വാര്യർ സമാജം സംസ്ഥാന സമ്മേളനം : ലോഗോ ക്ഷണിച്ചു

ഇരിങ്ങാലക്കുട : മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന 47-ാമത് സമസ്ത കേരള വാര്യർ സമാജം സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നു.

താല്പര്യമുള്ളവർ ലോഗോ തയ്യാറാക്കി മാർച്ച് 21ന് മുമ്പ് സമാജം സംസ്ഥാന സെക്രട്ടറിയും കോർഡിനേറ്ററുമായ എ.സി. സുരേഷിന് 9447442398 എന്ന നമ്പറിൽ അയക്കണമെന്ന് ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ അറിയിച്ചു.

മദ്യ – മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതിൽ ഇടതുപക്ഷ സർക്കാർ പരാജയം : പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : സമൂഹത്തെ, പ്രത്യേകിച്ച് വിദ്യാർഥികളെയും യുവാക്കളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന മദ്യ – മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതിൽ സമ്പൂർണമായി പരാജയപ്പെട്ട ഇടതുപക്ഷ ദുർഭരണത്തിനെതിരെ പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി പോസ്റ്റോഫീസ് സെൻ്ററിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സതീഷ് വിമലൻ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാറ്റോ കുരിയൻ മുഖ്യാതിഥിയായി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ഐ. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം സെക്രട്ടറി കെ.ആർ. ഔസേപ്പ് സ്വാഗതം പറഞ്ഞു.

കെ.ആർ. പ്രഭാകരൻ, സി.എം. ഉണ്ണികൃഷ്ണൻ, സുനന്ദ ഉണ്ണികൃഷ്ണൻ, ഹാജിറ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.

ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ.കെ. ഷൗക്കത്തലി, ഒ.എൻ. ഹരിദാസ്, വി.കെ. നൗഷാദ്, കെ.ഐ. റഷീദ്, ബാബു അറക്കൽ, എം.സി. നീലാംബരൻ, ഇ.എൻ. ശ്രീനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

“ലഹരിക്കെതിരെ ഒരു ഗോൾ” ക്യാമ്പയിനുമായ കത്തോലിക്ക കോൺഗ്രസ്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ലഹരിക്കെതിരെ ഒരു ഗോൾ” ക്യാമ്പയിൻ ഗോളടിച്ച് കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വിപത്തായ കഞ്ചാവ്, രാസലഹരികൾ, സിന്തറ്റിക് ലഹരികൾ എന്നിവയുടെ ഉപയോഗം മൂലം തകരുന്ന കുടുബ ജീവിതവും, നാട്ടിലുണ്ടാകുന്ന അക്രമസംഭവങ്ങൾക്കും എതിരെ പൊതുസമൂഹം ഉണരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കത്തീഡ്രൽ എ.കെ.സി.സി. പ്രസിഡന്റ് രഞ്ജി അക്കരക്കാരൻ അധ്യക്ഷത വഹിച്ചു.

വിമുക്തി റിസോഴ്സ് പേഴ്സൺ എക്സൈസ് സിവിൽ ഓഫീസർ പി.എം. ജാദിർ ക്ലാസ് നയിച്ചു.

ട്രസ്റ്റി സി.എം. പോൾ, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ, വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, ജോ. സെക്രട്ടറി പി.പി. എബ്രഹാം, മാർ. ജെയിംസ് പഴയാറ്റിൽ സ്മാരക ഫുട്ബോൾ ടൂർണമെന്റ് കമ്മറ്റി ചെയർമാൻ പി.ടി. ജോർജ്ജ്, ജനറൽ കൺവീനർ ഷാജു കണ്ടംകുളത്തി, ജോ. കൺവീനർമാരായ വർഗീസ് ജോൺ, ജോബി അക്കരക്കാരൻ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ ഡേവിസ് ചക്കാലക്കൽ, ഫൈനാൻസ് കൺവീനർ സാബു കൂനൻ, പി.ആർ.ഒ. റെയ്സൺ കോലങ്കണ്ണി എന്നിവർ പ്രസംഗിച്ചു.

കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ ചെല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.

നിര്യാതനായി

മാത്യൂസ് (മാത്തൻ)

ഇരിങ്ങാലക്കുട : ചിറയത്ത് കള്ളാപറമ്പിൽ അന്തോണി മകൻ മാത്യൂസ് (മാത്തൻ – 56) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച (മാർച്ച് 17) രാവിലെ 9 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയ സെമിത്തേരിയിൽ.

