Irinjalakudatimes

പ്രതിബദ്ധത ജനങ്ങളോട് മാത്രം..

Advertisement
വാഹന പരിശോധന കർശനമാക്കിപോലീസും മോട്ടോർ വാഹന വകുപ്പും

ഇരിങ്ങാലക്കുട : സംസ്ഥാന ഗതാഗത മന്ത്രി, ട്രാൻസ്പോർട്ട് കമ്മീഷണർ, പോലീസ് ഡിജിപി എന്നിവരുടെ നിർദ്ദേശാനുസരണം പോലീസും മോട്ടോർവാഹന വകുപ്പും സംയുക്തമായുള്ള വാഹന പരിശോധന തൃശൂർ റൂറൽ ജില്ലയിൽ ബുധനാഴ്ച്ച ആരംഭിച്ചു.

നിരത്തുകളിൽ തുടർക്കഥയാകുന്ന അപകടങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പ്രത്യേക പരിശോധന.

നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനാണ് ജില്ലാ പോലീസ് മേധാവിയുടെയും ആർ ടി ഓയുടെയും നിർദ്ദേശം.

ജില്ലയിലെ മൂന്ന് ഡി വൈ എസ് പിമാർക്ക് കീഴിലുള്ള പോലീസ് സേനയും, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി ആർ ടി ഓ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമാണ് നിരത്തുകളിൽ പരിശോധനക്കായി ഇറങ്ങിയിട്ടുള്ളത്.

അപകട മേഖലകൾ, ദേശീയ സംസ്ഥാന പാതകൾ, സ്കൂൾ, കോളേജ് പരിസരങ്ങൾ എന്നിവക്കു പുറമേ അപകട സാദ്ധ്യത കൂടിയ സ്ഥലങ്ങൾ കണ്ടെത്തി 24 മണിക്കുറും പരിശോധന നടപ്പിലാക്കും.

മദ്യപിച്ച് വാഹനം ഓടിക്കുക, അമിത വേഗത, ട്രാഫിക് നിയമ ലംഘനങ്ങൾ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക എന്നിവക്ക് പിഴ ഈടാക്കുന്നതിനു പുറമെ ഉടനടി ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതാണ്.

ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യുന്നവർ, അമിതവേഗത, അപകടകരമായ ഓവർടേക്കിങ്ങ്, സ്വന്തം ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നതും മോടി കൂട്ടുന്നതും ആയ കാര്യങ്ങൾ തുടങ്ങി എല്ലാ നിയമലംഘനങ്ങൾക്കും എതിരെ കർശന നടപടികൾ കൈക്കൊള്ളുന്നതാണെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മ
ഐ പി എസ് അറിയിച്ചു.