കടുപ്പശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രം ബാലാലയ പ്രതിഷ്ഠാദിന മഹോത്സവം 2നും 3നും

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 2, 3 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി 3ന് രാവിലെ 8 മണിക്ക് കടുപ്പശ്ശേരി സെൻ്ററിൽ നിന്നും ആരംഭിക്കുന്ന എഴുന്നള്ളിപ്പിനെ തുടർന്ന് 9.30ന് ആചാരാനുഷ്ഠാനങ്ങളോടുകൂടി ക്ഷേത്രം തന്ത്രി എക്കോട്ട് ഇല്ലത്ത് സൂര്യനാരായണൻ നമ്പൂതിരി പുന:പ്രതിഷ്ഠാ ചടങ്ങ് നിർവ്വഹിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദഊട്ട് ഉണ്ടായിരിക്കും.

വൈകീട്ട് 6.30ന് ആരംഭിക്കുന്ന സമാപന പൊതുസമ്മേളനത്തിൽ മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ മണികണ്ഠൻ മുഖ്യാതിഥിയാകും.

തുടർന്ന് കച്ചേരിപ്പടി ശ്രീദുർഗ്ഗ തിരുവാതിരസംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും ശ്രീഭദ്ര കടുപ്പശ്ശേരി, മൈഥിലി കടുപ്പശ്ശേരി എന്നിവർ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും അരങ്ങേറും.

പ്രസിഡന്റ് ജിജ്ഞാസ് മോഹൻ കിഴുവാട്ടിൽ, സെക്രട്ടറി രാജൻ ഇഞ്ചിപ്പുല്ലുവളപ്പിൽ, ക്ഷേത്രം തന്ത്രി എക്കോട്ട് ഇല്ലത്ത് സൂര്യനാരായണൻ നമ്പൂതിരി, രക്ഷാധികാരികളായ രാമചന്ദ്രൻ തവളക്കുളങ്ങര, ഹരി നക്കര എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ശ്രമദാൻ റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികം നാളെ

ഇരിങ്ങാലക്കുട : ശ്രമദാൻ റോഡ് റെസിഡൻ്റ്സ് അസോസിയേഷന്റെ 3-ാം വാർഷികാഘോഷം ഫെബ്രുവരി 2ന് വൈകീട്ട് 6 മണിക്ക് ഡോളേഴ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.

പ്രസിഡന്റ് തറമ്മൽ അപ്പുക്കുട്ടൻ നായർ അധ്യക്ഷത വഹിക്കും.

വൈസ് പ്രസിഡന്റ് ടി ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും.

ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൻ്റെ മൂന്നാം നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സിന് തറക്കല്ലിട്ടു.

നിർമ്മാണോദ്ഘാടനം മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതിദേവി നിർവഹിച്ചു.

വാർഡ് മെമ്പർ കെ വൃന്ദകുമാരി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ശ്രീജിത് പട്ടത്ത്, പി ടി എ പ്രസിഡൻ്റ് ടി എസ് മനോജ് കുമാർ, പ്രധാനാധ്യാപകൻ ടി അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

മാനേജർ പ്രതിനിധി എ എൻ വാസുദേവൻ സ്വാഗതവും മാതൃസംഗമം പ്രസിഡൻ്റും പഞ്ചായത്ത് മെമ്പറുമായ നിജി വത്സൻ നന്ദിയും പറഞ്ഞു.

പഞ്ചായത്ത്‌ എഞ്ചിനീയർ, ഓവർസിയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തിയ ചിരട്ടക്കുന്ന് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി

ഇരിങ്ങാലക്കുട : ചിരട്ടക്കുന്ന് സെൻ്ററിൽ ആക്ടീവ സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തിയ വള്ളിവട്ടം ചിരട്ടക്കുന്ന് സ്വദേശി തെക്കേ വീട്ടിൽ ബാലൻ മകൻ ഉണ്ണികൃഷ്ണനെ (49) എക്സൈസ് സംഘം പിടികൂടി.

