ഇരിങ്ങാലക്കുടയിൽ കുടിവെള്ളക്ഷാമം രൂക്ഷം ; നഗരസഭയ്ക്കും കെ. എസ്. ടി. പി.ക്കും എതിരെ കടുത്ത വിമർശനവുമായി കൗൺസിൽ യോഗം

ഇരിങ്ങാലക്കുട : കെ.എസ്.ടി.പി.യുടെ സംസ്ഥാനപാത നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പലയിടത്തും കുടിവെള്ള പൈപ്പുകൾ പൊട്ടി രൂക്ഷമാകുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാരോപിച്ച് വെള്ളിയാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിലേക്ക് ഒഴിഞ്ഞ ബക്കറ്റും കുടങ്ങളുമായി എത്തി ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു.

പഴയ പൊറത്തിശ്ശേരി പഞ്ചായത്തിൽ ഉൾപ്പെട്ട മൂർക്കനാട്, കരുവന്നൂർ, മാടായിക്കോണം, തളിയക്കോണം, കുഴിക്കാട്ടുകോണം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളം ലഭിച്ചിട്ട് 36 ദിവസത്തിലേറെയായെന്ന് കൗൺസിലർ ഷാജുട്ടൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കെ.എസ്.ടി.പി. ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചു ചേർക്കാത്തതിനെതിരെ നഗരസഭയെ എൽഡിഎഫ് ബിജെപി അംഗങ്ങൾ വിമർശിച്ചു.

പൂതംകുളം മുതൽ ക്രൈസ്റ്റ് കോളെജ് ജംഗ്ഷൻ വരെയുള്ള കെ.എസ്.ടി.പി.യുടെ റോഡ് നിർമ്മാണം നടക്കുന്ന സമയത്ത് പ്രദേശത്ത് 120 ദിവസത്തോളം കുടിവെള്ള വിതരണം നിലച്ച സാഹചര്യം ഉണ്ടായിരുന്നെന്ന് ബിജു പോൾ അക്കരക്കാരനും ചൂണ്ടിക്കാട്ടി.

മുന്നറിയിപ്പില്ലാതെ ക്രൈസ്റ്റ് കോളെജ് ജംഗ്ഷൻ റോഡിലേക്കുള്ള റോഡ് കെ.എസ്.ടി.പി. പൊളിച്ചതിനാൽ ഈ പരീക്ഷാക്കാലത്തും അന്നേദിവസം 22ഓളം സ്കൂൾ ബസ്സുകളാണ് ബ്ലോക്കിൽപ്പെട്ടതെന്നും കെ.എസ്.ടി.പി.ക്കെതിരെ എന്ത് പറഞ്ഞാലും നിങ്ങൾ വികസനത്തിന് എതിരെ നിൽക്കുന്നു എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ബിജു പോൾ അക്കരക്കാരൻ പറഞ്ഞു.

പ്രശ്നം പരിഹരിക്കുന്നതിനായി മാർച്ച് 3ന് രാവിലെ 10.30ന് കെ.എസ്.ടി.പി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും മുഴുവൻ കൗൺസിലർമാരെയും ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർക്കുമെന്ന് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അറിയിച്ചു.

കെ.എസ്.ടി.പി.യുടെ ഭാഗത്തുനിന്ന് ഉണ്ടായ അനാസ്ഥ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ നഗരസഭയ്ക്ക് കഴിയും വിധം ടാങ്കറുകളിൽ എല്ലായിടത്തേക്കും കുടിവെള്ളം എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.

മാപ്രാണം മാടായിക്കോണത്ത് ആരംഭിക്കാനിരുന്ന നഗരസഭയുടെ 3-ാമത് അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻ്റർ കരുവന്നൂർ ബംഗ്ലാവിലുള്ള നഗരസഭയുടെ ജൂബിലി മന്ദിരത്തിൽ ആരംഭിക്കാൻ കൗൺസിലിൽ തീരുമാനിച്ചു. വിഷയത്തിൽ ബിജെപി വിയോജനക്കുറിപ്പ് സമർപ്പിച്ചു.

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ ലഭിച്ച വീടുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള കാലാവധി 7 വർഷത്തിൽ നിന്ന് 12 വർഷത്തേക്കായി മാറ്റം വരുത്തിയ സർക്കാർ ഉത്തരവിനെതിരെ ഭരണപക്ഷവും ബിജെപി കൗൺസിലർമാരും പ്രതിഷേധമറിയിച്ചു.

7 വർഷത്തിൽ നിന്നും 12 വർഷമാക്കി ഉയർത്തിയത് അടിയന്തര സാഹചര്യത്തിൽ പോലും വീട് കൈമാറ്റം ചെയ്യാൻ സാധിക്കാത്ത വിധം സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ഉത്തരവിനെതിരെ സർക്കാരിന് കത്ത് നൽകണമെന്ന ആവശ്യവുമായാണ് ഭരണപക്ഷവും ബിജെപി കൗൺസിലർമാരും പ്രതിഷേധം അറിയിച്ചത്.

