പ്രദീപ്, ഋഷിപ്രസാദ്, അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൈയ്യടി നേടി ”കറുപ്പഴകി”യും ”കാമദേവൻ നക്ഷത്രം കണ്ടു”വും ; അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിനത്തിലേക്ക്

ഇരിങ്ങാലക്കുട : അഭിഭാഷകയും ആക്ടിവിസ്റ്റുമായ കുക്കു ദേവകിയുടെ ജീവിതത്തിലൂടെ കറുപ്പിൻ്റെ രാഷ്ട്രീയം പറഞ്ഞ “കറുപ്പഴകി” ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാം ദിനത്തിൽ ശ്രദ്ധ നേടി.

പ്രദർശനത്തിനും സംവാദങ്ങൾക്കും ശേഷം സംവിധായിക ഐ.ജി. മിനിയെ മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു ആദരിച്ചു.

പ്രൊഫ. ലിറ്റി ചാക്കോ, പി.കെ. ഭരതൻ മാസ്റ്റർ, രാധാകൃഷ്ണൻ വെട്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ആദിത്യ ബേബി സംവിധാനം ചെയ്ത ”കാമദേവൻ നക്ഷത്രം കണ്ടു” എന്ന ചിത്രം പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശരത്കുമാർ, നടൻമാരായ അതുൾസിംഗ്, മജീദ് ഹനീഫ, ക്യാമറാമാൻ ന്യൂട്ടൺ എന്നിവരെ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ആദരിച്ചു.

ചലച്ചിത്രമേളയുടെ അഞ്ചാം ദിനമായ മാർച്ച് 12ന് രാവിലെ 10 മണിക്ക് കേരളത്തിലെ ജലപാതകളുടെ കഥ പറയുന്ന “ജലമുദ്ര”, 12 മണിക്ക് അന്തർദേശീയ അംഗീകാരങ്ങൾ നേടിയ “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്”, വൈകീട്ട് 6ന് ഗാസയിൽ നിന്നുള്ള നേരനുഭവങ്ങൾ ചിത്രീകരിച്ച “അൺടോൾഡ് സ്റ്റോറീസ് ഫ്രം ഗാസ – ഫ്രം ഗ്രൗണ്ട് സീറോ” എന്നിവ പ്രദർശിപ്പിക്കും.