സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ. പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച പി.ടി.എ. പൊതുയോഗം സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ബൈജു കൂവപറമ്പിൽ അധ്യക്ഷത വഹിച്ചു.

അധ്യാപക പ്രതിനിധി എം.ആർ. പാർവതി റിപ്പോർട്ട് അവതരിപ്പിച്ചു.

പി.ടി.എ. ട്രഷറർ മേരി ആന്റണി, എക്സിക്യൂട്ടീവ് മെമ്പർ എ.ടി. ഷാലി, കത്തീഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് “നമുക്കൊരുമിക്കാം ലഹരിക്കെതിരെ” എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ സി.കെ. ചന്ദ്രൻ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.

പുതിയ അധ്യയന വർഷത്തെ പി.ടി.എ. പ്രസിഡൻ്റായി ഷാജു ജോസ് ചിറയത്തിനെയും വൈസ് പ്രസിഡൻ്റായി ജോജോ വെള്ളാനിക്കാരനെയും തെരഞ്ഞെടുത്തു.

പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക് സ്വാഗതവും ഫസ്റ്റ് അസിസ്റ്റന്റ് എം.ജെ. ഷീജ നന്ദിയും പറഞ്ഞു.

“മുരിയാടിൻ്റെ മുഖശ്രീ” പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ വികസനത്തിന്റെ അഞ്ചാണ്ടുകളുടെ സാക്ഷ്യപത്രമായ “മുരിയാടിന്റെ മുഖശ്രീ” മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു

പൊതുഭരണം ആധുനികവത്‌ക്കരിക്കുന്ന മൊബൈൽ ആപ്പ്, വാർഡ്‌തോറും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾ, ചാറ്റ് ബോട്ട്, ഡിജി മുരിയാട്, ഗ്രീൻ മുരിയാട്, ക്ലീൻ മുരിയാട്, ജീവധാര, ഉയിരെ, ടൂറിസ്സം, ഗ്രാമവണ്ടി, മൊബൈൽ ക്രിമിറ്റോറിയം, പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്ക്, കൃഷി ഉപകേന്ദ്രം, ബഡ്‌സ് സ്‌കൂൾ, വാട്ടർ എം.ടി.എം., വനിത ഫിറ്റ്നസ് സെൻ്റർ, വെൽനസ് സെൻ്റർ, ഷീ ഹെൽത്ത്, വയോമന്ദസ്‌മിതം, കലാഗ്രാമം, പ്രാണാ ഡയാലിസിസ് പദ്ധതി തുടങ്ങി ജനകീയ സംവാദങ്ങളിലൂടെ രൂപപ്പെട്ട നിർവ്വഹണത്തിന്റെ നിർണ്ണായക ഘട്ടങ്ങളുടെ സാക്ഷ്യപത്രമാണ് “മുരിയാടിൻ്റെ മുഖശ്രീ”.

പ്രകാശന ചടങ്ങിൽ
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ.യു. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയൻ, നിഖിത അനൂപ്, സെക്രട്ടറി ഇൻചാർജ് പി.ബി. ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.

ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിൽ കർക്കിടകം 1 മുതൽ രാമായണമാസാചരണം

ഇരിങ്ങാലക്കുട : മനയ്ക്കലപ്പടി കോണത്തുകുന്ന് ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി കർക്കിടകം 1 മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 7.30 മുതൽ രാമായണ പാരായണം ഉണ്ടായിരിക്കും.

ഭാസ്കരൻ മണമ്മൽ ആണ് പാരായണം നടത്തുന്നത്.

ജൂലൈ 27ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും രാവിലെ 9.30 മുതൽ ഔഷധക്കഞ്ഞി വിതരണവും ഉണ്ടാകും.

രാവിലെ 5.30ന് ആരംഭിക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ കൊടുങ്ങല്ലൂർ രഘുപതി എമ്പ്രാന്തിരി മുഖ്യകാർമികത്വം വഹിക്കും.

ശാസ്ത്രസമേതം അധ്യാപക ശിൽപ്പശാല

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സമേതത്തിന്റെ ഭാഗമായി ശാസ്ത്രസമേതം അധ്യാപക ശില്പശാല നടത്തി. 

എ.ഇ.ഒ. എം.സി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു.

സമേതം ശാസ്ത്രകോർഡിനേറ്റർ ടി.എസ്. സജീവൻ ആമുഖപ്രഭാഷണം നടത്തി. 

എൻ.കെ. കിഷോർ, ടി.പി. ഷൈബി, സ്റ്റെഫി മരിയ റോബർട്ട് എന്നിവർ ശില്പശാലയിൽ ക്ലാസ് എടുത്തു.