എന്നാൽ എല്ലാവർക്കും സുരക്ഷിത ഭവനം എന്ന സർക്കാർ ലക്ഷ്യത്തിൽ നിന്ന് വീട് ലഭിച്ച ഉപഭോക്താക്കൾക്ക് വീണ്ടും വീട് നഷ്ടപ്പെടുന്ന അവസ്ഥ ഇല്ലാതിരിക്കാനാണ് ഇത്തരമൊരു ഉത്തരവെന്ന് എൽഡിഎഫ് കൗൺസിലർമാരും ചൂണ്ടിക്കാട്ടി.

തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതി പ്രകാരമുള്ള വാക്സിൻ തുടങ്ങിയവ വാങ്ങുന്നതിനുള്ള അനുമതി നൽകുന്നത് സംബന്ധിച്ച അജണ്ടയിൽ നഗരസഭാ പരിധിയിലെ നായ ശല്യം വീണ്ടും ചർച്ചയായി.

നഗരസഭയിൽ നായകൾക്ക് വന്ധ്യംകരണ പദ്ധതി ഇല്ലാത്തത് ഒരു കുറവായി സന്തോഷ് ബോബൻ, പി.ടി. ജോർജ്, സുജ സഞ്ജീവ് കുമാർ എന്നിവർ ചൂണ്ടിക്കാട്ടി. വന്ധ്യംകരണത്തിലൂടെ മാത്രമേ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം കുറയ്ക്കാൻ സാധിക്കുകയുള്ളൂ എന്നും ഭയപ്പെടുത്തുന്ന വിധമുള്ള ആക്രമണങ്ങളാണ് വാർത്തകളിൽ നിറയുന്നതെന്നും എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.

നഗരസഭയുടെ ടേക്ക് എ ബ്രേക്ക് നടത്തിപ്പ് കുടുംബശ്രീക്ക് നൽകുന്നത് സംബന്ധിച്ച് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കാമെന്ന് കൗൺസിലിൽ തീരുമാനിച്ചു.

27 അജണ്ടകളുമായി ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീയിൽ അടിമുടി അഴിമതിയെന്ന് പ്രതിപക്ഷം

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീയിൽ അടിമുടി അഴിമതി എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്.

ഗ്രാമീണ മേഖലയിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന ലഖ്‍പതി – ദീദി സർവേ നടത്തുന്നതിനായി നിയമിച്ചിട്ടുള്ള സി.ആർ.പി.മാരുടെ (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ) യൂസർ ഐഡിയും പാസ്‌വേഡും ദുരുപയോഗം ചെയ്ത് സർവ്വേക്കുള്ള പ്രതിഫലം തട്ടിയെടുക്കാൻ ശ്രമിക്കുന്നതായാണ് പരാതി.

മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീ സി. ഡി. എസിനെതിരെയാണ് സി.ആർ.പി.മാരുടെ പരാതി ഉയർന്നത്.

മൃഗസംരക്ഷണ വകുപ്പിലെ നിലവിലുള്ള ആർ.പി. (റിസോഴ്സ് പേഴ്സൺ) മാരെയാണ് മുരിയാട് പഞ്ചായത്തിൽ ലഖ്‍പതി -ദീദി സർവ്വേ നടത്തുന്നതിനായി നിയമിച്ചിട്ടുള്ളത്. സർവ്വേയുടെ ചുമതലയുള്ള കുടുംബശ്രീ മിഷൻ സർവ്വേ നടത്തുന്നതിന് ആർ പി മാരുടെ പേരിൽ യൂസർ ഐ ഡിയും പാസ്‌വേഡും നിർമ്മിക്കുകയും സർവ്വേ നടത്താൻ നിർദേശം നൽകുകയും ചെയ്തു.

