എസ്.എഫ്.ഐ. ഇരിങ്ങാലക്കുട ഏരിയ സമ്മേളനം : സംഘാടകസമിതി യോഗം ചേർന്നു

ഇരിങ്ങാലക്കുട : എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിന്റെ മുന്നോടിയായി സംഘാടകസമിതി യോഗം ചേർന്നു.

യോഗം സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റ് സിജിൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു പ്രഭാകരൻ പ്രസംഗിച്ചു.

യോഗത്തിൽ ഏപ്രിൽ 12ന് കാട്ടൂരിൽ പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും നടത്താൻ തീരുമാനിച്ചു.

സി.പി.എം. കാട്ടൂർ ലോക്കൽ സെക്രട്ടറി ടി.വി. വിജീഷ് (ചെയർമാൻ), എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി നവ്യകൃഷ്ണ (കൺവീനർ), പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

വിഷ്ണു സ്വാഗതവും അനുശ്രുതി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പ് : 2 പ്രതികൾക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ഇരിങ്ങാലക്കുട : ഇറിഡിയം തട്ടിപ്പ് കേസിലെ 2 പ്രതികൾക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.

മാപ്രാണം സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ ഹരി സ്വാമി എന്ന് വിളിക്കുന്ന ഹരി, ജിഷ എന്നിവർക്കെതിരെയാണ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തത്.

കൽക്കത്തയിലുള്ള മഠത്തിലെ മരിച്ചുപോയ ആളുകളുടെ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന പണം ലഭിക്കുന്നതിനു വേണ്ടി ടാക്സും മറ്റും അടക്കുന്നതിനായി പണം നൽകിയാൽ പത്തിരട്ടിയിലധികം തുക തിരിച്ചു നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2016 ഡിസംബർ മുതൽ 2021 മാർച്ച് മാസം വരെ പല തവണകളായി പരാതിക്കാരനിൽ നിന്നും 10,00000 (പത്ത് ലക്ഷം) രൂപ വാങ്ങിയ ശേഷം പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

സ്വജന സമുദായ സഭ മുകുന്ദപുരം യൂണിയൻ വാർഷിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : സ്വജന സമുദായ സഭ മുകുന്ദപുരം യൂണിയന്റെ 12-ാം വാർഷിക സമ്മേളനം ആഘോഷിച്ചു.

ആളൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗവും മുൻ യൂണിയൻ സെക്രട്ടറിയും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എം.വി. കുട്ടൻ പതാക ഉയർത്തി.

ഇന്ദു സജീവനും പദ്മിനിയും ചേർന്നാലപിച്ച സംഘടനാ ഗാനത്തോടെ തുടക്കം കുറിച്ച പൊതുസമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലളിത ബാലൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ വൈസ് പ്രസിഡന്റ്‌ പി.സി. കുമാരൻ അധ്യക്ഷത വഹിച്ചു.

വി.കെ. സുഭാഷ് സ്വാഗതം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാജൻ മുഖ്യപ്രഭാഷണം നടത്തി.

ആളൂർ പഞ്ചായത്ത്‌ ആറാം വാർഡ് മെമ്പർ ജിഷ ബാബു, ഇ.പി.സി. യൂണിയൻ പ്രസിഡന്റ്‌ വി.എസ്. മോഹനൻ എന്നിവർ ആശംസകൾ നേർന്നു.

സെക്രട്ടറി സുമേഷ് കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി എം.എൻ. മണികണ്ഠൻ വരവ് – ചെലവ് കണക്കുകളും അവതരിപ്പിച്ചു.

കോടതിവിധിയെയും മറ്റു സമകാലിക വിഷയങ്ങളെയും ആസ്പദമാക്കി സംസ്ഥാന സെക്രട്ടറി വി.എ. ദിനേശൻ വിഷയാവതരണം നടത്തി.

ഇരിങ്ങാലക്കുട പൊലീസ് സൂപ്രണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ മണി “മയക്കുമരുന്നിന്റെ അതിവ്യാപനത്തെയും അത് തിരിച്ചറിയുകയും തടയുകയും ചെയ്യുന്നതിന്റെ ആവശ്യകതയെയും” സംബന്ധിച്ച ക്ലാസ്സ്‌ നയിച്ചു.