14 കുപ്പികളിലായി 7 ലിറ്റർ മദ്യവും, മദ്യ വിൽപ്പനയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും, മദ്യം വിറ്റ് ലഭിച്ച 1560 രൂപയുമായി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവുമാണ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഇ പി ദിബോസ്, എ സന്തോഷ്, സി കെ ചന്ദ്രൻ, സി വി ശിവൻ, (ഗ്രേഡ്) പ്രിവൻ്റീവ് ഓഫീസർ വി വി ബിന്ദുരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രഞ്ജു വിനോദ്, ഡ്രൈവർ കെ കെ സുധീർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നിര്യാതനായി

ജോൺ

ഇരിങ്ങാലക്കുട : കാട്ടൂർ കോമ്പാറക്കാരൻ കുഞ്ഞുവറീത് മകൻ ജോൺ (69) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ഉഷ

മക്കൾ : ഡിജി, ഡിനോയ്, ഡിറ്റോ

മരുമക്കൾ : വിനു, നിമ്മി, നീതു

കുപ്രസിദ്ധ ​ഗുണ്ടയെ നാടു കടത്തി

കൊടുങ്ങല്ലൂർ : കുപ്രസിദ്ധ ഗുണ്ട അഴിക്കോട് ബീച്ച് സ്വദേശി തേര്‍പ്പുരയ്ക്കല്‍ വീട്ടില്‍ ലാലു എന്നറിയപ്പെടുന്ന ലാലിനെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി.

ലാല്‍ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ 2 വധശ്രമക്കേസ്സുകളിലും, 5 ഓളം ദേഹോപദ്രവ കേസ്സുകളിലും പ്രതിയാണ്.

കഴിഞ്ഞ ഓക്ടോബറിൽ മേനോന്‍ ബസാറില്‍ വെച്ച് യാത്രാക്കൂലി ചോദിച്ച ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐപിഎസ് നൽകിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് ഡി ഐ ജി ഹരിശങ്കര്‍ ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൊടുങ്ങല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി കെ അരുണ്‍, എ എസ് ഐ സുമേഷ് ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിജോ, തോമാച്ചന്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

കഞ്ചാവുമായി യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ മുള്ളൻബസാർ എരുമത്തുരുത്തി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കരിനാട്ട് വീട്ടിൽ ശിവാജി മകൻ വിഷ്ണു(30)വിനെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ ഡാൻസഫ് ടീം അംഗങ്ങൾക്കും സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വിഷ്ണുവിൽ നിന്നും 9 ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന ഏകദേശം 75 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

എസ് ഐ രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ് ഐ സഹദ്, എ എസ് ഐ പ്രജീഷ്, ലിജു, എസ് സി പി ഒ ബിജു, ജമാൽ, നിഷാന്ത്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുഹമ്മദ്‌ അഷ്‌റഫ്‌ എന്നിവരാണ് വിഷ്ണുവിനെ പിടികൂടിയത്.

കൽപ്പണിയുടെ മറവിൽ ബ്രൗൺ ഷുഗർ വിൽപ്പന : വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : അതിഥി തൊഴിലാളികൾക്കിടയിൽ ബ്രൗൺ ഷുഗർ വിൽപ്പനയ്ക്കായി എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി എസ് കെ സൂദ്രൂൾ (33) 3.430 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിൽ.

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആളൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആളൂർ പെട്രോൾ പമ്പ് പരിസരത്തു നിന്നും ബ്രൗൺ ഷുഗർ വിൽപ്പനയ്ക്കായി കാത്തുനിൽക്കവെയാണ് സൂദ്രൂൾ പിടിയിലായത്.

വെസ്റ്റ് ബംഗാളിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചത്.

ലഹരിമരുന്നിൻ്റെ ഉറവിടത്തെ കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കൽപ്പണി തൊഴിലാളിയായ സൂദ്രൂൾ ലഹരിവിൽപ്പനയിലൂടെ അമിതമായി സമ്പാദിക്കാം എന്ന ഉദ്ദേശത്തോടെയാണ് ലഹരി വിൽപ്പന ആരംഭിച്ചത്.

