“കുരുവിക്ക് ഒരു കൂട്” പദ്ധതിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി

ഇരിങ്ങാലക്കുട : കേരള വനം വകുപ്പ് ചാലക്കുടി ഡിവിഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ “കുരുവിക്ക് ഒരു കൂട്” പദ്ധതിക്ക് തുടക്കമായി.

വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹജലം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക പി.എ. അസീന ഉദ്ഘാടനം ചെയ്തു.

എ.ഇ.ഒ. ഡോ. എം.സി. നിഷ മുഖ്യാതിഥിയായി.

ബി.പി.സി. കെ.ആർ. സത്യപാലൻ ആശംസകൾ അറിയിച്ചു.

വിദ്യാർഥികൾ, അധ്യാപകർ, ബി.ആർ.സി. സ്റ്റാഫ് എന്നിവർ പങ്കെടുത്തു.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശോഭൻ ബാബു സ്വാഗതവും അധ്യാപിക ലുബ്ന കെ. നാസർ നന്ദിയും പറഞ്ഞു.

ഇലക്ട്രോണിക് മാലിന്യങ്ങളെ കുറിച്ച് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുല്ലൂറ്റ് കെ. കെ. ടി. എം ഗവ.കോളെജിൽ ഭൂമിത്രസേനയുടെയും സുവോളജി വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഇലക്ട്രോണിക് വേസ്റ്റ്കളെക്കുറിച്ച് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

കോളെജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ടി. കെ.ബിന്ദു ശർമിള ഉദ്ഘാടനം ചെയ്തു.

കില റിസോഴ്സ് പേഴ്സൺ വി എസ് ഉണ്ണികൃഷ്ണൻ, ഇ വേസ്റ്റ് നിയന്ത്രിക്കേണ്ടതിനെ കുറിച്ചും അവ കൈകാര്യം ചെയ്യേണ്ടുന്ന രീതികളെക്കുറിച്ചും ക്ലാസ് നയിച്ചു.

ഭൂമിത്രസേന കോഡിനേറ്റർ ഡോ.കെ സി.സൗമ്യ, സുവോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ എൻ. കെ.പ്രസാദ്, ഭൂമിത്ര സേനാംഗം ആന്റൺ ജോ റൈസൺ എന്നിവർ സംസാരിച്ചു.

കത്തോലിക്ക കോൺഗ്രസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവിലേക്ക് 5000O രൂപയുടെ ചെക്ക് ഡയറക്ടർ ഫാ. ഷാജു ചിറയത്തിന് നൽകിക്കൊണ്ട് കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു.

കത്തീഡ്രൽ എ.കെ.സി.സി. പ്രസിഡന്റ് രഞ്ജി അക്കരക്കാരൻ അധ്യക്ഷത വഹിച്ചു.

പാലിയേറ്റീവ് അസി. ഡയറക്ടർമാരായ ഫാ. ജോസഫ് മാളിയേക്കൽ, ഫാ. റിന്റോ തെക്കിനിയത്ത്, എ.കെ.സി.സി. വൈസ് പ്രസിസന്റ് ജോസ് മാമ്പിള്ളി, പി.ആർ.ഒ. റെയ്സൺ കോലങ്കണ്ണി, റോബി കാളിയങ്കര, ജോയിൻ്റ് സെക്രട്ടറി അബ്രഹാം പള്ളിപ്പാട്ട്, പി.ടി. ജോർജ്, ടെൽസൺ കോട്ടോളി, ഷാജു പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു.

സ്വയം തൊഴിൽ പദ്ധതി പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര ഖാദി വില്ലേജ് ബോർഡും ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്ററും കൈകോർക്കുന്ന സ്വയം തൊഴിൽ സംരംഭ പ്രഖ്യാപനം സംഘടിപ്പിച്ചു.

കാൻസർ പോലെ മാരകരോഗം ബാധിച്ച 3000ൽ പരം രോഗികളുടെ കുടുംബങ്ങളെ സഹകരിപ്പിച്ച് നടത്താനുദ്ദേശിക്കുന്ന തൊഴിൽ സംരംഭം കെ.വി.ഐ.സി. ഡയറക്ടർ എം.സി. അനിത ഉദ്ഘാടനം ചെയ്തു.

ലിങ്ക് സെൻ്റർ ആക്റ്റിംഗ് പ്രസിഡന്റ് ഷഫീർ കാരുമാത്ര അധ്യക്ഷത വഹിച്ചു.

മുസിരിസ് ഗൃഹദീപം ട്രെയിനിംഗ് കോർഡിനേറ്റർ വിനോദ് കക്കര പദ്ധതി വിശദീകരണം നടത്തി.

മെഹർബാൻ ഷിഹാബ്, ടി.കെ. അബ്ദുൽ അസീസ്, കെ.ആർ. വർഗ്ഗീസ്, അബ്ദുൽ ഷക്കൂർ, എം.എ. അൻവർ എന്നിവർ പ്രസംഗിച്ചു.

ലഹരി വിരുദ്ധ പദയാത്ര

വെള്ളാങ്ങല്ലൂർ : വെൽഫെയർ പാർട്ടി വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി ലഹരി വിരുദ്ധ പദയാത്ര സംഘടിപ്പിച്ചു.

കടലായിയിൽ നിന്ന് ആരംഭിച്ച യാത്ര കരൂപ്പടന്ന പള്ളിനടയിൽ സമാപിച്ചു.