ഭാര്യ : ജിനി മാത്യൂസ് (മുൻ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ)

മക്കൾ : ജെനിറ്റ, ജെസ്ബിൻ

മരുമകൻ : എബി

കെവിൻ രാജ് അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ച ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും കെ.എഫ്.എസ്.എ. ഇരിങ്ങാലക്കുട യൂണിറ്റ് ട്രഷററും ആയിരുന്ന കെ. ബി. കെവിൻ രാജിൻ്റെ അനുസ്മരണം നടത്തി.

അനുസ്മരണയോഗം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

റീജിയണൽ ഫയർ ഓഫീസർ കെ.കെ. ഷിജു, ജില്ലാ ഫയർ ഓഫീസർ എം.എസ്. സുവി, വാർഡ് കൗൺസിലർമാരായ സതി സുബ്രഹ്മണ്യൻ, ജെയ്സൺ പാറേക്കാടൻ, കെ.എഫ്.എസ്.എ. മേഖലാ സെക്രട്ടറി എൻ. ഷജി, മേഖലാ വൈസ് പ്രസിഡൻ്റ് പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് എം. ഉണ്ണികൃഷ്ണൻ, യൂണിറ്റ് കൺവീനർ കെ.വി. കൃഷ്ണരാജ്, കെ.സി. സജീവ് എന്നിവർ പ്രസംഗിച്ചു.

രോഗികൾക്ക് എം എസ് എസ്സിൻ്റെ സൗജന്യ മരുന്നു വിതരണം

ഇരിങ്ങാലക്കുട : സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം ആരംഭിച്ച് മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ് എസ്.) കൊടുങ്ങല്ലൂർ ടൗൺ കമ്മിറ്റി.

എം.എസ്.എസ്. സംസ്ഥാന ഉപാധ്യക്ഷൻ ടി.എസ്. നിസാമുദ്ദീൻ ഹാജി വിതരണോദ്ഘാടനം നിർവഹിച്ചു.

ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളും സേവന പ്രസ്ഥാനങ്ങളും പരസ്പര ധാരണയിൽ എത്തിയാലേ അവ ശാസ്ത്രീയമാവുകയുള്ളൂ എന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഒരേ പ്രദേശത്ത് വിവിധ സംഘടനകൾ ഒരേസമയം ഒരേ സേവനം നടത്തുന്നത് പലപ്പോഴും ആവശ്യങ്ങളുടെ ലഭ്യത മിച്ചമാകുവാനും അവ ലഭ്യമാവേണ്ട പലയിടങ്ങളിലും ലഭ്യമാകാതിരിക്കാനും ഇടവരുത്തുന്നുണ്ട്. ഈ അപാകതകൾ പരിഹരിക്കുവാൻ സേവനവും സാന്ത്വനവും നൽകുന്ന സന്നദ്ധ സംഘടനകളും സേവന പ്രസ്ഥാനങ്ങളും പരസ്പര ധാരണയിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എ. സീതി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മഹല്ല് അസിസ്റ്റന്റ് ഖത്തീബ് ഫാസിൽ അൻവരി പ്രാർത്ഥനാ നേതൃത്വവും ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്.എ. ബഷീർ മുഖ്യപ്രഭാഷണവും നടത്തി.

ജില്ല ജനറൽ സെക്രട്ടറി എം.പി. ബഷീർ, മുൻ സംസ്ഥാന പ്രസിഡന്റ് ഹാജി അഹമ്മദ് കുട്ടി, പുല്ലൂറ്റ് മഞ്ഞനാ മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എം. അബ്ദുൽ ജബ്ബാർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പി.കെ. ജസീൽ, വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ജുമൈല ജസീൽ, മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) കൊടുങ്ങല്ലൂർ താലൂക്ക് ജനറൽ സെക്രട്ടറി ഇ. മുഹമ്മദ് ഉസ്മാൻ (എറമംഗലത്ത്), വനിതാ വിംഗ് ജില്ല ട്രഷറർ ബീന കാട്ടകത്ത്, മുൻ മഹല്ല് ജനറൽ സെക്രട്ടറി അഷറഫ് പാറയിൽ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുല്ലൂറ്റ് ശാഖ പ്രസിഡന്റ് എം.എം. സത്താർ, മഹല്ല് ജനറൽ സെക്രട്ടറി പി.എ. വാഹിദ്, പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും മുസ്ലിം ലീഗ് മുൻ മുൻസിപ്പൽ ജനറൽ സെക്രട്ടറിയുമായ എം.എ. ഇബ്രാഹിം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ലഹരിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല

ഇരിങ്ങാലക്കുട : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിന് എതിരെ ബിജെപി തുറവൻകാട് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ബൂത്ത്‌ പ്രസിഡന്റ്‌ രാഗേഷ് അധ്യക്ഷത വഹിച്ചു.

ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ.കെ. അനീഷ് ഉദ്ഘാടനം നിർവഹിച്ചു.

ബിജെപി ജില്ല സമിതി അംഗം അഖിലാഷ് വിശ്വനാഥൻ ആമുഖ പ്രഭാഷണം നടത്തി.

പിണറായി വിജയന്റെ ഗവണ്മെന്റ് ലഹരി തടയുന്നതിൽ പരാജയമാണെന്നും സ്കൂളുകളിലും കോളെജ് ക്യാമ്പസുകളിലും എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് ലഹരി ഉപയോഗം നടക്കുന്നതെന്നും എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഗുണ്ടായിസം അഴിച്ചു വിടുകയാണെന്നും ബിജെപി ആരോപിച്ചു.

എല്ലാ ഗ്രാമങ്ങളിലും ലഹരി ഉപയോഗം തടയാൻ മുന്നിൽ ഉണ്ടാവുമെന്നും ബിജെപി ആഹ്വാനം ചെയ്തു.

യുവമോർച്ച നേതാക്കളായ ജിനു ഗിരിജൻ, സിബി കൈമപറമ്പിൽ, സനൽ, വിനോദ്, വൈശാഖ്, ധനേഷ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട അന്താരാഷ്ട ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല വീഴും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 മുതൽ മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി സംഘടിപ്പിച്ച ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള നാളെ സമാപിക്കും.

നാളെ രാവിലെ 10 മണിക്ക് മാസ് മൂവീസിൽ ലിജിൻ ജോസ് സംവിധാനം ചെയ്ത “ഹെർ” പ്രദർശിപ്പിക്കും.

മേളയുടെ എട്ടാം ദിനമായ ഇന്ന് രാവിലെ പ്രദർശിപ്പിച്ച “സംഘർഷ ഘടന”യുടെ സംവിധായകൻ കൃഷാന്തിനെയും, അണിയറ പ്രവർത്തകരെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രനും, തുടർന്ന് പ്രദർശിപ്പിച്ച “അരിക്” എന്ന ചിത്രത്തിൻ്റെ സംവിധായകൻ വി.എസ്. സനോജിനെയും സാങ്കേതിക പ്രവർത്തകരെയും ചലച്ചിത്ര അക്കാദമി അംഗം സിബി കെ. തോമസും ആദരിച്ചു.

വൈകീട്ട് ഓർമ്മ ഹാളിൽ പാലസ്തീനിയൻ ഡോക്യുമെൻ്ററിയായ “അൺടോൾഡ് സ്റ്റോറീസ് ഫ്രം ഗാസ – ഫ്രം ഗ്രൗണ്ട് സീറോ”യും പ്രദർശിപ്പിച്ചു.

മന്നം സോഷ്യൽ സർവീസ് സൊസൈറ്റി വാർഷികം

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി വാർഷികം യൂണിയൻ ഓഫീസിൽ നടന്നു.

പ്രതിനിധി സഭാംഗം ആർ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

പ്രവർത്തന റിപ്പോർട്ടും വരവ് – ചെലവ് കണക്കും യൂണിയൻ സെക്രട്ടറി എസ്‌. കൃഷ്ണകുമാർ അവതരിപ്പിച്ചു.

ഇൻസ്പെക്ടർ ട്രെയിനി ബി. രതീഷ് ബജറ്റ് അവതരിപ്പിച്ചു.

സുനിൽ കെ. മേനോനെ പ്രോഗ്രാം കോർഡിനേറ്ററായി തെരഞ്ഞെടുത്തു.

താലൂക്ക് യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി.ആർ. അജിത്കുമാർ, എൻ. ഗോവിന്ദൻകുട്ടി, ബിന്ദു ജി. മേനോൻ, രവി കണ്ണൂർ, കെ. രാജഗോപാലൻ, നന്ദൻ പറമ്പത്ത്, എം.എസ്.എസ്. അംഗങ്ങളായ അമ്പിളി അജിത്കുമാർ, വിജി അപ്പു, അംബിക കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.

ഖജാൻജി സി. വിജയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്. ശ്രീവിദ്യ നന്ദിയും പറഞ്ഞു.

പൂമംഗലം പഞ്ചായത്തില്‍ ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും പൂമംഗലം പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിക്ക് പൂമംഗലം പഞ്ചായത്തില്‍ തുടക്കം കുറിച്ചു.

പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മത്സ്യക്കുഞ്ഞുങ്ങളെ പൊതു കുളത്തില്‍ നിക്ഷേപിച്ചും, കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തും ഉദ്ഘാടനം നിര്‍വഹിച്ചു.

പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം കെ.എന്‍. ജയരാജ് പ്രസംഗിച്ചു.