യൂണിയൻ പരിധിയിലെ വിവിധ ശാഖകളിൽ നിന്നും കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി., പ്ലസ്ടു, ഡിഗ്രി ക്ലാസ്സുകളിൽ മികച്ച വിജയം കൈവരിച്ചവരെയും, കലാ കായിക മത്സരങ്ങളിൽ ജില്ലാ/ സംസ്ഥാന തലങ്ങളിൽ വിജയം നേടിയവരെയും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

ഇന്നസെന്റ് അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഇന്നസെന്റ് അനുസ്മരണം നടത്തി.

അയ്യങ്കാളി സ്ക്വയറിൽ നടന്ന അനുസ്മരണം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

മുൻ എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ അനുസ്മരണ പ്രഭാഷണം നടത്തി.

ഡോ. കെ.പി. ജോർജ് സ്വാഗതവും ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു.

ജാത്യാധികാര ഘടന തകര്‍ക്കപ്പെടണം : കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ്

ഇരിങ്ങാലക്കുട : മനുവാദ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള ജാത്യാധികാരഘടന തകര്‍ക്കപ്പെടണമെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു.

ഇരിങ്ങാലക്കുട യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതീയ വിവേചനത്തില്‍ അഖില കേരള തന്ത്രി സമാജം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ജാത്യാധികാര ഘടന നിലനിര്‍ത്തണമെന്നാണ്. ശാസ്ത്രസാങ്കേതിക മേഖലയിലെ പുരോഗതി കണ്ട് ലോകം തരിച്ച് നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്. കാരായ്മ വാദത്തിന്റെ പുറകിലുള്ള താല്പര്യങ്ങള്‍ പടച്ചോറിൻ്റെയും നാമമാത്രമായ സമ്പത്തിലും ഒതുങ്ങുന്നതല്ലെന്ന് പകല്‍പോലെ വെളിച്ചമാണ്. പാരമ്പര്യവാദവും കുലമഹിമയും നവോത്ഥാന കേരളം പിഴുതെറിഞ്ഞതാണെന്നും ശ്രേണീബന്ധമായ ജാതി ഘടന നിലനിര്‍ത്തണമെന്ന ചിന്തകള്‍ ആധുനിക സമൂഹത്തിന് ഭൂഷണമല്ലെന്നും പി.എ. അജയഘോഷ് കൂട്ടിച്ചേര്‍ത്തു.

യൂണിയന്‍ പ്രസിഡന്റ് കെ.സി. രാജീവ് അധ്യക്ഷത വഹിച്ചു.

നേതാക്കളായ പി.എന്‍. സുരന്‍, ഷാജു ഏത്താപ്പിള്ളി, പി.സി. രഘു, രഞ്ജിത്ത് കരാഞ്ചിറ, വി.എം. ലളിത, പി.സി. രാജീവ്, കെ.വി. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ.വി. രഞ്ജിത്ത് (പ്രസിഡന്റ്), കെ.സി. രാജീവ് (സെക്രട്ടറി), വി.എം. ലളിത (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായി പുതിയ ഭരണസമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.

വെള്ളാനി- പുളിയംപാടംകാർഷിക വികസന പദ്ധതിക്ക്മൂന്നു കോടി രൂപയുടെ ഭരണാനുമതി : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : തരിശുരഹിത ഇരിങ്ങാലക്കുട ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ”പച്ചക്കുട” സമഗ്ര കാർഷിക- പാരിസ്ഥിതിക വികസന പദ്ധതിയുടെ കീഴിൽ വെള്ളാനി – പുളിയംപാടം സമഗ്ര കാർഷിക വികസന പദ്ധതിക്ക് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കാറളം പഞ്ചായത്തിലെ ചെമ്മണ്ട പുളിയംപാടം പാടശേഖരത്തിൽ ഉൾപ്പെടുന്നതാണ് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച വെള്ളാനി പുളിയംപാടം പ്രദേശം.

120 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന വെള്ളാനി- പുളിയംപാടം പാടശേഖരത്തിൻ്റെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.