എന്നാൽ സർവ്വേ നടത്തുന്നത് പിന്നീട് മതിയെന്ന് നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ആർ.പി.മാർ സർവ്വേ ആരംഭിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം സർവ്വേ നടത്തിയതിന്റെ പ്രതിഫലത്തുക ഡിപ്പാർട്ട്മെന്റിനോടാവശ്യപ്പെടാനും ഈ തുക കുടുംബശ്രീ സി.ഡി.എസ്‌. മെമ്പർമാർക്ക് കൈമാറാനും സി.ഡി.എസ്‌. ചെയർപേഴ്സനും ബ്ലോക്ക് കോർഡിനേറ്ററും ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ തങ്ങൾ ഈ സർവ്വേ നടത്തിയിട്ടില്ലെന്ന് അറിയിച്ചപ്പോൾ തങ്ങളുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കുടുംബശ്രീക്കാർ സർവ്വേ നടത്തിയെന്നും ആയതിനാൽ പണം അവർക്ക് കൈമാറണമെന്നുമുള്ള നിർദേശമാണ് ലഭിച്ചതെന്ന് പഞ്ചായത്ത് മെമ്പർ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീ സി. ഡി. എസിൽ വ്യാപകമായ തോതിൽ അഴിമതി നടമാടുകയാണെന്നും, പല പ്രവർത്തികളും ചെയർപേഴ്സൺ തന്റെ ഇഷ്ടക്കാർക്കു മാത്രമാണ് നൽകുന്നതെന്നും, ബാലസഭ നടത്തിപ്പിലും വൻ തട്ടിപ്പാണ് നടക്കുന്നതെന്നും, ഇതിൽ സ്വജനപക്ഷപാതവും അഴിമതിയുമാണ് നടക്കുന്നതെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് പറഞ്ഞു.

ഇത് സംബന്ധിച്ച് കഴിഞ്ഞ കമ്മിറ്റിയിൽ കോൺഗ്രസ് അംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾ ആരംഭിക്കുമെന്നും കോൺഗ്രസ് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ. വൃന്ദകുമാരി, ജിനി സതീശൻ, നിത അർജ്ജുനൻ എന്നിവർ പറഞ്ഞു.

ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് : മതസൗഹാർദ്ദ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ടൗൺ അമ്പ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മതസൗഹാർദ സമ്മേളനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.

അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരൻ അധ്യക്ഷത വഹിച്ചു.

ഇമാം ഷാനവാസ് അൽ ഖാസിം, ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വാർഡ് കൗൺസിലർ ഫെനി എബിൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, സെക്രട്ടറി ബെന്നി വിൻസെന്റ്, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ, പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ അഡ്വ. ഹോബി ജോളി, ദീപാലങ്കാര കൺവീനർ ഡയസ് ജോസഫ്, ജോയിൻ്റ് കൺവീനർമാരായ ഡേവിസ് ചക്കാലക്കൽ, ജോബി അക്കരക്കാരൻ, ജോജോ പള്ളൻ, റപ്പായി മാടാനി, പോളി കോട്ടോളി, ബെന്നി ചക്കാലക്കൽ, ബെന്നി കോട്ടോളി, അലിബായ്, സാബു കൂനൻ, ജോയ് ചെറയാലത്ത്, ജോജോ കൂനൻ എന്നിവർ പ്രസംഗിച്ചു.

ജീവകാരുണ്യ ആരോഗ്യ മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ ആസ്പദമാക്കി ഡോ. ജോസ് തൊഴുത്തുംപറമ്പിലിനെ ആദരിച്ചു.

കേരളത്തിലെ അരി വ്യാപാര രംഗത്തെ പ്രമുഖൻ പവിഴം ജോർജിനെയും ചന്തയിലെ സീനിയർ വ്യാപാരിയായ തെക്കേത്തല റപ്പായിയേയും ആദരിച്ചു.

ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാബു ഹംസയ്ക്ക് ക്യാഷ് അവാർഡ് നൽകി.

ചടങ്ങിൽ വൈദ്യ ചികിത്സ ധനസഹായ വിതരണവും നടന്നു. തുടർന്ന് തിരുവനന്തപുരം ഡിജിറ്റൽ വോയ്സിന്റെ ഓർക്കസ്ട്ര ഗാനമേള അരങ്ങേറി.

കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം വെളിച്ചപ്പാട് കൊടിക്കൂറ ചാർത്തി.

ട്രസ്റ്റി ചിറ്റൂർ മനയ്ക്കൽ ഹരി നമ്പൂതിരി, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് അഖിൽ ചേനങ്ങത്ത്, സെക്രട്ടറി സുബ്രഹ്മണ്യൻ കൈതവളപ്പിൽ, ട്രഷറർ അഡ്വ. പത്മിനി സുധീഷ്, വൈസ് പ്രസിഡന്റ് ടി.സി. ഉദയൻ, ജോ. സെക്രട്ടറി ദേവദാസ്, കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരം : അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ക്ലബ് ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട : കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്.എ.ഐ.) ആഭിമുഖ്യത്തില്‍ 15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നടത്തിയ മത്സരത്തിൽ അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ക്ലബ് ചാമ്പ്യന്മാരായി.

തോമസ് കാട്ടൂക്കാരനാണ് പരിശീലകൻ.

നിര്യാതനായി

പൊറിഞ്ചു

ഇരിങ്ങാലക്കുട : തുമ്പൂർ കുതിരത്തടം കാച്ചപ്പിള്ളി അന്തോണി മകൻ പൊറിഞ്ചു നിര്യാതനായി.