വെൽഫെയർ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് പി.യു. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം. ഷംസുദ്ദീൻ നേതൃത്വം വഹിച്ചു.

200ഓളം വീടുകളിൽ ലഹരി വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തു.

എം.എ. നവാസ്, റാഫി കടലായി, എം.എ. തൽഹത്ത്, ജാഫർ പി.എസ്. ജാഫർ, ബദറുദ്ദീൻ കരൂപ്പടന്ന എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന ; സമരഭൂമികയായി കല്ലേറ്റുംകര

ഇരിങ്ങാലക്കുട : കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ മാർച്ച്‌ 15ന് ആരംഭിച്ച വികസന സമരം 7-ാം നാൾ പിന്നിട്ടു.

തൊമ്മാന സെന്ററിൽ നടന്ന സമരാഗ്നി ജ്വലനം ആളൂർ പഞ്ചായത്ത്‌ അംഗം മേരി ഐസക് ഉദ്ഘാടനം ചെയ്തു.

ബിജു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

കെ.പി. കുര്യൻ, ഡോ. മാർട്ടിൻ പി. പോൾ, ഫിറോസ് വല്ലക്കുന്ന്, ജോൺ കോക്കാട്ട്, മുരളി കുഴിക്കാട്ടുപുറം, സുരേഷ് കല്ലിങ്ങപ്പുറം, ജോസ് കുഴുവേലി, സുരേഷ് പൊറ്റയ്ക്കൽ, ജോസ് കോക്കാട്ട്, പ്രഭാകരൻ, ബിജു കൊടിയൻ, ഡേവിസ് ഇടപ്പിള്ളി, വർഗ്ഗീസ് പന്തല്ലൂക്കാരൻ, കെ.എഫ്. ജോസ്, സോമൻ ശാരദാലയം, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ആന്റോ പുന്നേലിപ്പറമ്പിൽ, ഐ.കെ. ചന്ദ്രൻ, കെ.കെ. റോബി, ശശി ശാരദാലയം തുടങ്ങിയവർ പങ്കെടുത്തു.

അരിപ്പാലം ഹന്ന ഓൾഡ് ഏജ് ഹോമിലേക്ക് അവശ്യ സാധനങ്ങളുമായി മുതിർന്ന പൗരന്മാരെത്തി

ഇരിങ്ങാലക്കുട : പൂമംഗലം സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ അരിപ്പാലം ഹന്ന ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് വസ്ത്രങ്ങളും വാക്കിംഗ് സ്റ്റിക്കും ഉൾപ്പെടെ അവശ്യ സാധനങ്ങൾ വിതരണം ചെയ്തു.

നിര്യാതയായി

സീമന്തിനി

ഇരിങ്ങാലക്കുട : പട്ടേപ്പാടം കൈതവളപ്പിൽ സീമന്തിനി (83) നിര്യാതയായി.

സംസ്കാരം നടത്തി.

ഭർത്താവ് : പരേതനായ കുമാരൻ

മക്കൾ : ഷീജ, പരേതനായ ഷാജു, ഷൈജു

മരുമക്കൾ : സുരേന്ദ്രൻ, ജിഷ, സംഗീത (പട്ടേപ്പാടം റൂറൽ സഹകരണ ബാങ്ക്)

വീട്ടിലെ ലൈബ്രറി പുരസ്കാരത്തിനായികൃതികൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : വീട്ടിലെ ലൈബ്രറി പ്രഥമ പുരസ്കാരത്തിനായി കൃതികൾ ക്ഷണിച്ചു.

2018 മുതൽ 2025 വരെ പുസ്തകമായി പ്രസിദ്ധീകരിച്ച നോവൽ, ചെറുകഥ എന്നിവയാണ് പുരസ്കാരത്തിന് ക്ഷണിക്കുന്നത്.

മികച്ച കൃതികൾക്ക് 5000 രൂപ വീതവും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

പുസ്തകങ്ങളെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഷീബ സതീഷിന്റെ സ്മരണയിലും കൂടിയാണ് ഈ അവാർഡ് നൽകുന്നത്.

ഏപ്രിൽ 25നുള്ളിൽ തപാലിലോ നേരിട്ടോ കിട്ടത്തക്ക വിധത്തിൽ മൂന്നു കോപ്പികൾ വീതം അയക്കണം.

പുസ്തകങ്ങൾ അയക്കേണ്ട വിലാസം :

വീട്ടിലെ ലൈബ്രറി (വായന)
c/o റഷീദ് കാറളം
പി.ഒ. കാറളം – 680711
തൃശൂർ ജില്ല.

ഫോൺ : 9400488317, 8714403246

ഇളംപുഴ സെൻ്റ് ജോസഫ്സ് കപ്പേളയിൽ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : കാറളം ഇളംപുഴ സെൻ്റ് ജോസഫ്സ് കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ആഘോഷത്തിന് കൊടിയേറി.

കാറളം ഹോളി ട്രിനിറ്റി പള്ളി വികാരി ഫാ. ജീസൺ കാട്ടൂക്കാരൻ കൊടിയേറ്റം നിർവഹിച്ചു.

തിരുനാൾ ദിവസമായ നാളെ വൈകീട്ട് 5 മണിക്ക് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, നേർച്ച പായസ വിതരണം എന്നിവ ഉണ്ടായിരിക്കും.