ഇതിൽ 14 ലക്ഷം രൂപ മോട്ടോർ പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാനും 25 ലക്ഷം രൂപ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാനും ബാക്കി തുക ഫാം റോഡുകൾ, സ്ലൂയിസുകൾ, ട്രാക്ടർ റാമ്പുകൾ, കിടകൾ തുടങ്ങി പാടശേഖരത്തിൻ്റെ അടിസ്ഥാനസൗകര്യ വികസനം ഒരുക്കുന്നതിനുമാണ് വിനിയോഗിക്കുക എന്ന് മന്ത്രി അറിയിച്ചു.

ഭരണാനുമതി ലഭിച്ച പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും വേഗം നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

നിര്യാതനായി

ശൂലപാണി വാര്യർ

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഇരിങ്ങാലപ്പിള്ളി വാര്യത്ത് ശൂലപാണി വാര്യർ (കുട്ടപ്പൻ വാര്യർ – 91) നിര്യാതനായി.

സംസ്കാരം മാർച്ച്‌ 27 (വ്യാഴാഴ്ച) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

ഭാര്യ : പരേതയായ ചാഴൂർ എടക്കുന്നി വാര്യത്ത് ശ്രീദേവി വാരസ്യാർ

മക്കൾ : പരേതനായ രഘുനാഥ്, രാജു, രതി

നിര്യാതനായി

ബാബു

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം കൂനമ്മാവ് കൊച്ചപ്പന്‍ മകന്‍ ബാബു (67) നിര്യാതനായി.

സംസ്‌ക്കാരം മാർച്ച്‌ 28 (വെള്ളിയാഴ്ച) രാവിലെ 9.30ന് കുഴിക്കാട്ടുകോണം വിമലമാതാ ദേവാലയ സെമിത്തേരിയില്‍.

ഭാര്യ : ബേബി

മക്കള്‍ : ഫെബിന്‍, ഡീക്കണ്‍ വിബിന്‍

എംബിബിഎസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീഭദ്രയെ ആദരിച്ച് ആർഎസ്എസ്

ഇരിങ്ങാലക്കുട : എയിംസ് റായ്പൂരിൽ നിന്നും എംബിബിഎസിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൊറത്തിശ്ശേരി സ്വദേശി ശ്രീഭദ്രയെ ആർഎസ്എസ് പൊറത്തൂർ ശാഖ ആദരിച്ചു.

പൊറത്തിശ്ശേരി കല്ലട ക്ഷേത്രത്തിനടുത്തുള്ള ഇല്ലിക്കൽ ബാബു, ഷീജ ദമ്പതികളുടെ മകളാണ് ശ്രീഭദ്ര.

ആർഎസ്എസ് ഇരിങ്ങാലക്കുട ഖണ്ഡ് സേവാപ്രമുഖ് കെ.കെ. കണ്ണൻ, ഇരിങ്ങാലക്കുട ഖണ്ഡ് വിദ്യാർഥി പ്രമുഖ് ജിതിൻ മലയാറ്റിൽ, പൊറത്തിശ്ശേരി മണ്ഡലം സേവാ പ്രമുഖ് വിക്രം പുത്തൂക്കാട്ടിൽ, പൊറത്തിശ്ശേരി മണ്ഡലം ബൗദ്ധിഖ് പ്രമുഖ് പ്രദീപ്‌, പൊറത്തൂർ ശാഖ സേവാപ്രമുഖ് എ.ആർ. സുജിത്ത് (ജിഷ്ണു), നിധിൻ പട്ടാട്ട്, ജയേഷ് എന്നിവർ പങ്കെടുത്തു.

നിർമ്മാണം നിലച്ച് കാടുകയറിയ മുരിയാട് – വേളൂക്കര കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ

ഇരിങ്ങാലക്കുട : നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ള സ്വയം പര്യാപ്തതയിലേക്ക് നയിക്കുമായിരുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതി നിർമ്മാണം നിലച്ച് കാടുകയറിയ നിലയിൽ.

പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും ഇതുവരെ പൂർത്തിയായത് 20 ശതമാനം മാത്രം നിർമ്മാണ പ്രവർത്തികളാണ്.