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആളൂർ എസ്എച്ച്ഒ കെ എം ബീനിഷ്, എസ് ഐമാരായ പി എ സൂബിന്ദ്, സിദ്ദിഖ്, ജയകൃഷ്ണൻ, ടി ആർ ഷൈൻ, എ എസ് ഐ സൂരജ്, എസ് സി പി ഒ മാരായ സോണി, ഷിൻ്റോ, ഉമേഷ്, സി പി ഒ ജിബിൻ, ഹരികൃഷ്ണൻ, ആഷിക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

സെന്റ് ജോസഫ്സ് കോളെജിൽ ക്യാമ്പസ് ലയൺസ് ക്ലബ്ബിന് തുടക്കമായി

ഇരിങ്ങാലക്കുട : വിദ്യാർഥികളിൽ കമ്മ്യൂണിറ്റി സേവനം വളർത്തി എടുക്കുന്നതിനും അവരെ ആഗോളസംഘടനയുടെ ഭാഗമാക്കുന്നതിനും വേണ്ടി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കലാലയത്തിൽ ക്യാമ്പസ് ലയൺസ് ക്ലബ്ബിന് തുടക്കമായി.

കേരളത്തിലെ വനിതാ കലാലയങ്ങളിലെ ആദ്യത്തെ ഇൻ്റർനാഷണൽ ലയൺസ് ക്യാമ്പസ് ക്ലബ്ബാണിത്.

ലയൺസ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട സ്പോൺസർ ചെയ്യുന്ന പുതിയ ക്യാമ്പസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് 318ഡി ഗവർണ്ണർ ജെയിംസ് വളപ്പില നിർവ്വഹിച്ചു.

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബിജു ജോസ് കൂനൻ അധ്യക്ഷത വഹിച്ചു.

വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർമാരായ ടി ജയകൃഷ്ണൻ, സുരേഷ് കെ വാര്യർ എന്നിവർ ക്യാമ്പസ് ക്ലബ്ബിന്റെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം വഹിച്ചു.

മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ തോമച്ചൻ വെള്ളാനിക്കാരൻ, കോളെജ് പ്രിൻസിപ്പൽ ഡോ സി ബ്ലെസ്സി, ഏരിയ ചെയർപേഴ്സൺ ഷീല ജോസ്, സോൺ ചെയർപേഴ്സൺ അഡ്വ ജോൺ നിധിൻ തുടങ്ങിയവർ സംസാരിച്ചു.

രണ്ടാം വർഷ ബിരുദ വിദ്യാർഥിനികളായ ദിയ ജോഷി ക്ലബ്ബിന്റെ പ്രസിഡൻ്റായും, ഗൗരി നന്ദകുമാർ സെക്രട്ടറിയായും, ആഗ്രിയ ജോയി ട്രഷററായും ഭാരവാഹിത്വം ഏറ്റെടുത്തു.

അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറിമാരായ പോൾ മാവേലി, കെ എൻ സുഭാഷ്, ക്യാമ്പസ് ക്ലബ്ബ് കോർഡിനേറ്റർ ബെന്നി ആൻ്റണി, സെക്രട്ടറി ഡോ ഡെയിൻ ആൻ്റണി, റീജിയൺ ചെയർപേഴ്സൺ കെ എസ് പ്രദീപ്, ലയൺ ലേഡി പ്രസിഡന്റ് ഡോ ശ്രുതി ബിജു, സെക്രട്ടറി അന്ന ഡെയിൻ, ട്രഷറർ വിന്നി ജോർജ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കോണത്തുകുന്ന് ഗവ യു പി സ്കൂളില്‍ കിഡ്സ്‌ ഫെസ്റ്റ്

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ യു പി സ്കൂളിലെ പ്രീപ്രൈമറി വിഭാഗം കുട്ടികള്‍ക്കായി കിഡ്സ്‌ ഫെസ്റ്റ് നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു.

വാര്‍ഡംഗം കെ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍ മുഖ്യാതിഥിയായി.

പി ടി എ പ്രസിഡന്റ് എ വി പ്രകാശ്, എം പി ടി എ പ്രസിഡന്റ് ടി എ അനസ്, പി ടി എ വൈസ് പ്രസിഡന്റ് പി എസ് സരിത തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രധാനാധ്യാപിക പി എസ് ഷക്കീന സ്വാഗതവും സീനിയര്‍ അധ്യാപിക എം എ പ്രിയ നന്ദിയും പറഞ്ഞു.