ബി.പി.സി. കെ.ആർ. സത്യപാലൻ സ്വാഗതവും സി.ആർ.സി.സി. കോർഡിനേറ്റർ രശ്മി അധീഷ് നന്ദിയും പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞ തെക്കേ നട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം : തെക്കെനട സൗഹൃദ കൂട്ടായ്മ

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടനത്തിനെത്തുന്ന വാഹനങ്ങൾ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് പോകുന്ന പ്രധാന റോഡായ തെക്കേ നട റോഡ് ടാറിംഗ് ഇളകിമാറി ഗർത്തങ്ങൾ രൂപപ്പെട്ട നിലയിലായിട്ട് കാലമേറെയായി.

പരിസരത്തെ പാടപ്രദേശങ്ങളിൽ ജലം തങ്ങി നിൽക്കുന്നത് റോഡിന്റെ ഇരുവശങ്ങളെയും ദുർബലമാക്കിയിട്ടുണ്ട്.

ഭക്തരുമായി പോകുന്ന വലിയ വാഹനങ്ങൾക്ക് ഈ അവസ്ഥ ഭീഷണിയാകുമെന്ന് പരിസരവാസികൾ അഭിപ്രായപ്പെട്ടു.

നാട്ടുകാരുടെ അപേക്ഷ പരിഗണിച്ച് എം.എൽ.എ. ഫണ്ടിൽ നിന്നും ഈ റോഡിന്റെ വികസനത്തിനായി ഒരു വർഷം മുമ്പ് പത്തു ലക്ഷം രൂപ അനുവദിച്ചതായി വാർത്തയുണ്ടായിരുന്നു.

എന്നാൽ നാളിതുവരെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും
അടിയന്തിരമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും തെക്കേനട സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു.

ടി. ഗോപിനാഥ്, കെ.ആർ. ഉണ്ണിച്ചെക്കൻ, എ. രാജശേഖരൻ, കെ.ആർ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ കുടിവെള്ള മലിനീകരണ പ്രശ്നം പരിശോധനാ റിപ്പോർട്ട്‌ ലഭ്യമാക്കി വേഗത്തിൽ പരിഹരിക്കും :മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ കുടിവെള്ള മലിനീകരണ പ്രശ്നത്തിൽ ജലപരിശോധന റിപ്പോർട്ടുകൾ വേഗത്തിൽ ലഭ്യമാക്കി പരിഹാരം കാണുന്നതിനുള്ള നടപടികൾ നടത്തി വരികയാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കാട്ടൂർ പഞ്ചായത്ത് 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ കുടിവെള്ളം മലിനമായ സംഭവത്തെ തുടർന്ന് കാട്ടൂർ പഞ്ചായത്ത് ഹാളിൽ ജൂലൈ 4ന് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് അധികൃതരുമായി യോഗം ചേർന്നിരുന്നു.

യോഗത്തിന്റെ സുപ്രധാനമായ തീരുമാനം എന്ന നിലയിൽ മന്ത്രി ബിന്ദുവിന്റെ നിർദേശപ്രകാരം തൃശൂർ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്, പഞ്ചായത്ത് സെക്രട്ടറി, ജില്ല വ്യവസായ വകുപ്പ്, ഭൂജല വകുപ്പ് തൃശൂർ, തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളെജ്,
കോഴിക്കോട് സി.ഡബ്ല്യൂ.ആർ.ഡി.എം., ജില്ലാ മെഡിക്കൽ ഓഫീസർ (അലോപ്പതി), സിഡ്കോ ലിമിറ്റഡ് മാനേജർ, ജില്ലാ സോയിൽ സർവ്വെ ഡിപ്പാർട്ട്മെൻ്റ് എന്നിവർ ഉൾപ്പെട്ട 10 അംഗ സബ് കമ്മിറ്റി രൂപീകരിക്കുകയും തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറുടെ അധ്യക്ഷതയിൽ ജൂലൈ 10ന് യോഗം ചേരുകയും ചെയ്തിരുന്നു.

കുടിവെള്ള സ്രോതസുകളിലെ രാസമാലിന്യം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പഠിക്കാൻ തൃശൂർ എഞ്ചിനീയറിംഗ് കോളെജിനെ ചുമതലപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് ലാബിലേക്ക് അയച്ച ജല സാമ്പിളുകളുടെ പരിശോധനാഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.

ജലപരിശോധന നടപടികൾ സ്വീകരിച്ചു വരികയാണെന്നും വേഗത്തിൽ പരിശോധനാ റിപ്പോർട്ടുകൾ ലഭ്യമാക്കി കാട്ടൂർ പഞ്ചായത്തിൽ യോഗം ചേരുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ഓൺലൈൻ യോഗവും ചേർന്നിരുന്നു.

പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കണ്ഠേശ്വരം ക്ഷേത്രത്തിലും ബ്രഹ്മകുളങ്ങര ക്ഷേത്രത്തിലും കർക്കിടകം 1 മുതൽ രാമായണ പാരായണം

ഇരിങ്ങാലക്കുട : കണ്ഠേശ്വരം ശിവക്ഷേത്രത്തിലും ബ്രഹ്മകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലും രാമായണ മാസാചരണത്തോടനുബന്ധിച്ച് കർക്കിടകം 1 മുതൽ 31 വരെ രാവിലെ 5.30 മുതൽ 7.30 വരെ രാമായണ പാരായണം ഉണ്ടായിരിക്കും.

കണ്ഠേശ്വരം ക്ഷേത്രത്തിൽ ജൂലൈ 17 മുതൽ 23 വരെ വൈകുന്നേരം 6.30 മുതൽ 7.30 വരെ മാതാജി ദേവി സംഗമേശാനന്ദ സരസ്വതി ഭക്തിപ്രഭാഷണം നടത്തും.

ആഗസ്റ്റ് 16ന് വൈകുന്നേരം 6.30 മുതൽ 7.30 വരെ കെ.ബി. സുരേഷിന്റെ പ്രഭാഷണം അരങ്ങേറും.

കർക്കിടകം 1 മുതൽ 7 വരെ പ്രഭാഷണത്തിനു ശേഷം ക്ഷേത്രത്തിൽ ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.

ആഗ്നസ് പൂവ്വത്തിങ്കലിന് ഡോക്ടറേറ്റ് ലഭിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ഗണിതശാസ്ത്രം വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ ആഗ്നസ് പൂവ്വത്തിങ്കൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി കരസ്ഥമാക്കി.

കുഴിക്കാട്ടുകോണം പൂവത്തിങ്കൽ പയസ്സിന്റെയും ജോളിയുടെയും മകളും, വൈലത്തൂർ മാറോക്കി ലൂയിസ് ജോസിൻ്റെ ഭാര്യയുമാണ് ആഗ്നസ്.

കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരം പുനർനിർമ്മിക്കും

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരം പുനർ നിർമ്മിക്കും. ഇതേക്കുറിച്ച് ആലോചിക്കുന്നതിനു വേണ്ടി ഭക്തജനങ്ങളുടെ യോഗം നാളെ (ബുധനാഴ്ച്ച) ഉച്ചതിരിഞ്ഞ് 4 മണിക്ക് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഊട്ടുപുരയിൽ ചേരുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അറിയിച്ചു.

ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടപ്പുരയുടെ നവീകരണവും ഇതോടൊപ്പം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ചെയർമാൻ വ്യക്തമാക്കി.

72 അടി ഉയരത്തിലുള്ള കൊടിമരം പൊതിയാൻ ഏകദേശം 15 കോടി രൂപ വിലവരുന്ന സ്വർണ്ണം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

കൊടിമരം, പടിഞ്ഞാറെ നടപ്പുര, മറ്റ് നവീകരണ പ്രവർത്തനങ്ങൾ എന്നിവക്ക് മൊത്തം 25 കോടിയോളം ചെലവ് വരും.

ഈ വർഷം നിർമ്മാണം ആരംഭിച്ച് അടുത്ത വർഷം ഉത്സവത്തിനു മുമ്പായി പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്. ബുധനാഴ്ച്ച വൈകീട്ട് നടക്കുന്ന യോഗത്തിനു ശേഷം ശ്രീകോവിലിനു മുൻപിൽ ചെമ്പോല മേഞ്ഞതിന്റെ സമർപ്പണവും നടക്കും.

കടിപിടിയിൽ ചത്ത തെരുവു നായയ്ക്ക് പേവിഷബാധയുള്ളതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്

ഇരിങ്ങാലക്കുട : അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായയും മറ്റു നായ്ക്കളും തമ്മിലുണ്ടായ കടിപിടിയിൽ തെരുവുനായ ചത്തു. തുടർന്നു നടത്തിയ പോസ്റ്റുമാർട്ടത്തിൽ തെരുവുനായക്ക് പേവിഷബാധ ഉണ്ടെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് നായ്ക്കൾക്ക് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഇന്ന് (ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകും.

ഇരിങ്ങാലക്കുട നഗരസഭ 35, 39 വാർഡുകളിൽ പെട്ട കല്ലട ക്ഷേത്രത്തിനടുത്ത് ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. പുറത്തു നിന്നെത്തിയ തെരുവുനായയും സമീപ പ്രദേശത്തുള്ള ഏഴ് നായ്ക്കളും തമ്മിലായിരുന്നു കടിപിടി.

ആക്രമണത്തിൽ ചത്ത തെരുവുനായയെ തിങ്കളാഴ്ച്ച രാവിലെ നഗരസഭ ആരോഗ്യ വിഭാഗം കൊണ്ടു പോയി പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് പേ വിഷബാധ ഉണ്ടെന്ന് അറിഞ്ഞത്.