സാമ്പത്തിക പ്രതിസന്ധിയാണ് കുടിവെള്ള പദ്ധതിക്ക് തടസ്സമായതെന്നാണ് ഔദ്യോഗിക വിശദീകരണം.

ജൽജീവൻ മിഷൻ, സംസ്ഥാന ഫണ്ട് എന്നിവ ഉപയോഗിച്ചുള്ള പദ്ധതിയുടെ നിർമ്മാണം 2023 ഫെബ്രുവരി 24ന് മന്ത്രി റോഷി അഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്.

സ്ഥലം എം എൽ എ കൂടിയായ മന്ത്രി ഡോ. ആർ. ബിന്ദുവായിരുന്നു അധ്യക്ഷത വഹിച്ചത്.

ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിക്കായി 164.87 കോടി രൂപയും ഇരിങ്ങാലക്കുട നഗരസഭയ്ക്കായി സംസ്ഥാന വിഹിതമായ 19.35 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഇതിൽ ജൽജീവൻ മിഷന്റെ 114 കോടിയുടെ പ്രവർത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ജൽജീവൻ മിഷൻ പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് 70.22 കോടി രൂപയും വേളൂക്കര പഞ്ചായത്തിന് 94.65 കോടി രൂപയുമാണ് വകയിരുത്തിയത്.

പഞ്ചായത്തുകളിലേക്ക് പ്രതിദിനം ആളോഹരി 100 ലിറ്റർ വീതവും, നഗരസഭയിലേക്ക് 150 ലിറ്റർ വീതവുമാണ് കുടിവെള്ളം വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. വേളൂക്കര പഞ്ചായത്തിലെ 35,809 പേർക്കും മുരിയാട് പഞ്ചായത്തിലെ 33574 പേർക്കും ഇരിങ്ങാലക്കുട നഗരസഭയിൽ 74157 പേർക്കും കുടിവെള്ളം നൽകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

കരുവന്നൂർ പുഴയാണ് പദ്ധതിയുടെ ജലസ്രോതസ്സ്. കരുവന്നൂർ പുഴയിലെ ഇല്ലിക്കലിൽ 12 മീറ്റർ വ്യാസമുള്ള കിണറും പമ്പ് ഹൗസും നിർമ്മിച്ച്, ഈ കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത്, 5800 മീറ്റർ വഴി പിന്നിട്ട് മങ്ങാടിക്കുന്നിൽ നിർമ്മിക്കുന്ന 18 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിച്ച് ശുദ്ധീകരിച്ച് 8 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണിയിൽ ശേഖരിക്കും. ഇവിടെ നിന്നും പ്ലാന്റ് പരിസരത്തുള്ള 22 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണിയിലേക്ക് പമ്പ് ചെയ്യും. ഇതായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.

മുരിയാട് പഞ്ചായത്തിലെ വനിതാ വ്യവസായ കേന്ദ്രത്തിന് സമീപം നിർമ്മിക്കുന്ന 12 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധജല ടാങ്കിന്റെ നിർമ്മാണം നിലച്ചിട്ട് ഒരു വർഷം പിന്നിട്ടു. തറ നിർമ്മാണം മാത്രമേ പൂർത്തിയായിട്ടുള്ളൂ. പ്രവർത്തികൾ നിലച്ചതോടെ ഇവിടെ കാടുകയറി. ഭൂമി നിരപ്പിൽ നിന്നും കോൺക്രീറ്റ് തൂണുകൾ ഉയർത്തിയിട്ടുണ്ടെങ്കിലും ഇരുമ്പ് കമ്പികൾ തുരുമ്പെടുത്തു തുടങ്ങി. വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നിൽ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധജല ടാങ്കിന്റെ നിർമ്മാണം 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.

ഇപ്പോഴും ഇതു സംബന്ധിച്ച പല ടെൻഡർ നടപടികളും എങ്ങും എത്തിയിട്ടില്ലെന്നാണ് സൂചന.

പ്രധാന ഘടകങ്ങളായ കിണർ, റോ വാട്ടർ പമ്പിങ് മെയിൻ, 18 എംഎൽഡി ശുദ്ധീകരണശാല, 22 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള നഗരസഭയ്ക്കായുള്ള ടാങ്ക് എന്നിവയുടെ ടെൻഡറുകൾക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.