സംസ്കാരകർമ്മം നാളെ (ശനിയാഴ്ച) രാവിലെ 9. 30ന് കുതിരത്തടം സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : പരേതയായ മേരി

മക്കൾ : ജോണി (തുമ്പൂർ ബാങ്ക് മുൻ പ്രസിഡന്റ്), റോസിലി, ഡേവിസ്, ജാൻസി, ആൻസി, ഷിജി

മരുമക്കൾ : ഓമന ചിറയത്ത്, ജോസ് കുറുവീട്ടിൽ, ഷൈനി മാളിയേക്കൽ, പോൾ കോക്കാട്ട്, ജോയ് കരിമാലിക്കൽ, ജോയ് നെല്ലിശ്ശേരി

കെ.എ.തോമസ് മാസ്റ്റർ അനുസ്മരണവും പുരസ്കാര സമർപ്പണവും മാർച്ച് 2ന്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും യുക്തിവാദിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന
കെ.എ.തോമസ് മാസ്റ്ററുടെ പതിനാലാം ചരമവാർഷിക ദിനമായ മാർച്ച് 2 ഞായർ 2.30ന് മാള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാര സമർപ്പണവും അദ്ദേഹം നിർവ്വഹിക്കും.

ഡബ്ലിയു സി സി ക്കു വേണ്ടി ദീദി ദാമോദരൻ, ജോളി ചിറയത്ത്, ആശ ജോസഫ് ഉൾപ്പെടെയുള്ളവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങും.

പി.എൻ.ഗോപീകൃഷ്ണൻ ജൂറി റിപ്പോർട്ട് അവതരിപ്പിക്കും.

അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ അധ്യക്ഷനാകും.

‘ഇന്ത്യൻ ഭരണഘടനയും സനാതന ധർമ്മവും’ എന്ന വിഷയത്തിൽ ഡോ.ടി.എസ്.ശ്യാംകുമാർ സ്മാരക പ്രഭാഷണം നടത്തും.

ശ്യാംകുമാറിനെ ഗോപീകൃഷ്ണൻ
ആദരിക്കും.

ഫൗണ്ടേഷൻ അംഗത്വ സർട്ടിഫിക്കറ്റുകൾ ജില്ലാ പഞ്ചായത്തംഗം പി.കെ.ഡേവീസ് മാസ്റ്റർ വിതരണം ചെയ്യും.

എടത്താട്ടിൽ മാധവൻ മാസ്റ്റർക്ക് മരണാനന്തര ആദരം നൽകും.

മരണാനന്തര ശരീര, അവയവദാന സമ്മതപത്രങ്ങൾ വേദിയിൽ ഏറ്റുവാങ്ങും.

ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രതിനിധികളും അനുസ്മരണം നടത്തും.

നിര്യാതയായി

ഫിലോമിന

ഇരിങ്ങാലക്കുട : വെളയനാട് കാനംകുടം പരേതനായ അന്തോണി ഭാര്യ ഫിലോമിന (89) നിര്യാതയായി.

സംസ്കാരം വെള്ളിയാഴ്ച (ഫെബ്രുവരി 28) വൈകീട്ട് 4 മണിക്ക് വെളയനാട് സെൻ്റ്. മേരീസ് ദേവാലയ സെമിത്തേരിയിൽ.

മക്കൾ : പരേതയായ എൽസി, മേരി, വർഗ്ഗീസ്, ലൂസി, ഫാ. ജോസഫ് (ജർമനി)

മരുമക്കൾ : പരേതനായ അന്തോണി, ജോർജ്ജ്, ജെഗ്ഗി, ആൻ്റണി

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം : സർക്കാർ ഉത്തരവ് കത്തിച്ച് മുരിയാട് മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആശാവർക്കർമാർക്കെതിരെയുള്ള സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.

മുരിയാട് പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സമരം മഹിളാ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറി എം.എൻ. രമേശ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, പഞ്ചായത്തംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജുനൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, സി.പി. ലോറൻസ്, സി.വി. ജോസ്, അനീഷ് കൊളത്തപ്പള്ളി, ഗോപിനാഥ് കളത്തിൽ, എൻ.പി. പോൾ, മുരളി തറയിൽ, പി.സി. ആൻ്റണി, കെ.പി. സദാനന്ദൻ, ഷാരി വീനസ്, സതി പ്രസന്നൻ, അഞ്ജു സുധീർ, ഗ്രേസി പോൾ, ജിനിത പ്രശാന്ത്, സംഗീത, ബാലചന്ദ്രൻ വടക്കൂട്ട്, ആശാവർക്കർ റെജി ആൻ്റു എന്നിവർ നേതൃത്വം നൽകി.